കീഴടങ്ങാത്ത പെൺ യാത്രകൾ

ഡോ. കീർത്തി പ്രഭ


“നാടകത്തിൽ അഭിനയിക്കുന്ന പെണ്ണുങ്ങൾ ചീത്തയാണ്” എന്നത് സ്ത്രീകൾ നാടകാഭിനയം ആരംഭിക്കുന്ന കാലത്ത് കപട സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും വക്താക്കൾ ആവർത്തിച്ചു ഉരുവിട്ട് കൊണ്ടിരുന്ന ഒരു വാക്യമായിരുന്നു. പിന്നീട് സ്ത്രീകൾ സിനിമാഭിനയം തുടങ്ങിയപ്പോൾ ആ വാക്യത്തിലെ ‘നാടകം' എന്ന വാക്ക് മാറി ‘സിനിമ'യായി പരിവർത്തനപ്പെട്ടു. പുരുഷന്മാർ അടക്കിവാണുകൊണ്ടിരിക്കുന്ന ഒരു മേഖലയിലേക്ക് സ്ത്രീകൾ കടന്നുവരുമ്പോൾ അവർ മാത്രമായി ‘ചീത്തയായി' പോകുന്നത് എങ്ങനെയാണ്? ആ വാക്യം എന്തുമാത്രം നീതികേടാണ് എന്നത് ഇന്നും നമ്മുടെ സമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ല എന്നതിന്റെ പച്ചയായ കാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരുന്ന പ്രതികരണങ്ങൾ.

സിനിമയും നാടകവും മാത്രമല്ല ഈ ലോകത്തിലെ ഏതൊരു മേഖലയും ലിംഗ ഭേദമന്യേ എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.
അത്തരം കപട വാദികളുടെ ജല്പനങ്ങൾ ശരി വച്ച് കൊടുക്കുന്ന പ്രതീതിയിലാണ് മാധ്യമങ്ങളിൽ അടക്കം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. ഇവിടെ ആരാണ് കുറ്റക്കാർ? എന്നിട്ട് സമൂഹം ആരെയാണ് കുറ്റവാളികളായി ചിത്രീകരിക്കുന്നത്? ഈ റിപ്പോർട്ട് പുറത്തു വന്നപ്പോഴും നിങ്ങൾ പറയുന്ന വാക്കുകൾ “സ്ത്രീകൾ അവസരങ്ങൾക്ക് വേണ്ടി കിടന്നു കൊടുക്കുന്നു,അവരുടെ അമ്മമാർ അതിന് സമ്മതം മൂളുന്നു” എന്ന തരത്തിലാണ്. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സകല സ്ത്രീകളും മോശക്കാരികളാണ് എന്ന പഴയ സദാചാര പുലമ്പലുകളുടെ ആവർത്തനങ്ങളാണ് ഇവയൊക്കെ. വേട്ടക്കാരനല്ല, ഇരയാണ് ഇവിടെ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത്.

