ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി കണ്ടെത്തി; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

തിരുവനന്തപുരം:
സംസ്ഥാനത്ത് നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രമക്കേട് കണ്ടെത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് റദ്ദ് ചെയ്തു.
വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ആസ്ഥാനത്തു വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിനെ തുടർന്നാണു നടപടി. വിദ്യാര്‍ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം കാസറഗോഡ് മുതലുള്ള വിദ്യാർഥികളെയും അധ്യാപകരെയും തിരുവനന്തപുരത്തേക്കു വരുത്തിയുള്ള തെളിവെടുപ്പിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജില്ലകളിലെ ആർഡിഡി ഓഫിസുകളിൽ ഹിയറിങ് നടത്താമെന്നിരിക്കെ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ നടപടിയാണിതെന്നാണു പരാതി.