പ്രജ്വൽ രേവണ്ണയ്ക്ക് നയതന്ത്ര പാസ്പോർട്ടിൽ യാത്രാനുമതി നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്ന ഹാസൻ എംപി പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്കുള്ള യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എംപിയുടെ ജർമ്മനി യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് രാഷ്ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്തിട്ടില്ല. വിസ നോട്ടും നൽകിയിട്ടില്ല. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ ആവശ്യമില്ല. മറ്റൊരു രാജ്യത്തേക്കുള്ള വിസ നോട്ടും മന്ത്രാലയം നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ ഏപ്രിൽ 26ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കിടയിലാണ് പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത്.
അതേസമയം കേസിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകൾ മോർഫ് ചെയ്തതാണെന്നും തൻ്റെ പോളിംഗ് ഏജൻ്റ് വഴി പരാതി നൽകിയെന്നും പ്രജ്വൽ രേവണ്ണ പറഞ്ഞു.