പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവുമാണ്. ഇതിനകം അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നിരുന്നു. ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ അറിയിച്ചു.
പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പോലീസ് നടത്തുന്നത്.