ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.

Post ad banner after image

 

 

അധ്യായം ഇരുപത്
🔸🔸🔸

ഗോപൻ ടൗണിൽ നിന്നും തിരിച്ചു പോന്നപ്പോൾ ,വീണ്ടും ഇല്ലം വഴി വന്നു. പുറത്ത് ആരേയും കണ്ടില്ല. മുൻ വശത്തെ വരാന്തയിൽ കത്തി നില്ക്കുന്ന നിലവിളക്കിന്റെ തിരി പോലും ചൈതന്യമറ്റ് വിളറിയിരുന്നു. അനാഥമായി കത്തിനിന്ന വിളക്കിനു ചുറ്റും വിലങ്ങനേയും പറന്ന്..,ഇടയ്ക്കിടെ ചിറക് കുറേശെയായി കരിയുന്ന ഒരു പ്രാണി. !
തുളസിത്തറയിലെ വിളക്കിൽ എണ്ണയില്ലാതെ കരിഞ്ഞു പുകയുന്ന ഒരു പടുതിരി.
ഒരിക്കൽ, തുളസി ത്തറയിൽ വെക്കാൻ വിളക്കുമായി വന്ന മായയെ പിന്നിൽ നിന്നു അടക്കം പുണർന്ന വിഷ്ണുവേട്ടൻ പെട്ടന്ന് കടന്നു വന്ന തന്നെ ക്കണ്ടപ്പോൾ ചോദിച്ചു.
താനെവിടുന്നാടോ ഇപ്പോ,…? രസം കൊല്ലി.!
മായ നാണിച്ചു വിളറിയത് ഇന്നും ഓർക്കുന്നു.

വര // ബ്രിജി കെ.ടി

 

