ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്
നോവൽ ▪️ ബ്രിജി. കെ. ടി.
അധ്യായം ഇരുപത്തിയഞ്ച്
ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു.
കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ ഒരു സ്പടികം പോലെ …എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഉറ്റവർ.
അസുഖകരമായ ഒരു നിശ്ശബ്ദത ആയിരുന്നു മുറിയിൽ.
മുറിയിലെ സാധനങ്ങളും, കട്ടിലിൽ ഉറങ്ങുന്ന മായയും നോക്കി നില്ക്കുന്ന മനുഷ്യരും എല്ലാം ഒരു നിശ്ചല ഛായാചിത്രം പോലെ.
പെട്ടന്ന്,… നങ്ങേലിയുടെ തേങ്ങലുയർന്നു. ആരെങ്കിലും തൊടുത്ത് വിടാൻ കാത്തിരുന്നതു പോലെ അമ്മയുടെ ദു:ഖവും അണപൊട്ടി.
ഇങ്ങിനെ കരഞ്ഞ് ബഹളം കൂട്ട്വാണെങ്കിൽ കൊണ്ടു വരില്ല്യാന്നു പറഞ്ഞതല്ലേ ഞാൻ. നമ്പൂതിരി ശബ്ദമുയർത്തി..ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
നങ്ങേലിക്ക് കരച്ചിൽ നിർത്താനായില്ല.
എങ്ങനെ പോന്ന കുട്ട്യാ …ഈ കെടക്കണേ…ന്റെ പര ദേവരേ…
അത്ര ചെല്ലത്തിൽ തുള്ളീക്കളിച്ച് നടന്ന മായക്കുട്ടനാണോ …ദ്.. …നിയ്ക്ക് സഹിക്കിണില്യാലോ..നങ്ങേലി നെഞ്ചത്തടിക്കാൻ തുടങ്ങി..
പിന്നെ…കട്ടിലനടുത്ത് ചെന്നു താഴെ മുട്ടു കുത്തിനിന്നു വിളിച്ചു.
ദാ…നോക്കൂ… കുട്ട്യേ..കോലുനാരായണന്റെ നങ്ങേല്യാ..ദ്……കള്യാക്കണ്
മായ കണ്ണുകൾ തുറന്നെങ്കിലും..എവിടേയും കേന്ദ്രീകരിക്കാത്ത മിഴികൾ അലമുറയിടുന്ന നങ്ങേലിയുടെ മുഖത്തും പാറിവീണകന്നു.
ദാ…ആ നങ്ങേലിയെ പുറത്ത് കൊണ്ടോണ് ണ്ടോ…ഡോക്ടറെങ്ങാൻ കണ്ടാൽ, ഇപ്പൊ ലഹള കൂട്ടും.
ഇനി മായയ്ക്ക് ഒരു ടെൻഷനും കൊടുക്കരുത് എന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്.
വിഷ്ണു ഒന്നും മിണ്ടാതെ മുറിയ്ക്ക് പുറത്ത് കടന്നു വരാന്തയിലെ കസേരയിൽ ഇരുന്നു.
മഴ പൂർവ്വാധികം ശക്തിയിലായി.
ഒരു ചെറിയ ചാറ്റൽ മഴയായി തുടങ്ങിയപ്പോൾ ഒരു വിധം വെയിലുണ്ടായിരുന്നു.
ഒരു ഓർമ്മത്തെറ്റു പോലെ ഒന്ന് പാറ്റി കടന്നു പോയ മഴമേഘത്തിനു പുറകെ മദയാനകൾ പോലെ മദിച്ചെത്തിയ കാർമേഘങ്ങൾ ആകാശവും, ഭൂമിയും ചവുട്ടി മെതിക്കുന്നു.
വരാന്തയുടെ മൂലയോടിൽ വച്ച പാത്തിയിൽ നിന്നും മണ്ണിന്റെ നെഞ്ചിൽ കുത്തിയിറങ്ങുന്ന മഴയുടെ ശക്തി.
വിഷ്ണുവിന്റെ നെഞ്ചിൽ ഒരു തരം വിങ്ങലനുഭവപ്പെട്ടു.
