ഒരിക്കൽ ഒരിടത്ത്
നോവൽ ▪️ ബ്രിജി. കെ. ടി.
അധ്യായം ഇരുപത്തിരണ്ട്
ചെറിയ ഒരു ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ ,…പ്രേതം കണക്കെ വിളറിയ മുഖത്തോടെ, മായ നിശ്ചലമായി കിടക്കുന്നത് കണ്ട് അമ്പരന്ന വിഷ്ണു…ഒന്നും മനസ്സിലാവാതെ, മായയുടെ അച്ഛന്റെ മുഖത്ത് നോക്കി.
മായയ്ക്ക് വിഷ്ണു വിചാരിക്കുന്നതു പോലെ …,സാധാരണ അസുഖമല്ല.!
മായയുടെ അഛന്റെ ശബ്ദം അതീവ ദയനീയമായിരുന്നു.
ഗോപൻ എന്തൊക്കെയോ എഴുതിയിരുന്നു. പക്ഷെ ഒന്നും മനസ്സിലായിരുന്നില്ല . വിഷ്ണുവിന് സ്വന്തം ശബ്ദം തീർത്തും അപരിചിതമായി തോന്നി.
സ്വർണ്ണ നിറമുള്ള മുഖത്ത് അമ്പരപ്പ് നിറഞ്ഞ പുഞ്ചിരിയും ,വിടർന്ന വലിയ കണ്ണുകളിൽ ഭയവുമായി തന്നെ സ്വീകരിച്ച മായയാണോ ഈ കിടക്കുന്നത്.?
താൻ വിട്ടുപോയ ഈ ഇത്തിരി ലോകത്ത്, തന്റെ എല്ലാമായിരുന്ന സകലരേയും ….വേഷം മാറ്റി മറ്റാരോ ഒക്കെ ആക്കി മാറ്റിയ കാലം ഒരു ദുർമന്ത്ര വാദിയെ പോലെ, എവിടെയോ മറഞ്ഞുനില്ക്കുന്നു.!
വിഷ്ണുവിന് വയറ്റിൽ നിന്നും എന്തോ ഇളകി മറിഞ്ഞു വരുന്നതു പോലെ.
പലപ്പഴും ..സ്വയം തിരിച്ചറിവ് പോലും ഇല്ല്യാണ്ടായിരിക്ക്ണൂ.
വിഷ്ണു തലയുയർത്തി നോക്കി. മായയുടെ അമ്മ.!
ഒരു തുള്ളി ഭൂമിയിലെത്താൻ കാത്തു നിന്ന മഴമേഘം പോലെ ആ കണ്ണുകൾ നിറഞ്ഞൊഴുകി.
വിഷ്ണുവിന് പിടിച്ചു നില്ക്കാനായില്ല. കൊച്ചു കുട്ടികളെ പ്പോലെ വിഷ്ണു പൊട്ടിപ്പൊട്ടി ക്കരഞ്ഞു.പെട്ടന്നു തന്നെ കരച്ചിലടക്കാൻ ശ്രമിച്ചു.
എന്നിട്ടും മായ ഉണർന്നില്ലല്ലോ…എന്ന് വിഷ്ണു അമ്പരന്നു.
വിഷ്ണുവേട്ടാ…!!
ഗോപൻ വന്ന് കൈപിടിച്ചു.
ഇനിയെന്തു കാണിക്കാനാ നീ കൊണ്ടു പോണേ…ഇനിയെന്താ ഞാൻ കാണേണ്ടത്..?!!
വിഷ്ണുവിന്റെ ശബ്ദം ഉച്ചത്തിലായി.
വരാന്തയിൽ..അഫനും, വല്യമ്മാമയും മറ്റു കാരണവന്മാരും ഉണ്ടായിരുന്നു.
വിഷ്ണുവേട്ടാ…ആശുപത്രിയിൽ പോകണം..പോസ്റ്റുമാർട്ടം കഴിഞ്ഞു. ശവം ഏറ്റു വാങ്ങണം.
പോസ്റ്റ് മാർട്ടോ…. ? വിഷ്ണു വീണ്ടും വിങ്ങിപ്പൊട്ടി.
പുതിയ എസ്. ഐ ആണ്. പോസ്റ്റ് മാർട്ടം ചെയ്യാതെ സമ്മതിച്ചില്ല. പഞ്ചായത്ത് പ്രസിഡണ്ട് ചെന്ന് പ്രത്യേകം പറഞ്ഞിട്ടാണ്..,ഇത്ര പെട്ടന്ന് എല്ലാം ചെയ്തു തരണതും.
