ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി പുതുവൈപ്പിനില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇരുവരുടേയും നില ഗുരുതരമാണ്.
മിലന്‍, ആല്‍വിന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരിച്ച അഭിഷേകും കൂട്ടുകാരുമടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങിയവരെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.
ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമല്‍ അപകടനില തരണം ചെയ്തു. പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.