ഐപിഎൽ 2024; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കെകെആർ
ഐപിഎല്‍ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫീലേക്ക് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഔദ്യോഗികമായി രാജസ്ഥാനും കൊല്‍ക്കത്തയും പ്ലേഓഫില്‍ എത്തിയിട്ടില്ലെങ്കിലും 16 പോയിന്റ് എന്ന മാന്ത്രിക സംഖ്യ രണ്ട് ടീമുകള്‍ക്കും ആയിട്ടുണ്ട്. ലക്‌നൗവിനെ അവരുടെ ഹോംഗ്രൗണ്ടില്‍ 98 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സുനില്‍ നരെയ്ന്‍ ആണ് കെകെആറിന്റെ വിജയശില്‍പ്പി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയിന്‍ 81(39), ഫിലിപ്പ് സാള്‍ട്ട് 32(14) എന്നിവര്‍ നല്‍കിയത്. അന്‍ക്രിഷ് രഘുവംശി 32(26), രമണ്‍ദീപ് സിംഗിന്റെ 25*(6) എന്നിവരുടെ പ്രകടനവും ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ലക്‌നൗവിന് വേണ്ടി ഫാസ്റ്റ് ബൗളര്‍ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.