ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു
ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ് 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ 48 ആടുകൾ ചത്തതായി പോലീസ് പറഞ്ഞു. തിരുമലഷെട്ടി ഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബെംഗളൂരു റൂറൽ ജില്ലാ ഭരണകൂടം രത്‌നമ്മയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തുകയിൽ നാല് ലക്ഷം രൂപ നാളെ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.