പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു.
പ്രജ്വലിനെ മകനെയും സഹോദരനെയും പോലെ കണ്ട പലരും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുകയും അവരുടെ ആത്മാഭിമാനം കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രജ്വൽ സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷയ്ക്ക് അര്‍ഹമാണെന്ന് രാഹുല്‍ കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ രാഹുല്‍ കത്തില്‍ അതിരൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായി പ്രജ്വലിനെ ഇന്ത്യ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്നും രാഹുല്‍, സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തില്‍ ആരോപിച്ചു. ഈ കുറ്റകൃത്യങ്ങളുടെ ഒരിക്കലും അംഗീകരിക്കാനാകാത്ത സ്വഭാവവും പ്രജ്വല്‍ രേവണ്ണ ഇപ്പോഴും രാജ്യത്തിനു പുറത്തുള്ളതും അങ്ങേയറ്റം അപലപനീയമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.