മായ വന്നു കയറിയ ദിവസവും ഇതു പോലെ അതിശ്ശക്തമായ മഴയും കാറ്റുമായിരുന്നു.
കറന്റു പോയപ്പോൾ ഇരുണ്ട അറയിൽ ഒരു കൊച്ചു വിളക്കിന്റെ പ്രകാശ നാളത്തിൽ താൻ ആദ്യമായി അടുത്തു കണ്ട സ്ത്രീയുടെ മുഖം.
അടുത്തറിഞ്ഞ സ്ത്രീയുടെ ഗന്ധം.! ആ നിശ്വാസത്തിൽ ഉരുകിയമർന്ന തന്നിലെ പുരുഷൻ.
പ്രകൃതിയെ സാക്ഷി നിർത്തി തന്നെ സ്വീകരിച്ച ശാന്തിമുഹൂർത്തം. ഗന്ധർവ്വന്മാരുടെ പാട്ടിൽ മയങ്ങി സർവ്വവും മറന്ന രാത്രി. പ്രഭാതത്തിലും മത്തിറങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴയുടെ പുളകം ഏറ്റുവാങ്ങിയ ഭൂമി അങ്ങിനെ എന്തൊക്കെയാണു ആ രാത്രിയെ പറ്റി മായ കുറിച്ചിട്ടിരിക്കുന്നത്.
മായ കാണുന്നതെല്ലാം മറ്റൊരു കാഴ്ച്ചയാണ്. കേൾക്കുന്നത് മറ്റൊരു കേൾവിയും.!
മായ ചിന്തിക്കുന്നത് ഉറക്കെ പറഞ്ഞുകൊണ്ടാണ്
എന്തു..? എന്താ ..പ്പൊ മായ പറഞ്ഞേ..
ഹേയ്.. അതു എന്നോട് തന്നെ പറഞ്ഞതാണു മാഷേ..
വിഷ്ണു എപ്പോഴും കളിയാക്കും.
എല്ലാ കവികളും ഇതു പോലെ ഉറക്കെ ചിന്തിക്കുന്ന വട്ടു കേസുകളാണോ…?
പക്ഷെ എല്ലാ പ്രത്യേകതകളുടേയും മധുരിക്കുന്ന സത്തായിരുന്നു മായ..എല്ലാം ഞൊടിയിട കൊണ്ട് അവസാനിച്ചുവല്ലോ എന്നു ചിന്തിക്കാതിരിക്കാൻ ശ്രമിച്ചു.
എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല.
വിഷ്ണൂ… ഈ മഴ ചാറ്റൽ കൊള്ളാതെ അകത്ത് കയറിയിരിക്കൂ.
മായയുടെ അച്ഛനാണ്.
എന്തോ ഗൗരവമുള്ള ചിന്ത നിഴലിക്കുന്ന മുഖം.
വിഷ്ണു അകത്തു കയറിയിരുന്നു.,രണ്ടുപേർക്കുമി
പലതും പറയാനുണ്ട്,…പക്ഷെ കഴിയുന്നില്ല.
ഏട്ടന്റെ മരണം , ഒറ്റക്കായ അമ്മ..,സുബോധമില്ലാത്ത മായ.
മറുഭാഗത്താണെങ്കിൽ…നഷ്ടമായ ഏക പ്രതീക്ഷ.
അങ്ങിനെ…, ഇരു ഭാഗത്തു നിന്നും, പറയാനാവാതെ നിയന്ത്രിക്കുന്ന വാക്കുകളുടെ കടിഞ്ഞാൺ മുറുകുന്ന അസ്വസ്ഥത.!
ആരാണു പറയേണ്ടത്…എന്താണു പറയുക.?
മായയുടെ അച്ഛന്റെ ശബ്ദം ദയനീയമായിരുന്നു.
വിഷ്ണൂ…ഒരു പാട് ആലോചിച്ചതിനു ശേഷമാണു ഞാൻ ഇങ്ങിനെയൊരു അഭിപ്രായത്തിൽ എത്തിയത്.