നേരം വെളുക്കുമ്പോഴേക്കും കൊണ്ടുവരാൻ കഴിയും.
എനിയ്ക്ക് ഒന്നിനും വയ്യാ…ആരാ..ന്താ…വേണ്ടേന്ന്
ചില കടലാസ്സിൽ ഒപ്പ് വെച്ചാൽ മതി.
വിധി..ഉറ്റവരുടെ ജീവിതം വിലവെച്ച്…ഏതൊക്കെ കടലാസ്സിലാണ് ഒപ്പിട്ട് വാങ്ങുന്നതെന്നറിയാതെ വിഷ്ണു കണ്ണുമടച്ച് എല്ലാം ഒപ്പിട്ടു കൊടുത്തു.
പലപ്പോഴും നെറികേട് കാണിക്കുന്ന വിധിയോട് ദേഷ്യ മോ ,സങ്കടമോ …ഒന്നും തോന്നിയില്ല.
അമേരിക്കയിൽ, ജോലിത്തിരക്കിനിടയിൽ ഓരോ ദിവസവും ..ഓരോ നിമിഷം പോലെയാണു് കൊഴിഞ്ഞുകൊണ്ടിരുന്നത്.
കൊഴിയുന്ന ഓരോ ദിവസവും പ്രതിക്ഷകൾ കരയ്ക്കടുപ്പിച്ചു കൊണ്ടിരുന്നു. കുറച്ചു ദിവസങ്ങൾ കൂടി….അപ്പോൾ മായ വരും..മായയോടൊപ്പം പോരുന്ന സുഖമുള്ള ഓർമ്മകൾ…ഓർമ്മകളിലെ അതിസുന്ദരമായ ഈ ഗ്രാമം..തന്റെ ഇല്ലം, അതിൽ സ്നേഹ സമ്പന്നനായ ഏട്ടൻ, സ്നേഹം മാത്രം നിറച്ച് വെച്ചിരിക്കുന്ന അമ്മ..,തന്നെ മറ്റൊരാളാക്കിയ മായ…
മായയുടെ കവിതകളിലെ സുന്ദരമായ വരികൾ…ഏഴു സ്വരങ്ങളും മതിയാവാത്ത ഒരീണം പോലെ ..ഏഴു നിറങ്ങളും മതിയാവാതെ എഴുതിയ ഒരു ചിത്രം പോലെ…സുന്ദരമായ ജീവിതം..
എന്നിട്ട് ..ഇപ്പോൾ…ഏതോ ചുടലക്കളത്തിലെ ഒറ്റ മരത്തിൽ നാട്ടിയ ജഢം മുന്നിൽ..സ്വപ്നങ്ങളുടേയും,മോ
വിധിയുടെ കഴുകന്മാർ കൊത്തിപ്പറിക്കുന്ന ആ..ശവം ..,ഒരു പക്ഷെ തന്റേത് തന്നെയല്ലേ?
മായയ്ക്ക് സുഖമില്ലെന്നും ,..എന്തൊക്കെയോ വിചിത്രമായി സംഭവിച്ചുവെന്നും മറ്റും ഗോപനെഴുതിയപ്പോഴും..,തിരശ്ശീലയ്
വാസ്തവത്തിൽ മായയ്ക്ക് എന്താണു സംഭവിച്ചത്. ?
പെട്ടന്ന് ഒരു വലിയ ശബ്ദം കേട്ട് വിഷ്ണു ഞെട്ടി. തൊടിയിലെവിടെയോ …ആർത്തലച്ചു മറിഞ്ഞു വീണ മാവ്.
എല്ലാ സ്വപ്നങ്ങളേയും ദഹിപ്പിക്കാനുള്ള വിറക്. മൂർച്ചയുള്ള മഴു, സ്വപ്നങ്ങളുടെ പച്ച മാംസത്തിൽ ആഴ്ന്നിറങ്ങുന്ന ശബ്ദം..! അതൊരു താളത്തിൽ മാറ്റൊലികളോടെ കാതിലലച്ചു.വിഷ്ണുവിന്റെ മനസ്സ് വിങ്ങി. അതിപ്പോൾ അറ്റു വീഴുന്ന കൊമ്പുകളും ശാഖകളുമൊക്കെയായി വേറിടും. ഏതോ ഓണക്കാലത്ത് കെട്ടിയ ഊഞ്ഞാലിന്റെ കയർ മടക്കിയിട്ടത് ഇപ്പോഴുമുണ്ടാവും ആ കൊമ്പിൽ.
