ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നീണ്ടുനിന്ന കനത്ത ചൂടിനു ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിറങ്ങിയ മഴയ്ക്കു ശേഷം നഗരത്തിലെ താപനില കുറയുന്നു. പകൽ ചൂടുണ്ടെങ്കിലും വൈകുന്നേരത്തെ മഴ കഴിയുന്നതോടെ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. ബെംഗളുരുവിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ് ആണ്. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് കഴിഞ്ഞ ആഴ്‌ചയിലെ പരമാവധി താപനിലയായ 38 ഡിഗ്രി സെൽഷ്യസിൽ നിന്നും കുറവാണ്.
അതേസമയം നഗരത്തിൽ വരും ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച നഗരത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും (30-40 കിലോമീറ്റർ) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. മെയ് 12 വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നഗരത്തിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, ഹെബ്ബാൾ മേൽപ്പാലം, വീരന്നപാളയ, മഹാറാണി അണ്ടർപാസ്, സുമനഹള്ളി, വഡ്ഡരപാളയ സിഗ്നൽ, നാഗവാര, ഹെബ്ബാൾ റെയിൽവേ സ്റ്റേഷൻ, കാമാക്ഷിപാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
ജയമഹൽ റോഡ്, കത്രിഗുപ്പെ സിഗ്നൽ, ഗുണ്ടു റാവു സർക്കിൾ, ലിംഗരാജപുരം മെയിൻ റോഡ്, മെഹ്‌ക്രി സർക്കിൾ, ദേവഗൗഡ സർക്കിളിന് സമീപം പിഇഎസ് കോളേജ്, ഗംഗമ്മ സർക്കിൾ, ഹെന്നൂർ മെയിൻ റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തിന് തടസ്സമുണ്ടാക്കിയിരുന്നു.