സർപ്പങ്ങളൊന്നും ശേഷിക്കാത്ത സർപ്പക്കാവിൽ മായയെ പേടിപ്പിക്കാൻ റബ്ബർ പാമ്പ് വാങ്ങിക്കൊടുത്ത ത് താനാണു്. പക്ഷെ അതു നേരത്തെ കണ്ടെത്തിയ  മായ, റബ്ബർ പാമ്പ് എടുത്ത് വിഷ്ണുവേട്ടന്റെ വഴിയിലിട്ടതും പേടിച്ച് നിലവിളിച്ച വിഷ്ണുവേട്ടനെ  കളിയാക്കി പൊട്ടിച്ചിരിച്ച മായയെ അടിക്കാനോടിച്ചതും ഒക്കെ ഇന്നലെ കഴിഞ്ഞതു പോലെ. അവരെ ക്കണ്ട് അസൂയ പ്പെട്ടിട്ടുണ്ട് . !
ആ നല്ല  ഇന്നലെ കളൊക്കെ  ഏതോ കഴിഞ്ഞ കാലത്ത്  നടന്ന സംഭവങ്ങളാക്കി മാറ്റിയ ദുരന്തം …ഒരിക്കലും ആരും പ്രതീക്ഷിച്ചതല്ല.!
കുറേ കഴിഞ്ഞ്..,ഗോപൻ അകത്തേക്ക് എത്തി നോക്കി വെറുതെ വിളിച്ചു പറഞ്ഞു.
ഞാനിങ്ങട് …
എന്തെങ്കിലും  ആവശ്യമുണ്ടെങ്കിൽ…വിളിച്ചാൽ മതി.
ഇരുട്ട് മറുപടി പറഞ്ഞു.
കാലത്ത് വരണം.
🔴
എത്ര ദിവസം…ന്ന് ച്ചിട്ടാ അവടെ.., വീട് അടച്ചിട്വാ..ആളോള്  ചോദിക്കുമ്പോ..എന്താ പറയ്യാ…പെൻഷന്റെ കാര്യവും മറ്റും പോസ്റ്റ് ഓഫിസിൽ പറഞ്ഞു വെക്കുകയും വേണ്ടേ. ഒന്നു പോയിട്ട്.. വേഗം …,ങ് ടന്നെ വരാം.
ആരും മറുപടി പറയാതെ, മായയുടെ അഛന്റെ വാക്കുകൾ  ഇടനാഴിയിലെ കാറ്റിനൊപ്പം അലഞ്ഞു.
മായ, വെറുതെ പുഞ്ചിരിച്ചു കൊണ്ട് അവ്യക്തമായി എന്തോക്കെയോ പിറുപിറുത്തു.
എല്ലാവർക്കും ഈ ഉണ്ണിയോടാണു് അസൂയ.. ഏട്ത്തി ..പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഏട്ടനെ സൂക്ഷിക്കണം ന്ന്. പക്ഷെ ഏട്ത്തിക്ക് പറ്റീത് പോലെ എനിക്ക് പറ്റില്ല.
കുളത്തിൽ കിടന്നു പിടഞ്ഞു മരിച്ച ഏട്ത്തിയെ ഓർക്കുമ്പോഴാണെനിക്ക് സങ്കടം.
എന്തൊക്ക്യാ..കുട്ടീ..നീ ഇപ്പ റേണേ… ?
ഏട്ടനോ ടുള്ള പക കത്തി നിൽക്കുന്ന കണ്ണുകളുമായി മായ തുറിച്ചു നോക്കി.
എന്തേ…കുട്ടീ…! അമ്മ പരിഭ്രമിച്ചു.
ഈ ഗുളിക കഴിക്കൂ മോളേ….
മായ തിരിഞ്ഞു നിന്നു.
കുട്ടിക്ക് അമ്മയേ വിശ്വാസമില്ലേ…
ആരെന്തു കൊടുത്താലും ..,കഴിക്കാതെ  മായ  പട്ടിണി കിടന്നു.
എല്ലാവരും വിഷമാണ് കൊണ്ടു വരുന്നത്. ഏട്ടൻ കൊടുത്തയക്കുന്ന വിഷം. ഉണ്ണിയെ അപകടപ്പെടുത്താൻ.!
കുട്ടീ …വെറുതെ പിച്ചും പേയും പറയാതെ …അമ്മയ്ക്ക് പേട്യാവാണുണ്ട്.. ട്ട്വൊ.
മായ അമ്മയുടെ തോളിലേക്ക് ചാഞ്ഞു.
ഊണും ഉറക്കവും ഒന്നുമില്ലാതെ ക്ഷീണിച്ചവശയായ മായയെ കെട്ടിപ്പിടിച്ചപ്പോൾ അമ്മയുടെ മനസ്സ് അലമുറയിട്ടു.
എന്തു ശിക്ഷയാണാവോ…ഈശ്വരാ…അരുന്ധതീടെ പോലെ…ന്റെ കുട്ടീം.. മുഴുവൻ പറയാൻ കഴിയാതെ അന്തർജ്ജനം ഉറക്കെ കരഞ്ഞു പോയി.
മായ ഞെട്ടിയെഴുന്നേറ്റ് അമ്മയെ ഒരു അപരിചിതയെ പ്പോലെ നോക്കി.
നീ വെറുതെ അതുമിതും പറയണ്ട. വിഷ്ണു വരുമ്പോൾ എല്ലാം ശരിയാവും. അഛൻ മായയെ ചെർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
മായ ഒന്നും മിണ്ടിയില്ല.

