കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു
കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസ്സായിരുന്നു. അറുപതില്‍ അധികം നാടകങ്ങള്‍ക്കും പത്തോളം സിനിമകള്‍ക്കും വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പള്ളത്തു വീട്ടില്‍ ഗോവിന്ദന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്.
ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ഗോവിന്ദന്‍കുട്ടി 1958 ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്. ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ആലപിച്ചത് കെ എസ് ജോര്‍ജും സുലോചനയും ചേര്‍ന്നായിരുന്നു. നിരവധി അമച്വര്‍ നാടകങ്ങളും നാടക ഗാനങ്ങളും രചിച്ചു.
സുഹൃത്തായ ടി ജി രവി നിര്‍മ്മിച്ച പാദസരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരചയിതാവായി മാറിയത്. ഏഴാം ക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1978 ലാണ് സിനിമാലോകത്തേക്കുള്ള ചുവടുവയ്പ്പ്. ടി.ജി.രവി ചിത്രം ‘പാദസര’ത്തില്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി.ജയചന്ദ്രന്‍ ആലപിച്ച കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം.
സിനിമാഗാനങ്ങൾ കൂടാതെ ചിങ്ങനിലാവ്, മനസ്സിലെ ശാരിക തുടങ്ങി അനേകം ആൽബങ്ങൾക്കും ജി.കെ.പള്ളത്ത് പാട്ടുകളെഴുതിയിട്ടുണ്ട്. സംഗീത സംവിധായകൻ ടി.കെ.ലായനുമായി ചേർന്ന് അനേകം ചിത്രങ്ങൾക്കും പാട്ടുകളെഴുതിയിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ:എൻ.രാജലക്ഷ്‍മി. മക്കൾ: നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.