മായയുടെ ചികിത്സ എത്ര നാൾ നീണ്ടു നില്ക്കുമെന്ന് അറിയില്ല. ജീവിതത്തിന്റെ അവസാനത്തിൽ എത്തി നില്ക്കുന്ന ഞങ്ങ്ൾക്ക്…ആകെയുള്ളതും കുട്ടി മാത്രമാണ്.
അവളുടെ ജീവിതം ,തെറ്റായ ഒരിടത്തിൽ എത്തി… ഇങ്ങിനെ അവസാനിക്കാനാണ് വിധി. അതിനു കാരണം എന്തോ ആവട്ടെ.
പക്ഷെ എല്ലാം തീർന്നു.!
മായയ്ക്ക് സുഖമായാലും, ഇല്ലെങ്കിലും…ഞങ്ങൾക്ക് വേറെ ആരുമില്ല.മറ്റൊരു ലക്ഷ്യവുമില്ല.
പക്ഷെ വിഷ്ണുവിന്റെ കാര്യം അങ്ങിനെയല്ലല്ലോ ..ജീവിതം തുടങ്ങിയിട്ടേയുള്ളു..തുടക്കത്
വിഷ്ണുവിനു മുന്നോട്ടുള്ള യാത്ര തുടരാം.
അച്ഛാ..അച്ഛനെന്തൊക്കെയാണീ പറഞ്ഞു കൊണ്ടു വരുന്നത്.
ഇപ്പോ…വിഷ്ണു അങ്ങിനെ പറയും.
പക്ഷെ ,പിന്നീട് എപ്പോഴെങ്കിലും ..ഒരു ശൂന്യതാ ബോധം … ജീവിതം വ്യർഥമായി എന്ന ഒരു തോന്നൽ ഒക്കെ ഉണ്ടായി…, മായക്കുട്ടിയുടെ അസ്ഥിത്വം തന്നെ വെറുക്കുന്ന ആ നിമിഷമുണ്ടല്ലോ…അത് കാണാൻ ഞങ്ങൾക്ക് ശക്തിയില്ല.!
അഛൻ എന്നെ മനസ്സിലാക്കുന്നില്ലല്ലോ.
അഛനു എല്ലാം മനസ്സിലാവുന്നതു കൊണ്ടാണ് പറയുന്നത്. ജീവിതം ഒരു പാട് കണ്ട ഈ വൃദ്ധനു പ്രായോഗികമായി ചിന്തിക്കാൻ കഴിയും.
പഴം കഥകൾ കേട്ട് …ഭയന്ന്..,ആ കഥാപാത്രങ്ങളെ മുഴുവൻ ശിരസ്സേറ്റി ,…അവയെല്ലാം ഓരൊ കുരുക്കുകളാക്കി ,അതിൽത്തന്നെ ചുറ്റിത്തടഞ്ഞ് വീണ്.., സുബോധം നശിച്ച മായ ഒരു വിഢിയല്ലേ എന്ന് വിഷ്ണു എത്ര വട്ടം കരുതിയിട്ടുണ്ടാവും.
എന്തു ചെയ്യാം. കുട്ടിയായിരിക്കുമ്പോൾ മുതൽ അവൾ അങ്ങിനെയാണ്. അതിഭാവുകത്വം.
പരോക്ഷമായെങ്കിലും ഏട്ടന്റെ മരണത്തിനുത്തരവാദി…മായയല്ലേ എന്ന്,…. വിഷ്ണു കരുതുന്നുണ്ടാവില്ലേ..?
ന്റെ…കുട്ട്യേ ഒരു ചരടു പാവയാക്കിയ അവളുടെ രോഗം, ഏറ്റവും നിഷ്ക്കളങ്കയായ അവളെക്കൊണ്ട് അതു ചെയ്യിച്ചൂലോ .!
കേസ് നിലനിന്നില്ലെങ്കിലും ..,സുഖമായാൽ, അവൾ അത് ഓർത്തെടുത്താലോ.. ?പിന്നെ,… ആ കുറ്റബോധത്തിൽ കുട്ടി നീറി മരിക്കും. തന്നെ കടിക്കുന്ന ഉറുമ്പിനെ പ്പോലും കൊല്ലാൻ കൂട്ടാക്കാത്ത കുട്ട്യാണവൾ.
