ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം; കമ്പിവേലിയില്‍ കുടുങ്ങിയ പുലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പുലിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനുമിടയില്‍ രക്തം കട്ട പിടിക്കുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. മാത്രമല്ല കമ്പിയില്‍ തൂങ്ങിക്കിടന്നത് ആന്തരിക രക്തസ്രാവത്തിനിടയാക്കി.
കമ്പിവേലിയില്‍ വച്ച പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത് എന്ന് കണ്ടെത്തിയതിനാല്‍ സ്ഥലമുടമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തിരുന്നു. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയത്.
തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിന്റെ സംഘമെത്തി മയക്ക് വെടി വച്ചാണ് പുലിയെ കൂട്ടിലാക്കിയത്. ധോണിയില്‍ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. എന്നാല്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ പുലി ചത്ത് പോവുകയായിരുന്നു.