സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും
ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാനും നിര്‍ദ്ദേശം. ലഹരി വില്‍പ്പന ചെറുക്കാൻ സ്കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്താനും തീരുമാനം.
കെട്ടിടങ്ങള്‍, ശുചിമുറി എന്നിവയുടെ അറ്റകുറ്റ പണികളും അധ്യയന വർഷാരംഭത്തിന് മുമ്പ് നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം.
സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോർഡുകള്‍, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്ബികള്‍ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പൊതു വിദ്യാഭ്യാസ – തദ്ദേശ ഭരണ വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കി.
സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. ആദിവാസിമേഖലയില്‍ ഗോത്ര വിദ്യാർഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാൻ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടർമാർ ഉറപ്പാക്കണം. വിദ്യാർഥികള്‍ക്ക് വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം എന്നിവ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് നിർദേശിച്ചു.