ഒന്നും ആരുടേയും കുറ്റമല്ല. പക്ഷെ പറഞ്ഞിട്ടെന്താ..?
പുത്രൻ നഷ്ടപ്പെട്ടിട്ടും മായയ്ക്ക് വേണ്ടി പ്രാർഥിക്കുന്ന വിഷ്ണുവിന്റെ അമ്മയെ ദൈവത്തിന്റെ സ്ഥാനത്താണു കാണുന്നത്.
അഛൻ പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
വിഷ്ണു ചുറ്റും നോക്കി. മഴയുടെ ഇരമ്പം പോലെഅച്ഛന്റെ വാക്കുകൾ തലയ്ക്കകത്ത് മുഴങ്ങിക്കൊണ്ടിരുന്നു. കരഞ്ഞു വീർത്ത കൺപോളകളോടെ മറ്റെങ്ങോ നോക്കിയിരിക്കുന്ന അമ്മ. വാതിൽ ചാരി നില്ക്കുന്ന ഗോപൻ,കട്ടിലിൽ തളർന്നു കിടക്കുന്ന മായ..!
അവരെയോക്കെ ഓർമ്മയിൽ നിന്നും ചിക്കിച്ചികഞ്ഞെടുക്കാൻ വിഷ്ണു പണിപ്പെട്ടു.
ഒരു ഞരക്കത്തോടെ…മായ കണ്ണുകൾ തുറന്നു.
പെട്ടന്ന് വിഷ്ണു യാഥാർഥ്യത്തിലേക്ക് തിരിച്ചോടി.
മായേ…..!
വിഷ്ണു വിളിച്ചു. പ്രത്യാശയോടെ.
മായയുടെ കണ്ണുകൾ എന്തിനോ..നിറഞ്ഞു തുളുമ്പിയിരുന്നു.
ഒന്നു പിൻ വാങ്ങിയ മഴ വീണ്ടും ആർത്തല്ച്ചു പെയ്യാൻ തുടങ്ങി.
ഞാനിത്തിരി നേരം മായയുടെ അടുത്ത് ഒന്ന് ഒറ്റക്കിരുന്നോട്ടെ. ?
വിഷ്ണു സാവധാനം …. കട്ടിലിൽ മായയോട് ചേർന്നിരുന്നു.
മായ അപരിചിതത്വം ഒന്നും കാണിക്കാതിരുന്നതിന്റെ മനസ്സുറപ്പിൽ വിഷ്ണു സാവധാനം മായയുടെ തല പൊക്കി..,തന്റെ നെഞ്ചോട് ചേർത്തിരുത്തി.
വിഷ്ണുവിന്റെ തോളിൽ ചാഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കുന്ന മായയുടെ കണ്ണുകളെ വിഷ്ണു പിൻ തുടർന്നു.
ഇലകളില്ലാത്ത ഒരു ഒറ്റക്കൊമ്പിൽ ആകെ നനഞ്ഞ ഒരു കിളി !
ശരീരത്തൊട്ടിയ തൂവലുകൾ വിടർത്താനാവാതെ …തണുത്തു വിറയ്ക്കുന്ന ആ കിളി…, പേർത്തും പേർത്തും കരഞ്ഞു കൊണ്ടിരിക്കുന്നതാണോ മായ നോക്കുന്നത്.
വിഷ്ണുവിന്റെ നെഞ്ചിലെ ചൂടിൽ മിടിക്കുന്ന ഓർമ്മകൾ..മായയുടെ കെട്ടു പിണഞ്ഞ മനസ്സിന്റെ ഊരാക്കുടുക്കുകൾ അഴിക്കുമെന്ന് വിഷ്ണു ആശിച്ചു.
മായേ…എന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കൂ മായേ മായ എന്നേയും മറന്നോ..? വിഷ്ണു തേങ്ങലടക്കി.
വിഷ്ണു ഓർത്തു.
ആദ്യത്തെ ഭയം അവസാനിച്ചതോടു കൂടി ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത നാവ്.!