ഒരിക്കൽ,… ആരോടും പറയാതെ ആ മാവിൽ പിടിച്ചു കയറി…ഇറങ്ങാനാവാതെ കരഞ്ഞതോർത്തു. ഓടിവന്ന ഏട്ടന് എന്തുചെയ്യണമെന്നറിയാതെ ഏണി എടുത്തുകൊണ്ടുവരുവാൻ പോലുമാവാതെ കയ്യും കാലും വിറച്ച്…, ഉണ്ണീ…ഉണ്ണീ എന്ന് വിളിച്ചു കൊണ്ടു നിന്ന ഏട്ടൻ.
അത്രയ്ക്കും പാവമാണ് ഏട്ടൻ .എല്ലാം കരുതലോടെ മാത്രം ചെയ്തു. ഏട്ടന്റെ കണ്ണു വെട്ടിച്ചായിരുന്നു കുളത്തിലെ നീരാട്ട്. ഗോപന്റെ ഒപ്പം നീന്തൽ പഠിച്ചതും ഏട്ടൻ അറിയാതെയാണു്.
കുളത്തിന്റെ അടിയിലൂടെ സാമൂതിരി രാജാവ് പണികഴിപ്പിച്ച ഒരു ഗുഹയുണ്ടെന്നാണു ഉണ്ണൂലിയുടെ അറിവ്. ഗുഹാ മുഖത്ത് വലിയ ചുഴിയും.!!
അതിലെങ്ങാൻ പെട്ടുപോയാൽ ….?,ഉണ്ണൂലി കണ്ണുരുട്ടും.
പെട്ടു പോയാൽ….പിന്നെ തിരുവനന്ത പുരത്ത് എത്തും.
ഗോപൻ തുണിയലക്കുന്ന ഉണ്ണൂലിയെ കളിയാക്കി,ഈട്ടത്തു കയറി നിന്ന് വെള്ളത്തിലേക്ക് ചാടും.
അടിമുടി നനയുന്ന ഉണ്ണൂലി ശകാരിക്കും. വാരരു കുട്ടിക്ക് ഇത്തിരി കൂടൺ ണ്ട് ട്ടോ..
ചുഴി പേടിച്ച്, ഒരിക്കലും കുളത്തിൽ ഇറങ്ങാത്ത ഏട്ടൻ , എന്തിനാണ് കുളത്തിൽ കുളിക്കാനൊരുമ്പെട്ടത്.! വിഷ്ണുവിനെന്ന പോലെ എല്ലാവർക്കും അതാണതിശയം.
രാത്രി ആരുംതന്നെ ഉറങ്ങിയില്ല. എല്ലാവരും അവിടവിടെ ചാരിയിരുന്ന് മാറി മാറി ഗ്രന്ഥം വായിച്ചു.
ഗോപൻ ഓടിവന്നു.
വിഷ്ണുവേട്ടാ…വന്നൂ….! പെട്ടന്ന് വിഷ്ണുവിന്റെ ഹൃദയം നിലച്ച പോലെയായി.
അടക്കിയ സംസാരങ്ങൾക്കിടയിലൂടെ വാഹനങ്ങളുടെ ഞരക്കവും ..,വലിച്ചു തുറന്നടഞ്ഞ ആംബുലൻസിന്റെ ശബ്ദവും. വിഷ്ണു തരിച്ചിരുന്നു.
പെട്ടന്നു അകത്തു നിന്നും ഉച്ചത്തിലായ ഏങ്ങലടികൾ…വിഷ്ണു വീഴാതിരിക്കാൻ തൂണിൽ ബലമായി പിടിച്ചു.
സഹസ്രനാമ …പാരായണം ഉച്ചത്തിലായി.
കാരണവന്മാർ ഒത്തുകൂടി…, മരണാനന്തര ചടങ്ങുകൾ ആരംഭിച്ചു, ദുർമരണത്തിനു ക്രിയകൾ വേറേയും.
