ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്
ചെന്നൈ: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന നിര്‍മല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിര്‍മ്മല ദേവി പിഴയടയ്ക്കണമെന്നും ജസ്റ്റിസ് ടി ഭഗവതിയമ്മാള്‍ വിധിച്ചു.
നിർമ്മലാ ദേവിയ്ക്കൊപ്പം മധുരൈ കാമരാജ് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ വി മുരുഗൻ, റിസർച്ച് സ്കോളർ എസ് കറുപ്പസ്വാമി എന്നിവരും കേസിൽ പ്രതികളായിരുന്നു, എന്നാൽ, ഇവരെ തിങ്കളാഴ്ച കോടതി കുറ്റവിമുക്തരാക്കി. ഉന്നതര്‍ക്ക് വഴങ്ങികൊടുക്കാൻ വിദ്യാര്‍ഥിനികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിർമലയുടെ ഫോൺ ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്നാണ് 2018 ഏപ്രിൽ 16ന് നിർമ്മലയെ അറസ്റ്റ് ചെയ്തത്. ഈ ഓഡിയോ ക്ലിപ് സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.