ശബരിമല മാസപൂജ: താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി
ശബരിമലയില്‍ മാസപൂജ സമയത്തെ തീര്‍ഥാടനത്തിന് ചക്കുപാലം 2 ലും ഹില്‍ടോപ്പിലും ഹൈക്കോടതി താല്‍ക്കാലിക പാര്‍ക്കിങ്ങിന് അനുമതി നല്‍കി. കൊടിയും ബോർഡും വെച്ച വാഹനങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടതില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
സാധാരണക്കാർക്കാണ് മുൻഗണന നല്‍കേണ്ടതെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പാര്‍ക്കിങ് മേഖലയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കണമെന്നും അല്ലാത്ത വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്നുമാണ് കോടതി നിര്‍ദേശം.
ഈ മാസം എട്ടിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാസ പൂജയ്ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. ജനക്കൂട്ട നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാത്രമല്ല, പാര്‍ക്കിങ് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.