ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്
ബെംഗളൂരു: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. മെയ് ഒമ്പത് വരെ ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലെത്താൻ സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം (കെഎസ്എൻഡിഎംസി) മുന്നറിയിപ്പ് നൽകി.
മെയ് രണ്ടിന് മാണ്ഡ്യ (47.6), റായ്ച്ചൂർ (46.7), കലബുർഗി (46.1), യാദഗിർ (46) എന്നീ നാല് ജില്ലകൾ താപനില 46 ഡിഗ്രി കടന്നിരുന്നു. സമാന സ്ഥിതി വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയും വേനൽ ചൂടിനാണ് സംസ്ഥാനം സാക്ഷ്യം സഹിക്കുന്നത്.
അതേസമയം, കർണാടകയുടെ മറ്റ് ഭാഗങ്ങളായ കുടക്, ഉഡുപ്പി, ഹാസൻ, ശിവമോഗ, ചിക്കമഗളൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിൽ മെയ് 6 വരെ 33 മുതൽ 40 ഡിഗ്രി വരെ താപനില അനുഭവപ്പെടുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.