◼️ ജസ്റ്റീസ് ഹേമ

ഇരയും വേട്ടക്കാരനും പൂർണ്ണമായും നമുക്ക് അന്യരാണ്. ഇവരിൽ ചിലരെ ഗ്ലോറിഫൈ ചെയ്യുകയോ അധിക്ഷേപിക്കുകയോ ഒന്നുമല്ല നമ്മുടെ ലക്ഷ്യം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും പെട്ടന്ന് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. ഒരു കുറ്റകൃത്യം നടന്ന് കഴിഞ്ഞാൽ നമുക്ക് പൂർണമായ അറിവില്ലാത്ത ഒരു വിഷയത്തിൽ എത്ര പെട്ടന്നാണ് എല്ലാവരും ചേർന്ന് ഗ്ലോറിഫിക്കേഷനുകൾ നടത്തിയും മോശക്കാർ എന്ന് കണ്ണടച്ച് അധിക്ഷേപിച്ചും ചില വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് news feed നിറയ്ക്കുന്നത്. സ്ത്രീപക്ഷം, ഫെമിനിസം എന്നാൽ ഇത്തരം ഗ്ലോറിഫിക്കേഷനുകൾ അല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇത്ര അപക്വമായ ഒരു സമൂഹത്തിനിടയിലേക്ക് ഇത്തരം വിഷയങ്ങൾ ചർച്ചയ്ക്ക് ഇട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഇതിനൊക്കെയുള്ള ഏറ്റവും വലിയ പരിഹാരമാർഗ്ഗം എന്ന് കരുതുന്നു. കാരണം സമൂഹത്തിന് ഒരിക്കലും പൂർണമായി ബോധ്യമല്ലാത്ത വിഷയങ്ങളാണ് ഇതെല്ലാം. പലരും അവരവരുടെതായ വാദങ്ങളും അഭിപ്രായങ്ങളും പറയുകയും അതുമൂലം നമുക്ക് ബോധ്യമില്ലാത്ത ഒരു പൊതുബോധം സൃഷ്ടിക്കപ്പെടുകയും ആണ് ചെയ്യുന്നത്. ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെയുള്ള പൊതു താൽപര്യമുള്ള കേസുകൾ നമുക്ക് പൊതുമധ്യത്തിൽ പുതിയ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും കൈമാറിക്കൊണ്ട് ചർച്ച ചെയ്യാൻ സാധിക്കും.പക്ഷേ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ കൊടുക്കുന്ന ഒരു കേസ് അതേക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്ത പൊതുസമൂഹം ചർച്ച ചെയ്യുന്നത് എങ്ങനെയാണ് എന്ന ആശങ്കയുണ്ട്.

ഒരുകാലത്ത് നമ്പി നാരായണന്റെ കേസ് പൂർണ്ണമായും ചാരക്കേസ് ആണ് എന്ന് മീഡിയകൾ അടക്കം വിലയിരുത്തുകയും പിന്നീട് മറ്റൊരു വിധി വന്നപ്പോൾ അത് പൂർണ്ണമായും തെറ്റായ കേസ് ആണ് എന്ന മറ്റൊരുവശം പറഞ്ഞവരും ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടെന്നും എന്നാൽ ചാരപ്രവർത്തി നടന്നിട്ടില്ല എന്നുമുള്ള മേൽപ്പറഞ്ഞ രണ്ട് അറ്റങ്ങൾക്കും ഇടയിലായിരിക്കും ചിലപ്പോൾ ഈ കേസിന്റെ സ്ഥാനം.അതായത് കറുപ്പും വെളുപ്പും മാത്രമല്ല അതിനിടയിലുള്ള ഒരു ഗ്രേ വേർഷൻ കൂടി ബഹുഭൂരിപക്ഷം സംഭവങ്ങളിലും ഉണ്ടാകും. ആ ഗ്രേ ഏരിയ കൂടി പരിശോധിച്ചു പരിഹരിക്കാൻ ശ്രമിച്ചാൽ മാത്രമേ നീതിയും നവോത്ഥാനവും സ്ത്രീ ശാക്തീകരണവും ഒക്കെ സംഭവിക്കുകയുള്ളൂ. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ചൂഷണങ്ങൾ സിനിമയിൽ എങ്ങനെ സംഭവിക്കുന്നു എന്നുള്ള വിലയിരുത്തലുകളാണ് നിലവിൽ ആവശ്യം.

ഒരു പെൺകുട്ടി ശരീരഭാഗങ്ങൾ കാണിക്കും വിധമുള്ള വസ്ത്രങ്ങൾ ധരിച്ചു ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്താൽ തന്നെ അവരെ വാക്കുകളിൽ കൂടിയോ അല്ലാതെയോ ലൈംഗികമായി ആക്രമിക്കാനുള്ള ലൈസൻസ് തനിക്കുണ്ട് എന്ന ധരിക്കുന്ന നിരവധി മനുഷ്യരുള്ള സമൂഹമാണ് നമ്മുടെത്. അതിന്റെ ഒരു പരിച്ഛേദം മാത്രമാണ് സിനിമയും.

