കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. നെലമംഗലയ്ക്ക് സമീപം ദേശീയ പാതയിലെ മേൽപ്പാലത്തിലെ ഡിവൈഡറിൽ നിയന്ത്രണം വിറ്റ ബസിടിക്കുകയായിരുന്നു.
കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ പരുക്കേറ്റ ആറു പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാർക്ക് നിസാര പരുക്കേറ്റു. സോംവാർപേട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മദനായകനഹള്ളിയിലെ ഫ്‌ളൈഓവറിൻ്റെ റാംപിലൂടെ മുകളിലേക്ക് നീങ്ങുന്നതിനിടെ മീഡിയനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് അൽപനേരം മേൽപ്പാലത്തിൽ തൂങ്ങിക്കിടന്നു.
പോലീസും വഴിയാത്രക്കാരും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കുകയും പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്നോ എന്നറിയാൻ ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടകാരണം കണ്ടെത്താൻ കെഎസ്ആർടിസി സാങ്കേതിക സംഘം ബസ് പരിശോധിച്ചുവരികയാണ്.