ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എഐ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ജീവൻ കുമാറും മറ്റ് രണ്ട് പേരുമാണ് പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവാണ് സംഭവത്തിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ തന്റെ മകളുടെയും സഹപാഠിയുടെയും നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്നും നടപടി വേണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലാണ് സംഭവം.
ഇൻസ്റ്റഗ്രാമിലെ ഒരു ഗ്രൂപ്പ് ചാറ്റിലാണ് കുട്ടികളുടെ നഗ്നചിത്രം നിർമ്മിച്ച് പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഈ ഗ്രൂപ്പിൽ പരാതിക്കാരന്റെ മകൾ ഉണ്ടായിരുന്നില്ല. മറ്റ് വിദ്യാർഥികൾ പറഞ്ഞാണ് പെൺകുട്ടി ഇക്കാര്യം അറിഞ്ഞത്.
മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ അക്കൗണ്ട് പ്രൈവറ്റാണെന്നിരിക്കെ തന്റെ ഫ്രണ്ടായ മറ്റാരോ ആണ് ഫോട്ടോ എടുത്തു നൽകിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
രണ്ട് ചിത്രങ്ങൾ മാത്രമാണ് പെൺകുട്ടി ഇൻസ്റ്റയിൽ ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിലൊരെണ്ണമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. സംഭവം സ്കൂളിന്റെ അച്ചടക്കപ്രശ്നമായാണ് കണക്കാക്കുന്നതെന്നും ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.