പെട്ടന്നുള്ള മരണമായതുകൊണ്ട്…ചെവിയിലോത്തും കഴിഞ്ഞ്…ആവാഹിത ജലത്തിൽ കുളിപ്പിച്ചു. തൂശനിലയിൽ കിടത്തി,വസ്ത്രം ധരിപ്പിച്ച്, ഭസ്മവും സിന്ദൂരവും പൂശി, തുളസിമാലയും എല്ലാം ധരിപ്പിച്ചു. നിലവിളക്കിൽ തെക്കോട്ടും വടക്കോട്ടും തിരിച്ചുവെച്ച തിരികൾ മുനിഞ്ഞു കത്തി. പാതി പൊളിച്ച നാളികേരത്തിൽ തുളുമ്പുന്ന എണ്ണയിലെ തിരികൾ അടുത്ത ജന്മത്തിലേക്കുള്ള വഴികാട്ടിയായി.
അന്തിമോപചാരത്തിനായി കോടി പൊതിഞ്ഞ്, ഒരുക്കിയ ഏട്ടനെ കണ്ട് വിഷ്ണു പൊട്ടിക്കരഞ്ഞു.
വെള്ളം കൊടുക്കൂ ഉണ്ണീ..
സ്വർണ്ണ മോതിരം ജലത്തിൽ മുക്കി ഏട്ടന്റെ ചുണ്ടുകളിൽ തൊടുവിച്ചു.
മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് വിഷ്ണു ചെയ്യേണ്ട തെല്ലാം പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. വിഷ്ണു യാന്ത്രികമായി എന്തൊക്കെയോ ചെയ്തു.
ഏട്ത്തിയ കാണിക്കണ്ടേ…സുഭദ്ര ച്ചിറ്റ ഉറക്കെ പൊട്ടിക്കരഞ്ഞു.
ആരൊക്കെയോ പിടിച്ചു നടത്തിക്കൊണ്ട് വന്ന അമ്മയെ ക്കണ്ട്,… വിഷ്ണു തകർന്നു പോയി.
ഒറ്റയടിവെച്ച് എത്തിയ അമ്മ ബോധമറ്റ് വീണപ്പോഴേക്കും എല്ലാവരും താങ്ങി അകത്തേക്ക് തന്നെ കൊണ്ടുപോയി.
എട്ക്ക്വ..ല്ലേ…ആരോ ചോദിച്ചു.
അഗ്ന്യാധാനം കഴിഞ്ഞ്, നിറഞ്ഞ കുടം തോളത്തു വെച്ച്,വിഷ്ണു യാന്ത്രികമായി, ചിത വലം വെച്ചപ്പോൾ പൊട്ടിക്കുന്ന ദ്വാരത്തിൽ നിന്നും കണ്ണിരൊഴുകി.
കൊളുത്തിയ ചിതയിൽ എരിഞ്ഞടങ്ങുന്ന ഒരു ഭൂതകാലം.
എല്ലാം കഴിഞ്ഞ്…, കെട്ടടങ്ങിയിട്ടും…ഇടക്കിടെ ആളുന്ന ചില കനലുകൾ.. വിഷ്ണുവിന്റെ നെഞ്ചിൽ നീറിപ്പിടിച്ചു.
മായയുടെ അഛൻ പുറം വരാന്തയിൽ നിന്നു നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടേയും ഇടയിൽ വന്നു നില്ക്കാൻ കഴിയുന്നില്ല.മായയുടെ അസുഖം അറിഞ്ഞവർ എല്ലാം കുറ്റപ്പെടുത്തി. ഇല്ലത്ത് ഇങ്ങനെയൊരു വിഷയം ഉണ്ടായിട്ട് ആരേയും അറിയിച്ചില്യാ..
വിഷ്ണു മറ്റൊന്നിനും നില്ക്കാതെ ഓടി. കാണാമറയത്ത്. പക്ഷെ സ്വന്തം മനസ്സിന്റെ കാണാമറയത്ത് പോകാൻ കഴിയില്ലല്ലോ.
നോക്കുന്നേട ത്തൊക്കെ …ആളിപ്പടരുന്ന ചിത.
വിഷ്ണു ഒരുവിധം കുളത്തിന്റെ കെട്ടിയിറക്കിയ പടവിലെത്തി. എല്ലാവരിൽ നിന്നും ഒളിച്ച് ..,കുറച്ചു നേരം..!
ഇതിനകം,… ഒരു മരണക്കയമായി മുദ്ര കുത്തിയ ഈ കുളത്തിലേക്ക് ആരും വരികയുമില്ല.