എന്തെങ്കിലുമൊക്കെ തപ്പിപ്പെറുക്കി ക്കൊണ്ട് വരും പറയാൻ. ചിലപ്പോൾ വല്ലതും എഴുതുമ്പോഴായിരിക്കും..ഒരു പുതിയ കഥ.
അപ്പോൾ ദേഷ്യം നടിച്ചാലോ കളിയാക്കിയാലോ…അതവിടെ നിർത്തി എഴുന്നേറ്റ് പോയാലും ..പിന്നീട് നിർത്തിയേടത്തു നിന്നും വീണ്ടും തുടങ്ങും.
ഉണ്ണൂലിയുടെ കഥകൾ പറയുമ്പോൾ അവരെ അനുകരിച്ചുകൊണ്ടുള്ള ഒരു നാടകം തന്നെയായിരിക്കും. പിന്നീട് ഏട്ത്തിയായിട്ടു വേഷം കെട്ടൽ…!
എന്റെ മായേ.. ഒന്നും മതിയാവോളം അനുഭവിച്ചില്ലല്ലോ.. ഞാൻ.
ആരേയും താനിത്ര മാത്രം സ്നേഹിച്ചിട്ടില്ല എന്ന് വിഷ്ണു അറിഞ്ഞു.
ആരെന്തു വേണമെങ്കിലും പറയട്ടെ. തനിക്ക് മായയെ വേറിട്ട് ഒരു ജീവിതമില്ല.മായയുടെ അഛൻ എത്ര പ്രായോഗികതയെ പറ്റി പറഞ്ഞാലും ..മായയെ വെറുക്കുന്ന ഒരു കാലമുണ്ടാവില്ല. ..!
ഒരു ദു:സ്വപനം കണ്ട് ഞെട്ടിയുണരുമ്പോൾ കണ്ടതെല്ലാം യാഥാർഥ്യമല്ലെന്ന് അറിയുന്ന ആ മാത്രയിലുള്ള ഒരു ആശ്വാസം പോലെ ഇതും ഒരു ദുസ്വപ്നമായെങ്കിൽ…!
നീണ്ട ഇടനാഴികളിലെ ഇരുളിൽ തപ്പിത്തടയുന്ന മായയ്ക്ക് എവിടെയെങ്കിലും ചാഞ്ഞു വീഴുന്ന ഒരു കീറു പ്രകാശം കാണാൻ ഭാഗ്യമുണ്ടായാൽ….
പക്ഷെ, വിഷ്ണുവിനെ നിരാശപ്പെടുത്തിക്കൊണ്ട് ..,ഇതിനകം..,വിഷ്ണുവിന്റെ നെഞ്ചിലെ ചൂടിൽ ഉറങ്ങിപ്പോയ മായയെ, പതുക്കെ തലയിണയിലേക്ക് കിടത്തി വിഷ്ണു എഴുന്നേറ്റു.
മായ ശേഷിപ്പിച്ച ഭാരം ഹൃദയത്തിന്…! മായ തീർത്തും കേൾക്കാപ്പുറത്താണെന്ന് …വിഷ്ണു അറിഞ്ഞു.
എന്നിട്ടും ,വിഷ്ണുവിന്റെ സാമീപ്യത്തിൽ മായ പഴയതു പോലെ പരിചയമില്ലായ്മ കാണിച്ചില്ല എന്നതു തന്നെ ഒരു നല്ല സൂചനയാണു എന്നു ഡോക്ടർ പറഞ്ഞു.
മഴ തോർന്നപ്പോൾ അച്ഛൻ പറഞ്ഞു.
വിഷ്ണു രാത്രി നില്ക്കണമെന്നില്ല. അമ്മയുടെ അടുത്ത് ചെല്ലൂ.. ഒരാശ്വാസമാവും.
ഗോപനും പൊയ്ക്കോളൂ.
എത്ര ദിവസായി …ആ കുട്ടി ഇങ്ങനെ ബുദ്ധിമുട്ടുണൂ…
വിഷ്ണു..എന്നും രണ്ട് നേരം ആശുപത്രിയുടെ തിരിവ് കാണിക്കുന്ന ചൂണ്ടു പലക കാണും. അങ്ങോട്ട് നോക്കാൻ തന്നെ പേടിയാണു്. നോക്കിയാൽ ഇടത്തോട്ട് ചിത്ത രോഗാശുപത്രി കാണിക്കുന്ന കൂരമ്പ് മനസ്സിൽ തറയ്ക്കും.
