മെസ്കോം ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് നാല് മരണം
ബെംഗളൂരു: മുടിഗെരെയിൽ വൈദ്യുതി വിതരണ കമ്പനിയായ മെസ്കോമിന്റെ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബനക്കലിന് സമീപമാണ് അപകടമുണ്ടായത്. ചന്നപട്ടണ സ്വദേശികളായ ഹമ്പയ്യ (65), മഞ്ചയ്യ (60), പ്രേമ (58), പ്രഭാകർ (45) എന്നിവരാണ് മരിച്ചത്.
ധർമസ്ഥലയിലേക്ക് പോയ കുടുംബം ഒമ്‌നി വാനിലും ആൾട്ടോ കാറിലുമായി ചിത്രദുർഗയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. എതിർദിശയിൽ നിന്ന് വന്ന നിയന്ത്രണം ലോറി ഒമ്നി വാനിനെ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒമ്നി വനിലേക്ക് പുറകിൽ നിന്ന് വന്ന ആൾട്ടോ കാറും ഇടിച്ചു. ഓമ്‌നിയിൽ ഉണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഒമ്‌നി കാർ പൂർണമായും തകർന്നു. സംഭവത്തിൽ ബനക്കൽ പോലീസ് കേസെടുത്തു.