അഭ്യൂഹങ്ങൾക്ക് വിരാമം; രാഹുൽ റായ്ബറേലിയിൽ മത്സരിക്കും, അമേത്തിയിൽ കിശോരിലാൽ ശർമ
ലഖ്നോ: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ അമേത്തിയിലും സ്ഥാനാർത്ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടമായ മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്. വോട്ടെടുപ്പ് നടന്ന വയനാട്ടിലെ സിറ്റിങ് മണ്ഡലത്തിന് പുറമെയാണ് രാഹുൽ റായ്ബറേലിയിൽ സ്ഥാനാർഥിയാകുന്നത്.
‘केंद्रीय चुनाव समिति’ की बैठक में लोकसभा चुनाव, 2024 के लिए श्री @RahulGandhi को उत्तर प्रदेश के रायबरेली से और श्री किशोरी लाल शर्मा को अमेठी से कांग्रेस उम्मीदवार घोषित किया गया है। pic.twitter.com/AyFIxI62XH
— Congress (@INCIndia) May 3, 2024
അമേത്തിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേത്തിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദം കോൺഗ്രസിൽ ഉയർന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു.
ഇന്ന് വിലുപലമായ റോഡ് ഷോ നടത്തിയാകും രാഹുൽ പത്രിക സമർപ്പിക്കാനെത്തുക എന്നാണ് വിവരം. 1952 മുതൽ ഈ സീറ്റ് ഗാന്ധി കുടുംബത്തോടൊപ്പമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണ് റായ്ബറേലി. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയത്.