വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. മൈസൂരു റോഡിലെ താമസക്കാരായ ആയിഷ താജ്, ഫൗസിയ ഖാനം, അർബിൻ താജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറെയും വനിതാ പോലീസ് കോൺസ്റ്റബിളിനെയും ഇവർ കൂട്ടം ചേർന്ന് മർദിക്കുകയും, അസഭ്യം പറയുകയുമായിരുന്നു. ഇവർക്കൊപ്പം സ്റ്റേഷനിലെത്തിയ രണ്ട് സ്ത്രീകൾ ഒളിവിലാണ്.
സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് അഞ്ച് പേരെയും ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ സ്റ്റേഷനിലെത്തിയ ഇവർ പോലീസിൻ്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തി. ഇവരെ തടയാൻ മറ്റ് പോലീസുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂടുതൽ പോലീസുകാർ എത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.