ഒരു വാർത്ത അറിഞ്ഞ ആദ്യത്തെ കുറച്ചു മണിക്കൂറുകൾ കൊണ്ട് കുറ്റക്കാരെയും നായകനെയും നായികയേയും പ്രഖ്യാപിച്ചു കൊണ്ട് ഒരു പൊതുബോധം സൃഷ്ടിക്കുകയാണ് നമ്മൾ. അതുകൊണ്ട് എന്താണ് നേട്ടം ഉണ്ടാവുന്നത്. സാമൂഹികമായി താത്കാലികമായ ഒരു ആവേശം സൃഷ്ടിക്കപ്പെടും എന്നല്ലാതെ സ്ഥായിയായ മാറ്റങ്ങൾ സംഭവിക്കുമോ .സാമൂഹിക യാഥാർഥ്യങ്ങൾ അതിന്റെ അടിത്തട്ടിൽ നിന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവാതെ സാധാരണ മനുഷ്യർക്ക് ഇതൊക്കെ പ്രചോദനമാവുകയോ അവർക്കതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ സാധിക്കുകയോ ഇല്ല. ഇത്തരം പ്രശ്നങ്ങൾ ഒരിക്കൽ സംഭവിച്ച് പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്നതിന്റെ കാരണവും അത് തന്നെയാണ്. സകല മേഖലകളിലും ഇതുപോലൊരു കമ്മിറ്റി വന്നാൽ തീരാവുന്ന ആവേശം മാത്രമായി സിനിമയ്ക്കെതിരെയുള്ള ഈ ആവേശം ഒതുങ്ങി പോകുകയും ചെയ്യും.

സിനിമ ഭ്രമിപ്പിക്കുന്ന ഒരു ലോകമാണ്.ഒരു പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഐഎസ്ആർഒ ചെയർമാനോ കലക്ടർക്കോ പോലും ലഭിക്കാത്ത സെലിബ്രിറ്റി ഇമേജും ആരാധക വൃന്ദങ്ങളും ആണ് ഒരു സാധാരണ സിനിമാതാരത്തിനോ അഭിനേതാവിനോ പോലും ഉണ്ടാവുന്നത്.

ഉദ്ഘാടന ചടങ്ങുകളിലും പലവിധ പരിപാടികളിലും മറ്റാർക്കും ലഭിക്കാത്ത മൂല്യം അവർക്ക് ലഭിക്കുന്നതും അതുകൊണ്ടുതന്നെയാണ്. രാജ്യത്തെ ഉന്നത പദവികളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ദിവസവും എന്തൊക്കെ ചെയ്യുന്നു എന്ന് നമ്മൾ അന്വേഷിക്കാറില്ല.പക്ഷേ ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും വീഡിയോകൾ വഴിയും റീൽസുകൾ വഴിയും നമ്മൾ നിരന്തരം പിന്തുടരുന്നുണ്ട്. സിനിമ ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്നലോകം ആയതുകൊണ്ടാണ് അവിടെ നടക്കുന്ന ഏത് സംഭവങ്ങൾക്കും ഇത്രയധികം കാഴ്ചക്കാർ ഉണ്ടാകുന്നത്. അത് കൂടാതെ മറ്റെവിടെ ഉള്ളതിനേക്കാളും ആൺ പെൺ ഇടപെടലുകൾക്കുള്ള സാധ്യത സിനിമയിലേറെയാണ്. മറ്റാർക്കും ലഭിക്കാത്ത പ്രിവിലേജുകൾ അനുഭവിക്കാൻ സാധിക്കുന്ന സിനിമ തീർക്കുന്ന ഗ്ലാമർ ലോകം ഒരല്പം അസൂയയോടെയാണ് നമ്മളൊക്കെ നോക്കി കണ്ടിട്ടുണ്ടാവുക.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്.പക്ഷെ അതിലൂടെ പുറത്തേക്ക് വരുന്ന പ്രശ്നങ്ങൾക്ക് സിനിമാ ലോകം മാത്രം കേന്ദ്രീകരിച്ചു കൊണ്ട് ഒരിക്കലും പരിഹാരം ഉണ്ടാക്കാൻ സാധ്യമല്ല. കാരണം ഇത് കേവലം സിനിമയിൽ മാത്രം സംഭവിക്കുന്ന പ്രശ്നമല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ അബോധ മനസിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ആണധികാര ബോധങ്ങളിൽ നിന്ന് ഉണ്ടാവുന്നതാണ്. അത് സമൂഹത്തിലാകെ ബാധിച്ചിരിക്കുന്ന വ്യാധിയാണ്. ഒരു ദിവസം ഇന്ത്യയിൽ എത്ര സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ള കണക്കുകൾ എടുത്തു നോക്കൂ. ബലാൽക്കാരമായ അതിക്രമങ്ങൾ നടക്കുന്നത് സിനിമയേക്കാൾ കൂടുതൽ വീടുകളിലും പൊതു ഇടങ്ങളിലും ആശുപത്രികളിലും ട്രെയിനിലും മറ്റു തൊഴിൽ ഇടങ്ങളിലും ഒക്കെയാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ സിനിമാ മേഖലയിൽ റേപ്പ് ചെയ്തു കൊലപ്പെടുത്തുന്നത് പോലെയുള്ള വയലൻസ് കുറവാവാം. ശാരീരികമായ അതിക്രമങ്ങൾ പോലെയോ അതിലേറെയോ ഭീകരമാണ് മാനസികമായ പീഡനങ്ങളും എന്ന് കൂട്ടി വായിക്കേണ്ടതുണ്ട്.

