രോഹിത് വെമുലയുടെ മരണം: ദളിതനല്ലെന്ന പോലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ, പുനരന്വേഷണത്തിന് ഉത്തരവ്
ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനല്ലെന്ന പോലീസ് റിപ്പോർട്ട് സർക്കാർ തള്ളിയതിന് പിന്നാലെ ഡിജിപി രവി ഗുപ്തയാണ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിതിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്.
വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നുമായിരുന്നു പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തിൽ അന്വേഷണം നടത്തിയ സൈബരാബാദ് പോലീസാണ് കേസവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത്.
സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17-നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്. താൻ അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു.