ജോലിയിൽ അനാസ്ഥ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ജോലിയിൽ അനാസ്ഥ കാട്ടിയതിനു ബെംഗളൂരുവിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നഗരത്തിൽ മെയ് 19ന് നടന്ന നിശാ പാർട്ടിയിൽ തെലുങ്ക് നടി ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ നാരായണ സ്വാമി, കോൺസ്റ്റബിൾമാരായ ഗിരീഷ്, ദേവരാജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഹെബ്ബഗോഡി പോലീസ് അധികാരപരിധിയിലുള്ള ഫാം ഹൗസിലാണ് സിസിബിയുടെ ആൻ്റി നാർക്കോട്ടിക് വിഭാഗം റെയ്ഡ് നടത്തി വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. പാർട്ടി നടത്തുന്നത് തടയാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസുകാരെ ബെംഗളൂരു റൂറൽ എസ്.പി. മല്ലികാർജുൻ ബലദണ്ടി സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ മുൻകൂർ വിവരങ്ങൾ ലഭിക്കാത്തതിൽ വിശദീകരണം തേടി ലോക്കൽ ഡിവൈഎസ്പിക്കും ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കും എസ്പി ചാർജ് മെമ്മോയും നൽകിയിട്ടുണ്ട്. മറുപടി നൽകുന്നതിൽ രണ്ട് ഉദ്യോഗസ്ഥരും പരാജയപ്പെട്ടാൽ അവർക്കെതിരെയും നടപടിയുണ്ടാകും. തെലുങ്ക് നടി ഹേമയും മറ്റ് 85 പേരും പാർട്ടിയിൽ വെച്ച് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.