കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സമീപത്തെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കുഞ്ഞിനെ വലിച്ചെറിയാന്‍ ഉപയോഗിച്ച കൊറിയര്‍ കവറിലെ മേല്‍വിലാസം സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് ആള്‍ത്താമസമില്ലാത്ത ഫ്‌ലാറ്റില്‍ നിന്നാണെന്ന നിഗമനത്തിലാണ് പോലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. രണ്ട് ഫ്‌ലാറ്റുകളില്‍ താമസക്കാരില്ല.