വൈദ്യുതിമുടക്കം; ബെസ്‌കോമിലേക്ക് ഇനി വാട്സാപ്പിലൂടെ പരാതിനല്‍കാം

ബെംഗളൂരു : നഗരത്തില്‍ വേനല്‍മഴയെത്തുടര്‍ന്നുണ്ടാകുന്ന വൈദ്യുതതടസ്സം പതിവായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാന്‍ പുതിയ സംവിധാനം ഒരുക്കി ബെസ്‌കോം. പരാതികള്‍ ഇനി വാട്‌സാപ്പ് മുഖേന ബെസ്‌കോമിനെ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ അതത് പ്രദേശങ്ങളുടെ ചുമതലയുള്ള ജീവനക്കാരെത്തി പ്രശ്‌നം പരിഹരിക്കും.
8277884013 (ബെംഗളൂരു ഈസ്റ്റ്), 8277884012 (ബെംഗളൂരു വെസ്റ്റ്), 8277884014 (ബെംഗളൂരു നോര്‍ത്ത്), 8277884011 (ബെംഗളൂരു സൗത്ത്) എന്നിവയാണ് വാട്‌സാപ്പ് നമ്പറുകള്‍. ഇതിനൊപ്പം ബെസ്‌കോമിന്റെ വെബ്സൈറ്റില്‍ ലഭ്യമായ 12 നമ്പറുകളിലേക്ക് എസ്.എം.എസ്. ആയും പരാതികള്‍ അറിയിക്കാം. മരംവീണും ലൈന്‍ പൊട്ടിവീണും വൈദ്യുതതടസ്സമുണ്ടാകുമ്പോള്‍ ഇതിന്റെ ചിത്രങ്ങളും വാട്‌സാപ്പിലൂടെ അയയ്ക്കാം.
കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതതടസ്സമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് ബെസ്‌കോമിന്റെ വിവിധ ഓഫീസുകളില്‍ ലഭിച്ചത്. ഇത്തരം പരാതികളില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിഞ്ഞതായും ബെസ്‌കോം അധികൃതര്‍ അറിയിച്ചു.