ചില ദിവസങ്ങളിൽ മായ സാധാരണ പോലെ പെരുമാറിയാലും ,ചിലപ്പോൾ വാതിൽ തുറക്കാൻ പോലും സമ്മതിക്കാത്ത പേടി യായിരിക്കും.
ഡോക്ടർ പറഞ്ഞതനുസരിച്ച്. എല്ലാവരും മായയോട് പല ഓർമ്മകളും പറഞ്ഞ് മായയെ ക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ചു.
ഒന്നു ചിരിക്കുകയോ ഒരു വാക്കു മിണ്ടുകയോ ചെയ്യാനായി കാത്തു.
ഉറങ്ങാനുള്ള മരുന്ന് രാത്രി മാത്രമാക്കി.
വിഷ്ണുവിനെ കാണുമ്പോൾ ചിലപ്പോൾ അസ്വസ്തയാവും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ കിടക്കും.
ആശുപത്രിയിൽ നിന്നും ചെല്ലുമ്പോൾ അമ്മയുടെ അടുത്ത് ചെന്നിരിക്കും കുറേ നേരം.
എന്നും ഒരേ ചോദ്യം ..ഒരേ ഉത്തരം.
കുട്ടിക്ക് കുറവുണ്ടോ…
വല്യ മാറ്റമൊന്നുമില്ല അമ്മേ.
സുഭദ്ര ച്ചിറ്റയും ബന്ധുക്കളും ആവലാധിപ്പെട്ടു.
എന്തോ… കുട്ടീടെ ഒരു യോഗം…ഇത്ര ചെറുപ്പത്തിലെ…
വിഷ്ണു പറഞ്ഞു.
എന്റെ കാര്യം പോലെത്തന്നെയല്ലേ മായയുടെ കാര്യവും.
പെട്ടന്നു വിഷ്ണു വിന്റെ കണ്ണു നിറഞ്ഞു. താൻ എത്ര മാത്രം മായയെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞു.
ആശുപത്രിയിൽ നിന്നും വായനശാലയുടെ സ്റ്റോപ്പിൽ ബസ്സിറങ്ങി നടന്നപ്പോൾ ഗോപൻ ഒപ്പം എത്തി. ഒന്നും മിണ്ടാതെ കൂടെ നടന്നു. ഇല്ലത്തേക്ക് തിരിയുന്നിടത്ത് വച്ചു ഗോപൻ പറഞ്ഞു.
വിഷ്ണുവേട്ടാ…ഒരു ജോലിക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ വന്നിട്ടുണ്ട്.
വിഷ്ണു ഒന്നു ഞെട്ടി. ഗോപനും കൂടി പോയാൽ …എത്രത്തോളം ഒറ്റപ്പെടുമെന്ന് ഓർത്തപ്പോൾ…വിഷ്ണുവിനു സങ്കടം അടക്കാൻ കഴിഞ്ഞില്ല. എങ്കിലും പറഞ്ഞു.
എന്നാ പോകണ്ടത്.. ..
വിഷ്ണുവേട്ടനെ ഈ സമയത്ത് ഒറ്റക്കാക്കി…
ഹേയ് ….താൻ പോടോ. എത്ര കാലം കാത്തിരുന്ന് കിട്ടീതാ…പണം വല്ലതും…വേണമെങ്കിൽ ..?
അതൊന്നും വേണ്ടാ…എനിക്ക് നല്ല പ്രയാസമുണ്ട്.
ഹേയ്…സാരംല്യാടോ ..താൻ പോയി രക്ഷപ്പെട..ഡോ .
വിഷ്ണു പെട്ടന്ന് തിരിഞ്ഞു നടന്നു. നിറഞ്ഞ കണ്ണുകൾ വഴിമുടക്കി. നെഞ്ചു കീറിപ്പറിയുന്ന വേദന,.. .വിഷ്ണു തീർത്തും ഒറ്റപ്പെട്ടു.!!
