ചില്ലറയെ ചൊല്ലിയുള്ള തർക്കം; കണ്ടക്‌ടർ ബസിൽനിന്ന് തള്ളിയിട്ട യാത്രക്കാരൻ മരിച്ചു
തൃശൂർ: തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്‌താ ബസിൻ്റെ കണ്ടക്‌ടർ പവിത്രനെ ബസ്സിൽ നിന്നും തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം.
ഏപ്രില്‍ രണ്ടാം തീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്‌ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തിരുന്നു. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്‌ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്‌ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്‌ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.