സംഗീത സംവിധായകൻ ജി.വി പ്രകാശും സൈന്ധവിയും വേർപിരിയുന്നു
തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കുട്ടിക്കാലം മുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ൽ വിവാഹിതരായി. 2020-ൽ ഇരുവർക്കും കുഞ്ഞ് പിറന്നു. അൻവി എന്നാണ് മകളുടെ പേര്. എ.ആർ. റഹ്മാന്റെ സഹോദരി എ.ആർ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്.
ജെന്റിൽമാൻ എന്ന ചിത്രത്തിൽ എ.ആർ റഹ്മാൻ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിർമാതാവായും തിളങ്ങി. കർണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതൽ കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്.