അധികാരസ്ഥാനവും സ്വാധീനങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടുള്ള ലൈംഗികവും അല്ലാതെയുമുള്ള ചൂഷണങ്ങൾ ഒരിക്കലും സിനിമയിൽ മാത്രം നടക്കുന്ന സംഭവമല്ല. രാഷ്ട്രീയം,മാധ്യമ സ്ഥാപനങ്ങൾ,ഐടി മേഖല,വിവിധ സർക്കാർ സർക്കാർ ഇതര ഓഫീസുകൾ, മെഡിക്കൽ കോളേജുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ,ആത്മീയ ഇടങ്ങൾ അങ്ങനെ ഇത്തരം ചൂഷണങ്ങൾ നടക്കാത്ത ഇടങ്ങളില്ല. സിനിമാമേഖലയിലേക്ക് മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചാൽ അതിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നു. ഇത് നമ്മുടെ സമൂഹത്തിൽ അടിയുറച്ചു പോയ ആണധികാര രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി കാലങ്ങളായി സംഭവിച്ചു കൊണ്ടേയിരിക്കുന്ന അന്യായമാണ്.

സ്ഥാനകയറ്റങ്ങൾക്കും,വലിയ പ്രൊജക്റ്റ് വർക്കുകളിലേക്കുള്ള പ്രവേശനങ്ങൾക്കും മറ്റുമായി ഐടി മേഖലയിലും മറ്റു ഓഫീസുകളിലും അടക്കം സ്ത്രീകൾക്ക് ലൈംഗികമായ നിബന്ധനകൾ ഏർപ്പെടുത്തുന്ന സീനിയർ ഉദ്യോഗസ്ഥരുണ്ട്. സമാനമായ അനുഭവങ്ങൾ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഏതെങ്കിലും ഒരു മേഖലയുടെ കോണിലൂടെ മാത്രം വീക്ഷിക്കാനോ എല്ലാ മനുഷ്യരും ഇതുപോലെയാണ് എന്ന നിഗമനത്തിലെത്തിച്ചേരാനോ സാധിക്കില്ല. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോലും വിവിധ വശങ്ങളുണ്ട്. തന്റെ അധികാരസ്ഥാനം ഉപയോഗിച്ച് സമ്മതം അല്ലെങ്കിൽ വിശ്വാസ്യത നേടിയെടുക്കുക എന്ന പ്രക്രിയ വളരെ കൗശലപൂർവ്വം നടപ്പാക്കുന്നവരുണ്ട്. എല്ലാം അറിഞ്ഞുകൊണ്ട് ലൈംഗിക താൽപര്യങ്ങൾക്ക് സമ്മതം നൽകുന്നവരുണ്ട്. ഇതൊന്നുമല്ലാതെ നൈമിഷികമായതോ അല്ലാതെയോ ഉള്ള പ്രണയബന്ധങ്ങളും സംഭവിക്കാം. ഇരയാക്കപ്പെട്ട വ്യക്തിക്ക് പലപ്പോഴും താൻ ഇതിന്റെ ഇരയാണ് എന്ന് ബോധ്യപ്പെടണമെന്നില്ല.അതുകൊണ്ടുതന്നെ അവർക്ക് പരാതികളും ഉണ്ടാവില്ലെന്ന് വരാം. നാളുകൾ കഴിഞ്ഞാണ് താൻ ചൂഷണം ചെയ്യപ്പെട്ടു എന്ന് ആ വ്യക്തിക്ക് ബോധ്യപ്പെടുന്നത് എങ്കിൽ അന്ന് അവർ പരാതിപ്പെടുന്നതിലും യാതൊരു തെറ്റുമില്ല.

