ഐപിഎൽ 2024; മുംബെെ ഇന്ത്യൻസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്
വാംഖഡെയിലെ മണ്ണിൽ 12 വർഷങ്ങൾക്കു ശേഷം മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 2012-ലാണ് ഇതിനു മുമ്പ് കൊൽക്കത്ത, വാംഖഡെയിൽ മുംബൈയെ പരാജയപ്പെടുത്തിയത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞിട്ടാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ബർത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.
19-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ പിഴുത മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്. 33 റൺസ് വഴങ്ങിയ സ്റ്റാർക്ക് നാലു വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രേ റസ്സലും രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾഔട്ടായിരുന്നു.
52 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 70 റൺസെടുത്ത വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. വെങ്കടേഷിന് ഉറച്ച പിന്തുണ നൽകിയ മനീഷ് പാണ്ഡെ 31 പന്തുകൾ നേരിട്ട് 42 റൺസെടുത്തു. രണ്ടു വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്.
പവർപ്ലേയിൽ മൂന്നു വിക്കറ്റുമായി നുവാൻ തുഷാര ആഞ്ഞടിച്ചതോടെ 6.1 ഓവറിൽ അഞ്ചിന് 57 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ഫിലിപ്പ് സാൾട്ട് (5), ആംക്രിഷ് രഘുവൻശി (8), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (6) എന്നിവർ തുഷാരയ്ക്ക് മുന്നിൽ വീണപ്പോൾ സുനിൽ നരെയ്നെ (8) ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങിനെ (9) പിയുഷ് ചൗളയും പുറത്താക്കി.
ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയ ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂർണമെന്റിൽ 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് തിരികെപ്പിടിക്കാനും താരത്തിനായി. നുവാൻ തുഷാരയും മൂന്ന് വിക്കറ്റെടുത്തു. ഹാർദിക് രണ്ടു വിക്കറ്റ് നേടി.