ഐപിഎൽ 2024; കൊൽക്കത്ത ചാമ്പ്യൻമാർ, നേടിയത് മൂന്നാം കിരീടം

ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കിയത്. 9.3 ഓവറുകൾ ശേഷിക്കവെയായിരുന്നു കൊൽക്കത്തയുടെ അവിസ്മരണീയ വിജയം. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്.
ഇതിന് മുമ്പ് 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. ഈ സീസണിലൂടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ കിരീട നേട്ടം. ഫൈനൽ മത്സരത്തിൽ കൊൽക്കത്തയ്ക്കായി ബോളിങ്ങിൽ റസലും ബാറ്റിംഗിൽ വെങ്കിടേഷ് അയ്യരും തിളങ്ങുകയുണ്ടായി.
ആവേശ മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ദുരന്ത തുടക്കമാണ് ഹൈദരാബാദിന് മത്സരത്തിൽ ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന അഭിഷേക് ശർമയും(2) ഹെഡും(0) ത്രിപാതിയും(9) തുടക്കത്തിൽ തന്നെ കൂടാരം കയറി.
മികച്ച ബൗളിങ് പ്രകടനവുമായി ഹൈദരാബാദിനെ 113 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്‍റെ ആത്മവിശ്വാസം കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ പ്രകടമായിരുന്നു. ആദ്യം മുതല്‍ തന്നെ അക്രമിച്ചു കളിക്കാനായിരുന്നു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ ഗെയിം പ്ലാന്‍. രണ്ടാം ഓവറില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ സുനില്‍ നരെയ്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 4 ഫോറുകളും 3സിക്സറുകളുമായി 52 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
സീസണിലുടനീളം തകര്‍ത്തടിച്ച ട്രാവിസ് ഹെഡ് – അഭിഷേക് ശർമ സഖ്യം കൂടാരം കയറിയതുമുതല്‍ ചീട്ടുകൊട്ടാരം പോലെ ഹൈദരാബാദ് തകര്‍ന്നടിഞ്ഞു. മൈതാനത്തേക്കെത്തിയ ഹൈദരാബാദ് ബാറ്റര്‍മാരെ അരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഒടുവില്‍ 18.3 ഓവറില്‍ 113 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിച്ചു. ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ സ്കോര്‍ എന്ന നാണക്കേടിന്‍റെ റെക്കോഡുമായാണ് ഹൈദരാബാദ് തിരിച്ചുപോകുന്നത്.