വര // ബ്രിജി കെ.ടി

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം സാവധാനം കുറച്ചു വ്യത്യാസങ്ങൾ കാണാൻ തുടങ്ങി. ചിലപ്പോൾ തീർത്തും സാധാരണ പോലെ പെരുമാറും. എല്ലാവരേയും തിരിച്ചറിഞ്ഞു സംസാരിക്കും.
ഇപ്പൊ ..കുട്ടിക്ക് കുറച്ചു ആശ്വാസം ണ്ടല്ലോ…ഒറ്റ ദിവസത്തേക്ക് ഒന്നു പോയി വന്നാലോ. അവിടത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞേല്പ്പിച്ചിട്ട് വരാം..ന്താ..?
മായയുടെ അച്ഛൻ പറഞ്ഞപ്പോൾ ഏട്ടൻ തിരുമേനിയും സമ്മതിച്ചു.
മരുന്ന് മുടക്കരുത്. ചിറ്റയെ ഏല്പ്പിക്കാം.
മായയും തലകുലുക്കി.
പോകാൻ ഒരുങ്ങിയപ്പോൾ അമ്മ വെറുതെ പറഞ്ഞു.
ഇല്ലെങ്കിൽ കുറച്ചീസം..അമ്മാത്തയ്ക്ക് പോന്നൂടെ  ന്റെ കുട്ടീ ?
പെട്ടന്ന് മായയുടെ ഭാവം മാറി.
വേണ്ടാ….  വേണ്ടാ…ആയ്ക്കോട്ടെ.
യാത്രക്കൊരുങ്ങി…,വേഗം തിരിച്ചു വരാം എന്ന്, അന്തർജ്ജനത്തോട് പറയുമ്പോഴേക്കും നാലു കണ്ണുകളും നിറഞ്ഞൊഴുകി.
പൊക്കോളൂ…, ഞാൻ നോക്കാം. പിന്നെ സുഭദ്രയുമുണ്ടല്ലോ..രാത്രി ഞങ്ങളാരെങ്കിലും കിടന്നോളാം കൂടെ.
അച്ഛനും അമ്മയും യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പേ തന്നെ മായ കതകടച്ചു.
രാത്രി,.. വീണ്ടും അന്തർജ്ജനം  വന്നു വിളിച്ചു.
വേണ്ടമ്മേ…ഞാൻ ഒറ്റക്ക് കിടന്നോളാം..
ഇനീം കുട്ടി പേടിച്ചാലോ..?
ഇല്ല്യാ…സാരംല്യാ..
മായ പഴയ പടി ആവുന്നുണ്ട് എന്ന് അന്തർജ്ജനത്തിനു തോന്നി.
കുട്ടിക്ക് ആശ്വാസംണ്ട് … ദേവീ…കാത്തോളണേ.
എങ്കിലും ഉണ്ണൂലിയോട് വരാന്തയിൽ കിടക്കാൻ പറഞ്ഞു. പുറം പെരേല്‌ രണ്ട് വാല്യക്കാരും ഉണ്ടാവും. കുട്ടിക്ക് ഇനി…ഒരു പേടി തട്ടരുത്.

