പ്രജ്വലിനെതിരെയുള്ള ലൈംഗികാരോപണം; അതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ മകൻ ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി കാണിച്ച് വ്യാഴാഴ്ച രാത്രിയാണ് മൈസൂരുവിലെ കെ.പി. നഗർ പോലീസ് സ്റ്റേഷനിൽ ഇരുപതുകാരനായ മകൻ പരാതി നൽകിയത്.
പ്രജ്വലിന്റെ പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയുടെ അനുയായിയുമായ സതീഷ് ബബണ്ണ എന്നയാളാണ് അമ്മയെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ചെല്ലാനറിയിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അമ്മയെ ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് ദിനത്തിൽ അമ്മയെ ബബണ്ണ വീട്ടിൽ ഇറക്കിയതായും പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസിൽ പോലീസ് അന്വേഷണത്തിനെത്തിയാൽ ഒന്നും പറയരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും, മറിച്ച് പ്രവർത്തിച്ചാൽ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് അന്വേഷണത്തിനെത്തിയാൽ വിവരം തന്നെ ധരിപ്പിക്കണമെന്നും ബബണ്ണ പറഞ്ഞതായി യുവാവ് പരാതിയിൽ പറഞ്ഞു. ഏപ്രിൽ 29ന് ബബണ്ണ വീണ്ടും വീട്ടിലെത്തുകയും അതിജീവിതയെ ബലമായി തട്ടികൊണ്ടുപോകുകയായിരുന്നു.