രാത്രി..,വിഷ്ണു, മായയില്ലാത്ത മുറിയിൽ വെറുതെയിരുന്നു.
വിഷ്ണു മായക്കെഴുതിയ കത്തുകൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടു. ഒന്നു പോലും കളഞ്ഞിട്ടില്ല.
കവിതകൾ ഇഷ്ടമുള്ളതു കൊണ്ട് ഇടയ്ക്ക് മറ്റു വല്ലവരുടേയും കവിതകൾ അയച്ചു കൊടുക്കാറുള്ളത് പ്രത്യേകം വെച്ചിരിക്കുന്നു.
അവസാനം അയച്ച ഒരു ഫ്രഞ്ച് ഗദ്യ കവിത യുടെ ഇംഗ്ളിഷ് തർജ്ജുമയിൽ, ചില വരികൾ അടിവരയിട്ടിരിക്കുന്നു.
“..മഴ …എത്ര നേരമായി പെയ്യുന്നുവെന്നറിയില്ല. ദിനരാത്രങ്ങൾ…ഒരു പക്ഷെ യുഗങ്ങൾ.
പേമാരിയാണിത്. അവസാനമില്ലാത്ത പേമാരി.!
എങ്ങും ഉയരുന്ന ജലവിതാനം .
പ്രളയമാണിത്.!!
ഈ പ്രളയം മുക്കിക്കൊന്ന ജീവനുകൾ..
കൈവിട്ടു പോയ ജീവിതങ്ങൾ…
അവിടവിടെ …,പൊങ്ങിയും താണും ..,ഉറ്റവരെ വിളിച്ചു കേഴുന്നവർ.
ഒടുവിൽ,.. വെറും ശബ്ദ വീചികളായി .നേർത്ത് നേർത്ത്
പ്രകൃതിയുടെ ശബ്ദവീചികളിൽ അലിഞ്ഞു ചേർന്നു.
ശേഷിച്ച ഒരു മിടിപ്പുമായി..ഒരു വെള്ളരിപ്രാവായി പറന്നുയർന്ന്,.വെൺ മേഘങ്ങൾക്കൊപ്പം പറക്കുമ്പോൾ..ഒരുപക്ഷെ…,
പിൻ വാങ്ങുന്ന പ്രളയം വെളിപ്പെടുത്തുന്ന ഒരു തുരുത്തിലെ, മാന്ത്രിക ശക്തിയുള്ള ഒരു ഒറ്റയിലച്ചെടി കാണാൻ കഴിഞ്ഞാൽ..
അത്… കൊത്തിപ്പറന്നു വന്ന് ,നീണ്ട നിദ്രയ്ക്ക് ശപിക്കപ്പെട്ട രാജകുമാരിയുടെ ചുണ്ടുകളിൽ ആ പച്ചിലച്ചാറു പിഴിഞ്ഞൊഴിക്കാം.
അപ്പോൾ ,….മോഹാലസ്യത്തിൽ നിന്നും ഉണരുന്ന രാജകുമാരിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ച് …,അവളുടെ കാതുകളിൽ ഞാൻ എന്റെ പ്രണയം പറയും….“!
വിഷ്ണു അന്നും പ്രതീക്ഷയോടെ ആശുപത്രിയിൽ ചെന്നപ്പോൾ…മായ നല്ല ഉറക്കം.
നങ്ങേലി താഴെ ഇരിക്കുന്നുണ്ട്.
അങ്ങുന്ന്.. ഇല്ലം വരെ പോയിരിക്ക്യാണ്. തമ്പുരാട്ടി.. ഒന്നു കുളിക്കാൻ കയറി.
വിഷ്ണു ഒന്നും മിണ്ടാതെ കുറേ നേരം അങ്ങിനെ നോക്കിയിരുന്നു.
പെട്ടന്നു ഒരു വലിയ ശബ്ദം കേട്ട് വിഷ്ണു ഞെട്ടി.
ഏതോ മുറിയിൽ എന്തോ വീണുടഞ്ഞതാണ്.
വിഷ്ണു സാവധാനം പുറത്തേക്കിറങ്ങി.