മായയുടെ അമ്മ വീട്ടിലെത്തിയ ഉടൻ കിടപ്പിലായി.നല്ല പനി. അനങ്ങാൻ കഴിയില്ലെങ്കിലും പാതി ജീവൻ ഇവിടെയാണ്.
എന്നും വായനശാലേലേയ്ക്ക് ഫോൺ വരും. ഗോപൻ ഒന്നത്രടം പോണ്ടി വരും എന്നും. പനി മാറിയ ഉടൻ അവർ എത്തും.
വല്യ തിരുമേനി ഓർമ്മപ്പെടുത്തി.
അല്ലെങ്കിലും,.. ഗോപൻ എപ്പോഴും ആ പരിസരത്ത് നിന്നും എങ്ങും പോയില്ല. സ്വന്തം കുടുംബം പോലെയാണ് ഇല്ലവും.
ഡോക്ടറെ കൊണ്ടുവരുന്നതും ഗോപനാണ്. മായയോട് എന്തൊക്കെ നുണ പറഞ്ഞിട്ടാണു ഡോക്ടറുടെ മുമ്പിൽ ഒന്ന്  ഇരുത്തുന്നതു തന്നെ.
തമ്പുരാട്ടി എത്ര ബുദ്ധിമുട്ടിയിട്ടാണ് മരുന്ന് കഴിപ്പിക്കുന്നത് ..ന്ന് നിശ്ചയം ല്യാ..
ചിറ്റ വന്നപ്പോൾ ഉണ്ണൂലി പറഞ്ഞു. തമ്പുരാട്ടി കൊടുത്താലേ കഴിക്കൂ..
എന്തു ചെയ്താലും ഉറങ്ങില്ല്യേയ്…കണ്ണു ..ദാ..ഇങ്ങനെ തൊറന്നങ്ങട് പിടിച്ചാൽ ..ചെലപ്പോ..ഒന്ന് ചിമ്മാനും കൂടി കൂട്ടാക്കില്യാ..
സുഭദ്ര ഇനി കുറച്ചീസം ഇവടെ ണ്ടാവണം..
അമ്മാത്ത് എന്താ വിശേഷം. ?
അന്തർജ്ജനത്തിനു പനി വിടിണില്ല്യാത്രെ…പാവം മനസ്സൊക്കെ ഇവട്യാ..!
പക്ഷെ എന്തുകൊണ്ടോ…മായ അമ്മയെ അന്വേഷിച്ചില്ല.
അധികം സംസാരിച്ചില്ലെങ്കിലും …മായ ഒരുവിധം ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങി.
ദേവീ …ന്റെ പ്രാർഥന കേട്ടു. അന്തർജ്ജനം ആശ്വസിച്ചു.
ഓടിക്കിതച്ചു വന്ന ഗോപന്റെ മുഖത്ത് സന്തോഷം.
വിഷ്ണുവേട്ടൻ പുറപ്പെട്ണൂ..കൃത്യദിവസം പറഞ്ഞിട്ടില്ല്യാ.
അന്തർജ്ജനം പെട്ടന്ന് കരഞ്ഞു പോയി. തിരുമേനിക്കും ആശ്വാസമായി. ഒരു ആത്മവിശ്വാസവും തോന്നി.
പക്ഷെ ഉണ്ണി…മായയെ കാണുമ്പോൾ… താങ്ങുമോ …ന്റെ കുട്ടീ?
എന്നിട്ടും, എല്ലാറ്റിനും മുകളിൽ …,മകനെ കാണാനുള്ള തിടുക്കം..പക്ഷെ ഒപ്പം കുറ്റ ബോധവും. ഏല്പ്പിച്ചിട്ട് പോയതല്ലേ ഉണ്ണി.
എങ്കിലും ഈ വേദനകൾ കുറച്ചൊന്നു ഇറക്കി വെക്കാൻ..
നല്ല വ്യത്യാസമുണ്ടെന്നു ഡോക്ടർ പറഞ്ഞല്ലോ.
എല്ലാം ഈശ്വരന്മാരുടെ കൃപ. അന്തർജ്ജനത്തിന്റെ കണ്ണൂകൾ നിറഞ്ഞു.
ദേവീടെ അമ്പലത്തിൽ വിളക്കും,പാട്ടും,…കഞ്ഞിവീഴ്ത്തും …ഒക്കെ നേർന്നിട്ടുണ്ടായിരുന്നു. അതു പോയി നടത്തി വന്നാലോ ന്നാ ആലോചിക്കണേ.
ഇപ്പൊ കുട്ടിക്ക് ആശ്വാസം കാണണൂണ്ട്.!
കാലത്തന്നെ പുറപ്പെട്ടാൽ സന്ധ്യാ വന്ദനത്തിനു നിന്നില്ലെങ്കിലും വിളക്ക് വെയ്ക്കുമ്പോഴേക്കും തിരിച്ചെത്താം.
സുഭദ്ര ..വടെ ..ണ്ടല്ലോ.
തമ്പുരാട്ടി ഒറ്റക്കോ ?ഞാനും വരാം തമ്പുരാട്ടി…
അയ്യോ…വേണ്ട ഉണ്ണൂല്യേ..നീയിവിടെ വേണം. ദേഹണ്ണക്കാരെ ശ്രദ്ധിക്കണ്ടേ. പിന്നെ മായ യെ ഒറ്റക്കാക്കണ്ട. അടുക്കളേല്‌ പ്രത്യേകിച്ചും.
തീ  കൊണ്ടാ കളി.!
കേറ്‌ ണ്‌ ണ്ടോ വല്ലതും തലേലിക്ക്.?
അതിനു അവള്‌ എപ്പോഴും അട് ത്ത് ണ്ടായതല്ലേ വിനയായത്. ! സുഭദ്ര ച്ചിറ്റ ദേഷ്യപ്പെട്ടു.
അശ്രീകരം. എന്തൊക്കെ നൊണക്കഥകളാ കുട്ടീടെ ചെവിയിലെത്തിച്ചത്.
എന്നാലും …,ആര്യേ പ്പറ്റി എന്തു കഥ്യാ ന്റെ ഉണ്ണൂല്യേ…പറഞ്ഞു പിടിപ്പിച്ചത്. കുട്ടി എപ്പഴും ആര്യേ നിരിക്കണ്‌ ണ്ടല്ലൊ. പനിച്ചിട്ട് പിച്ചും പേയും പറഞ്ഞതും ആര്യേ പറ്റി ത്തന്ന്യാ.!
ഉണ്ണൂലി ഞെട്ടിവിറച്ചു.
ഉണ്ണൂലി ഓർത്തു.
വല്യ തിരുമേനീടെ വേളിയെ പടിപ്പുരമാളികേല്‌പാർക്കുന്ന നമ്പൂതിരി വയറ്റിലുണ്ടാക്കീ..യെന്ന് പറഞ്ഞു തിരുമേനി വേളിയെ കൊളത്തില്‌ മുക്കി ക്കൊന്നതാണെന്നൊക്കെ അവരുമിവരും പറഞ്ഞു
കേട്ടതാണ്.
ആര്യ ത്തമ്പുരാട്ടിക്ക് എന്തോ ഒരു വിഭ്രാന്ത്യോ… കൊഴപ്പോ… മറ്റോ  ഇണ്ടാർന്നൂ എന്നു മാത്രേ അറിയൂ.!വെറുതേ ഇതെല്ലാം മായ ത്തമ്പുരാട്ട്യോട് പറയാൻ പോയി.
ഇനീപ്പോ…ചെറ്യ മ്പ്രാട്ടിക്ക് സുഖായാ…ഇതൊക്കെ ഉണ്ണൂല്യാ പറഞ്ഞേന്നെങ്ങാൻ അറിഞ്ഞാൽ കഥ കഴിഞ്ഞതു തന്നെ. ജീവിച്ചിരിക്കണ്ട പിന്നെ.
ഇന്നാലും പോട്ടെ…ചെറ്യ മ്പ്രാട്ടിക്ക് സുഖാവട്ടെ. സുഖാവുമ്പോ എല്ലാം മറക്കണേ…ന്റെ ഭഗവതീ.. ഒരു കതിനയും വിളക്കും…അട്യേനും കഴിച്ചോളാം.