വിഷ്ണു വെറുതെ..കുളത്തിലേക്ക് നോക്കിയിരുന്നു.
ഏട്ത്തിയുടേയും, ഏട്ടന്റേയും …ജീവനെടുത്തതിന്റെ പശ്ചാത്താപം പോലുമില്ലാതെ ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായി കിടക്കുന്ന ഇളം പച്ച നിറമുള്ള വെള്ളം.
കുട്ടിക്കരണം മറിഞ്ഞ ബാല്യത്തിന്റെ കൂട്ടായ കുളം തന്റെ ജീവനായ മായയേ പേടിപ്പിച്ചു അപഹരിച്ചിരിക്കുന്നു. കുളത്തിന്
എന്തൊക്കെ പരാക്രമമാണു നീ കാണിച്ചത്. എല്ലാവരേയും നീ എന്താണു ചെയ്തത്.?!
വിഷ്ണു ..വെട്ടുകല്ലിന്റെ ഒരു കഷ്ണം അടർത്തി വെള്ളത്തിലേക്കെറിഞ്ഞു.
കല്ലു ചെന്നു വീണിടത്ത് നിന്ന് രണ്ടു തുള്ളി കണ്ണു നീർ ചാടി. നെടുവീർപ്പുകൾ കുഞ്ഞലകളായി…. വൃത്തത്തിൽ അകന്നു ഇല്ലാതെയായി.
ഇല്ലത്തെ ഓരോ രോ അനുഷ്ടാനങ്ങളും അന്ധ വിശ്വാസങ്ങളും. പക്ഷെ…, ഇങ്ങനെ സംഭവ ബഹുലവും വിചിത്രവുമായ പല ദുർഘടങ്ങളിലും കൂടിയാണ് എല്ലാവരുടെ ബാല്യവും ഒരു പക്ഷെ പിച്ച വെക്കുന്നത്.
ബാല്യത്തിൽ ഒരു ഉൾക്കിടിലത്തോടെ കേട്ട്,തിരിച്ചറിവാകുന്ന പ്രായത്തിൽ മറന്നു കളയുന്ന കെട്ടുകഥകളും അന്ധവിശ്വാസങ്ങളും.
അതൊക്കെ ഒരു ഹരമായിട്ടേ വിഷ്ണുവിനു തോന്നിയിരുന്നുള്ളു…പക്ഷെ മായ..?
വിഷ്ണു ,സാവധാനം കുളത്തിലേക്കിറങ്ങി. കഴുത്തറ്റം വെള്ളത്തിൽ ഏറെ നേരം അങ്ങനെ കിടന്നു.
വിഷ്ണുവേട്ടാ…
വിഷ്ണു ഞെട്ടിത്തിരിഞ്ഞു.
ഒരു നിഴലായി എപ്പോഴും കൂടെ യുള്ള ഗോപൻ.
ശുദ്ധി കലശം കഴിഞ്ഞിട്ട്….
എന്തു ശുദ്ധി കലശം ?.ഇതിലൊന്നും ഒരു കാര്യവുമില്ല ഡോ. എനിക്കതിലൊന്നും ഒരു വിശ്വാസവുമില്ല.
ആയ്ക്കോട്ടേ…ന്നാലും കയറൂ…മതി. നീരുദോഷം വരണ്ട.
വിഷ്ണു തല തുവർത്തി പടവിലിരുന്നു. രാവിലത്തെ വെയിലിനു നല്ല ചൂട്.
ദേഹണ്ണ പ്പുരയിൽ നിന്നും ഉയരുന്ന പുകയിൽ..ചിതയിലെ പുകയുടെ ഗന്ധം കലർന്നിട്ടുണ്ടോ?
വലിയ ഉരുളിയിൽ വെട്ടിത്തിളയ്ക്കുന്ന കറികളിൽ പാചകക്കാരൻ വലിയ ചട്ടുകം ഇറക്കി.. ഇളക്കി മറിക്കുമ്പോൾ ഉയരുന്ന ഗന്ധം. വേവുന്ന മണം. വിഷ്ണുവിന് ശർദ്ദിക്കണമെന്നു തോന്നി.
എഴുന്നേല്ക്കൂ വിഷ്ണുവേട്ടാ.. പോയി ത്തിരി റെസ്റ്റ് എടുക്കൂ..ഇന്നലെ മുതൽ ഉറങ്ങിയിട്ടില്ലല്ലോ.
