ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവിനും സമൻസ്
ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമന്‍സ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരിക്കുന്നത്.
ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസില്‍ സമൻസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്.
തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്‌റ്റേഷനില്‍ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടരുകയാണ്. അന്വേഷണ സംഘത്തലവന്‍ എഡിജിപി ബികെ സിംഗിന്റെ നേതൃത്വത്തില്‍ ആണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.