തലേന്ന്, ഗോപൻ യാത്രപറഞ്ഞപ്പോൾ തന്ന പോസ്റ്റ് കവറുകൾ പോക്കറ്റിലുണ്ട്. തുറന്നു നോക്കിയിട്ടില്ല.!
പ്രോജക്റ്റിൽ നിന്നും ഒഴിവാക്കിയെന്നായിരിക്കും. അതോ ജോലിയിൽ നിന്നോ?. അവസാനമില്ലാത്ത അരക്ഷിതാവസ്ഥ.
വിഷ്ണു… നടന്നു നടന്ന് …ദേശീയ പാതയുടെ തിരിവിലെത്തി.
ഇടത്തോട്ട് തിരിയുന്ന കവലയിൽ നിന്നും വഴികാട്ടിയുടെ വൃത്തികെട്ട മുഖം എത്ര ശ്രമിച്ചാലും നോക്കാതിരിക്കാൻ കഴിയില്ല.
അവിടെ..,ഭ്രാന്തു പിടിച്ച സ്വപ്നങ്ങളെ തളച്ചിട്ടിരിക്കുന്നു..!. ആ വഴി അവിടെ അവസാനിക്കുന്നു. !
അവിടെ തന്റെ വർത്തമാന കാലം …,മായയുടെ പാതിയടഞ്ഞ കണ്ണൂകളിൽ മരവിച്ചുകിടക്കുന്നു.
ഭാവി ..വഴിമുട്ടിയും.!
നേരെയുള്ള കറുത്ത അമ്പ്..ദേശീയ പാത.
ഒരു പാട് പ്രതീക്ഷകളും..,സ്വപ്നങ്ങളും..
മുന്നോട്ടുള്ള നിരത്ത്.! നെടു നീളെ.
മായയുടെ അച്ഛന്റെ വാക്കുകൾ ഓർമ്മ വന്നു. പ്രായോഗികമായി ചിന്തിക്കണം.
മായ ഇപ്പോൾ ഉണർന്നു കാണുമോ. ആരേയും തിരിച്ചറിയാൻ വയ്യാത്ത മായയുടെ വ്യത്യസ്ഥമല്ലാത്ത ഉറക്കവും ..,ഉണർവ്വും.!
മനസ്സിന്റെ അഴിഞ്ഞു പോയ ചുറ്റുകളിൽ സർവ്വാധികാരവും നഷ്ടപ്പെട്ട്, കഴുത്തിലെ കുട മണിയുടെ നാക്കറ്റ് ,…നിശ്ശബ്ദയായ കാളക്കുട്ടൻ വിഷ്ണുവിനെ പ്രതീക്ഷിക്കാതെ …ജനാലയിലൂടെ പുറത്തേക്ക് ..ഒന്നിലും കേന്ദ്രീകരിക്കാത്ത നോട്ടവുമായി കിടന്നു.
വിഷ്ണുവിന്റെ ഹൃദയം ശക്തിയായി മിടിച്ചു. എന്തു ചെയ്യണമെന്നറിയാത്ത വെപ്രാളം.
പാതയോരത്തെ ..കടയിൽ നിന്നും വിഷ്ണു വെള്ളം വാങ്ങിക്കുടിച്ചു.
മനസ്സിൽ സമരം….!!
വഴികാട്ടിയും, അതിന്റെ പുറത്തിരിക്കുന്ന ഒറ്റ ക്കാക്കയും കാഴ്ച്ചക്കാരായി..
എങ്ങോട്ട്….?
ഇടത്തോട്ട് തിരിഞ്ഞ് ആശുപത്രിയിൽ അവസാനി ക്കുന്ന വഴി …..?
അതോ….ദേശീയ പാതയിലൂടെ നേരെയോ..?!
സംശയിച്ചു നില്ക്കുന്ന വിഷ്ണുവിന്റെ അടുത്ത് ഒരു ഓട്ടോ വന്നു നിർത്തി.
എങ്ങോട്ടാ …?!
എങ്ങോട്ടാ…സാറേ…??!
(അവസാനിച്ചു)
TAGS : BRIJI K T | MALAYALAM NOVEL
SUMMARY : Orikkal Oridath Novel
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.