ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്
ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. കർണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ അടക്കേണ്ടത്.
സംസ്ഥാനത്തുടനീളമുള്ളവർക്ക് പിഴ അടക്കാൻ പുതിയ സംവിധാനം വഴി സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം പോലീസ് സ്റ്റേഷനുകളിലെ അസൗകര്യങ്ങളും സന്ദർശനങ്ങളും കുറയ്ക്കാൻ ലക്ഷ്യമിടുന്നത് കൂടിയാണ്. നേരത്തെ ബെംഗളൂരുവിൽ മാത്രമായി പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയിച്ചതോടെയാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നതെന്ന് അലോക് കുമാർ വിശദീകരിച്ചു.
മാർച്ച് അവസാനത്തോടെ ഗതാഗത നിയമലംഘനങ്ങൾക്ക് 1,700 കോടി രൂപ സമാഹരിച്ചു. നിലവിൽ 1000 രൂപയാണ് ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് മാത്രം 1,425 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.