ഇന്ത്യാ മുന്നണിക്ക് മുന്നേറ്റം; രണ്ട് മണ്ഡലത്തിലും മുന്നിട്ട് രാഹുൽ ഗാന്ധി

ന്യഡൽഹി ദേശീയതലത്തിൽ എൻഡിഎയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യ സഖ്യം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ സഖ്യം 308 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യസഖ്യത്തിന് 206 സീറ്റുകളുടെ ലീഡുണ്ട്. മറ്റുള്ളവർ 24 സീറ്റുകളിലും ലീഡുചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ 261 മുകളില്‍ വരെ ഇന്ത്യ സഖ്യത്തിന്റെ ലീഡ് എത്തിയിരുന്നു.
ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായി ആണ് മുന്നിൽ..ആറായിരം വോട്ടുകൾക്കാണ് മോദി പിന്നിൽ. ആദ്യ റൗണ്ടുകൾ മാത്രമാണ് ഇവിടെ എണ്ണിത്തുടങ്ങിയത്.
അതേസമയം, മോദിയുടെ ഗുജാത്തിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവിടെ എട്ടുസീറ്റുകളിൽ കോൺഗ്രസ് ലീഡുചെയ്യുകയാണ്. ഇതിൽ പലയിടങ്ങളിലും വ്യക്തമായ ലീഡാണെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലും, ബീഹാറിലും ഇന്ത്യസഖ്യത്തിനാണ് മുന്നേറ്റം. എന്നാൽ രാജസ്ഥാനിലും കർണാടകത്തിലും എൻഡിഎയ്ക്കാണ് മുന്നേറ്റം. തമിഴ്‌നാട്ടിലും ഇന്ത്യാസഖ്യമാണ് ഇപ്പോൾ നമ്പർവൺ. പശ്ചിമബംഗാളിൽ തൃണമൂലിനാണ് മേൽകൈ.
കേരളത്തില്‍ 16 സീറ്റുകളില്‍ യു.ഡി.എഫും 4 സീറ്റില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു. വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. ബി.ജെ.പി. കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.