ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ
ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണ. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തെ സമയമാണ് പ്രജ്വൽ ആവശ്യപ്പെട്ടിരിക്കുന്നത്.
താൻ രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്താൻ സമയം ആവശ്യമാണെന്നും പ്രജ്വൽ പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകൻ അരുൺ ജി. എസ്ഐടി മേധാവിക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിനു എസ്ഐടി സമൻസ് അയച്ച സാഹചര്യത്തിലാണിത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനായ എച്ച്.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. അതേസമയം തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. തെറ്റ് ചെയ്താൽ രാജ്യത്തെ നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു.