50 സിക്‌സര്‍, ആയിരം റണ്‍സ്; റെക്കോർഡ് നേട്ടവുമായി റിയാന്‍ പരാഗ്
ഐപിഎല്ലില്‍ ആയിരം റണ്‍സ് എന്ന നേട്ടം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലായിരുന്നു പരാഗിന്റെ നേട്ടം. 64 മത്സരങ്ങളിലെ 53 ഇന്നിങ്‌സുകളില്‍ നിന്നായാണ് പരാഗ് ആയിരം റണ്‍സ് നേടിയത്. ഇതോടെ ആയിരം റണ്‍സ് നേടുന്ന ഒന്‍പതാമത്തെ താരമായി പരാഗ്.
സണ്‍റൈസേഴ്‌സിനെതിരെ മത്സരത്തില്‍ പരാഗ് 77 റണ്‍സ് എടുത്തിരുന്നെങ്കിലും ആവേശകരമായ മത്സരത്തില്‍ രാജസ്ഥാനെ വിജയം കൈവിട്ടു. ജയ്‌സ്‌വാള്‍ – റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗം മുന്നോട്ടുചലിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 134 റണ്‍സ് എടുക്കുകയും ചെയ്തു.
വ്യാഴാഴ്ചത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചതോടെ ഐപിഎല്ലില്‍ പരാഗിന്റെ നേട്ടം ആറ് അര്‍ധ സെഞ്ച്വറിയായി. ഐപിഎല്ലില്‍ അന്‍പത് സിക്‌സര്‍ എന്ന നേട്ടവും ഇന്നലത്തെ മത്സരത്തോടെ പരാഗ് തന്റെ പേരില്‍ കുറിച്ചു.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച കൂട്ടിയ താരങ്ങളില്‍ നാലാമത് ആണ് റിയാന്‍. ഋതുരാജ് ഗെയ്ക് വാദ്, വിരാട് കോഹ് ലി, സായ് സുദര്‍ശന്‍ എന്നിവരാണ് റണ്‍വേട്ടയില്‍ പരാഗിന് മുന്നിലുളളത്. പത്ത് മത്സരങ്ങളില്‍ നിന്നായി റിയാന്റെ നേട്ടം 409 ആയി. 84 ആണ് റിയാന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.