വെളുക്കുന്നതിനു മുമ്പേ …പടിപ്പുരക്കൽ കാർ വന്നു നിന്നു.
പാവങ്ങൾക്ക് ..ദാനത്തിനുള്ള തുണികളും, അരിയും സാമാനങ്ങളും എല്ലാം എടുത്തു വെച്ചു. പൂജാ ദ്രവ്യങ്ങളും പട്ടും പണവും എല്ലാം.
അന്തർജ്ജനം പറഞ്ഞു.
ഞാനെറങ്ങാട്ടോ…യാത്രയില്ല.
വാരസ്യാരു കയറിക്കോളൂ.
ഉണ്ണൂല്യേ… പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ…
തിരുമേനീടെ ഉച്ചയൂണിന്റെ സമയം തെറ്റിക്കരുത് ട്ടോ.
ഡോർ തുറന്നു പിടിച്ച ഏട്ടൻ തിരുമേനി പറഞ്ഞു.
മതി അമ്മ കയറൂ.. ടൗൺ എത്തുമ്പോഴേക്കും നെരം വെളുക്കും.
അപ്പൂ …യാത്രയില്ല്യ.. നിനക്കിന്നു ബ്ളൊക്കാഫീസിൽ പോണ്ടതല്ലേ..
ഉണ്ണൂലീ…പറഞ്ഞ പോലെ എപ്പഴും ഒരു കണ്ണു വേണം…ട്ടോ…
മായക്കുട്ട്യെ ഉണർത്തണ്ട. തനിയെ ഉണരുമ്പോൾ …എണീറ്റാൽ മതി.
പക്ഷെ…,മായ ..എപ്പോഴേ ഉണർന്ന്, ജനലിൽ കൂടി എല്ലാം നോക്കി ക്കാണുന്നുണ്ടായിരുന്നു.!! 🔴


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!