കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്ത മാസം സര്‍വീസ് ആരംഭിക്കും
കേരളത്തിന്റെ മൂന്നാം വന്ദേഭാരത് അടുത്തമാസം സർവീസ് ആരംഭിക്കും. എറണാകുളം – ബെംഗളുരു റൂട്ടിലാകും കേരളത്തിന്റെ മൂന്നാം വന്ദേഭാരത് സർവീസ് നടത്തുക. തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റെയില്‍വെയുടെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ യാത്രക്കാർ എറണാകുളം – ബെംഗളുരു റൂട്ടിലാകും എന്ന വിലയിരുത്തലിലാണ് അധികൃതർ.
ദിവസവും രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി തിരികെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും പുതിയ വന്ദേഭാരതിന്റെ സമയ ക്രമീകരണം എന്നാണ് റിപ്പോർട്ട്. രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബെംഗളുരുവില്‍ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബെംഗളുരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം.
കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂർ, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്‌റ്റോപ്പുകളുണ്ടായിരിക്കുക. കോയമ്പത്തൂരിലും സ്റ്റോപ് ഉണ്ടാകും.