എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി
ബെംഗളൂരു: ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലേക്കും പരിസരത്തും ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു.
നഗരത്തിൽ തിരഞ്ഞെടുത്ത സാങ്കേതിക സ്ഥാപനങ്ങൾക്ക് സീറോ ബാക്ടീരിയൽ ശുദ്ധീകരിച്ച വെള്ളം നൽകുമെന്നും ബോർഡ് അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തിയ സീറോ ബാക്ടീരിയൽ ട്രീറ്റ്‌മെൻ്റ് വാട്ടർ ടെക്‌നോളജി ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്. വിപ്രോയും എച്ച്എഎല്ലും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും സീറോ ബാക്ടീരിയൽ വാട്ടർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഡബ്ല്യൂഎസ്എസ്ബി രാംപ്രസാദ് മനോഹർ പറഞ്ഞു.
വിപ്രോ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യപ്പെട്ടത്. പൂന്തോട്ടപരിപാലനം, ശുചീകരണം തുടങ്ങിയ ആവശ്യങ്ങൾക്ക് മൊത്തം ജല ഉപഭോഗത്തിൻ്റെ 25 ശതമാനം ആവശ്യമാണ്. നിലവിൽ വിതരണം ചെയ്യുന്ന സീറോ ബാക്ടീരിയ വെള്ളം ശുദ്ധജലം സംരക്ഷിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജലക്ഷാമം രൂക്ഷമായ ബെംഗളൂരുവിൽ ശുദ്ധീകരിച്ച വെള്ളത്തിനായി (നോൺ പോട്ടബിൾ) പ്രത്യേക പൈപ്പ്ലൈൻ ഒരുക്കാൻ ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി) നേരത്തെ പദ്ധതിയിട്ടിരുന്നു.