മരണം അന്വേഷിക്കാൻ വരുന്നവരുടെ തിരക്ക്.
കുറേ കഴിഞ്ഞു വിഷ്ണു തന്റെ മുറി ലക്ഷ്യമാക്കി നടന്നു.മായ വീണ്ടും ഇഞ്ചക്ഷന്റെ മയക്കത്തിലാണു്.തെക്കിനിയിൽ മറ്റൊരു മുറിയിൽ തന്റെ സാധനങ്ങളൊക്കെ എടുത്തു വെച്ചിട്ടുണ്ടെന്ന് ഗോപൻ പറഞ്ഞു.
വിഷ്ണു അങ്ങോട്ട്നടക്കാൻ തുടങ്ങിയപ്പോൾ വരാന്തയിൽ നിന്നും വല്യമ്മാമയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. വല്യമ്മാമ ദേഷ്യത്തിലാണ്.
തിരുമേനി ..എല്ലാം മറച്ചു പിടിച്ച് ….മായക്കുട്ടീടെ ഒരു ചേച്ചിക്കുട്ടിക്കും ങനെ വിഭ്രാന്തി യുണ്ടായല്ലേ മരിച്ചത്. അപ്പൂന്റെ പ്രതീക്ഷയായിരുന്നു ഉണ്ണി.
നിങ്ങളെന്തറിഞ്ഞിട്ടാണീ പറയുന്നത്. അങ്ങിനെ പറയുമ്പോൾ ഇവിടത്തെ കഥകൾ കേട്ട് ഞങ്ങൾ എത്ര ഭയന്നുവെന്നറിയുമോ. ഇപ്പോഴത് വാസ്തവമായിരുന്നു എന്നു വേണം കരുതാൻ.
വിഷ്ണു പെട്ടന്നിടപെട്ടു.
ദൊന്നു നിർത്ത്വോ…
ഏട്ടന്റെ ചിത എരിഞ്ഞുകഴിഞ്ഞിട്ടില്ല്യാ..
മായ കിടക്കണൂ…അമ്മയാണെങ്കിൽ…
അതോണ്ടന്യാ…ഇത്ര ദണ്ണം. ന്റെ …കൂടപ്പിറപ്പാ നെന്റെ അമ്മ. വല്യമ്മാമയുടെ കണ്ണുകൾ നിറഞ്ഞു.
വിഷ്ണു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മായയുടെ അച്ഛൻ വിളിച്ചു.
വിഷ്ണു..!
ആ മുഖത്തെ ഭാവം കണ്ട് വിഷ്ണു ഭയന്നു. അവിടെ എന്തെല്ലാമോ വികാരങ്ങൾ തള്ളിക്കയറുകയായിരുന്നു.വിഷ്ണു ശ്വാസമടക്കി…കാത്തു.
അണപ്പല്ലുകൾ കടിച്ചമർത്തി സ്വയം നിയന്ത്രിക്കുന്ന താടിയെല്ലുകളിൽ എഴുന്നു നില്ക്കുന്ന കുറ്റിരോമങ്ങൾ.
വികാരാധീനനായിരുന്ന അദ്ദേഹത്തിന്റെ ശബ്ദം വിറകൊണ്ടു.
വിഷ്ണുവിന്..ഞങ്ങളോട് തുറന്നു പറയാമായിരുന്നു.വിവാഹത്തിനു മുമ്പ് തന്നെ പലതും കേട്ടിരുന്നെങ്കിലും അതെല്ലാം കെട്ടുകഥകളാണെന്നാണ് വിഷ്ണു പറഞ്ഞതും.
അന്ന്..ഞാൻ മറിച്ചു വിശ്വസിച്ചിരുന്നെങ്കിൽ…., ഞങ്ങളുടെ ആകപ്പാടെയുള്ള സ്വത്തിനെ ഇങ്ങിനെ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു..
ഒടുവിലത്തെ വാക്കുകൾ …ഗദ്ഗദം കൊണ്ട് തൊണ്ടയിൽ കുരുങ്ങി.തിരുമേനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വിഷ്ണു സ്റ്റംഭിച്ചിരുന്നു.!!വരണ്ട നാവിൽ വാക്കുകൾ ഒട്ടിപ്പിടിച്ച്…ഒരു വാക്കു പോലും വഴങ്ങിയില്ല.!!🔴🔴
മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം
TAGS : MALAYALAM NOVEL | BRIJI K T
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.