ബൈക്ക് മോഷ്ടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹോട്ടൽ ഉടമയുടെ ബൈക്ക് മോഷ്ടിച്ചെന്ന പരാതിയിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി സ്വദേശി സി. ഷാഹിം (19) നെയാണ് മഡിവാള പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി ഷാഹിം ശമ്പള കുടിശ്ശിക ചോദിച്ചപ്പോൾ ഹോട്ടലുടമ തമാശക്ക് ബൈക്ക് മോഷ്ടിച്ച് നാട്ടിലേക്ക് പോകു എന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ ഉടമയുടെ ബൈക്ക് എടുത്ത് നാട്ടിലേക്ക് പോകുകയായിരുന്നു ഷാഹിം.
ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കാണാതായതോടെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഷാഹിമാണ് ബൈക്കുമായി കടന്ന് കളഞ്ഞതെന്ന് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇതേ ബൈക്കിൽ ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഷാഹിം പോലീസ് പിടിയിലായത്.