കമ്പത്ത് കാറിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍; മരിച്ചത് മലയാളികൾ

കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപം നിർത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60), ഭാര്യ മേഴ്സി (58), മകന് അഖിൽ (29) എന്നിവരാണ് മരിച്ചത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൃഷിയിടത്തില്‍ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു കാർ. പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലിന്റെയും സജിയുടെയും മൃതദേഹം കാറിന്റെ മുൻ സീറ്റിലായിരുന്നു. പിൻസീറ്റിലെ വാതിലിനോട് ചാരിയിരിക്കുന്ന നിലയിലായിരുന്നു മേഴ്സിയുടെ മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് വാകത്താനം പോലീസ് സ്റ്റേഷനില്‍ പരാതി രജിസറ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.