താനൂര്‍ കസ്റ്റഡി കൊലപാതകം; നാല് പോലീസുകാര്‍ അറസ്റ്റില്‍
താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ നാല് പോലീസുകാർ അറസ്റ്റില്‍. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്. താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആണ് ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒയാണ് ആല്‍ബിൻ അഗസ്റ്റിൻ, അഭിമന്യു കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒയും വിപിൻ തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒയുമാണ്.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനായിരുന്നു എം.ഡി.എം.എ കൈവശം വെച്ചെന്ന കേസില്‍ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമസേനയായ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി കൊല്ലപ്പെട്ടു.