ചില അവസരങ്ങളിൽ ചൂഷണം നടക്കുകയും ആ ചൂഷണത്തിന്റെ ദുരനുഭവം ഇരയ്ക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. മറു വശത്ത് ചൂഷണം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാൾക്ക് വഴങ്ങി കൊടുക്കുന്നത് നമ്മുടെ കാര്യങ്ങൾ എളുപ്പമാക്കും എന്ന തരത്തിൽ ചിന്തിച്ച് അതിനെ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഫലം എന്തുതന്നെയായാലും നടക്കുന്ന പ്രവൃത്തി ചൂഷണമാണ്. അറിഞ്ഞുകൊണ്ട് കൈക്കൂലി കൊടുത്താലും നിവൃത്തികേട് കൊണ്ട് കൈക്കൂലി കൊടുത്താലും കൈക്കൂലി എന്നത് തെറ്റാണ് എന്നതുപോലെയാണത്. സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചാൽ അതിന്റെ പ്രതിഫലം നൽകുക അവരെക്കൊണ്ട് ആ ജോലി എടുപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ആ വ്യക്തിയിൽ നിന്ന് ആവശ്യപ്പെടാൻ വേറൊരാൾക്ക് അർഹതയില്ല. പല സാഹചര്യങ്ങൾ കൊണ്ടും ജോലി ചെയ്യുക എന്നതിനപ്പുറം ആ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കിയ വ്യക്തിക്ക് നമ്മുടെ ഇഷ്ടപ്രകാരമോ അല്ലാതെയോ അവർ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം ചെയ്തു കൊടുക്കേണ്ടി വരുന്നതിനെ ചൂഷണം എന്നു മാത്രമേ വിളിക്കാൻ സാധിക്കൂ.
ആധുനിക സമൂഹത്തിലേക്ക് വന്നു കഴിഞ്ഞാൽ ഇത്തരം സംഭവങ്ങൾ ആണ് പെണ്ണിനെ ചൂഷണം ചെയ്യുന്നു എന്നതിലേക്ക് മാത്രം ചുരുക്കാൻ സാധിക്കുന്ന വിഷയവുമല്ല. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീകളും തന്റെ കീഴിൽ ജോലി ചെയ്യുന്ന പുരുഷന്മാരോട് ഇത്തരം നിബന്ധനകൾ വയ്ക്കുകയോ അല്ലെങ്കിൽ കൗശലപൂർവ്വമുള്ള ഇടപെടലുകൾ നടത്തുകയോ ചെയ്യാറുണ്ട്. അത്തരം വസ്തുതകൾ നിലനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ അധികാര സ്ഥാനങ്ങളിൽ ബഹുഭൂരിപക്ഷവും പുരുഷന്മാർ ആയതുകൊണ്ടും സ്ത്രീ ശരീരം ഒരു ഭോഗവസ്തു മാത്രമാണ് എന്ന ബോധ്യങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാത്ത മനുഷ്യരാണ് സമൂഹത്തിൽ കൂടുതൽ എന്നതുകൊണ്ടും സ്ത്രീകൾക്കെതിരെയുള്ള ഇത്തരം ചൂഷണങ്ങൾ താരതമ്യേന കൂടുതലായിരിക്കും.

ഒരാൾ മറ്റൊരാളോട് ലൈംഗികബന്ധത്തിന് താല്പര്യ പ്രകടിപ്പിക്കുക എന്നത് ഒരു തെറ്റായ കാര്യമല്ല. പക്ഷേ താല്പര്യം ഇല്ല എന്ന ഉത്തരം ലഭിച്ചു കഴിഞ്ഞാൽ അത് അംഗീകരിക്കാതെ തന്റെ അധികാരസ്ഥാനമോ പണമോ സ്വാധീനമോ ഉപയോഗിച്ചുകൊണ്ട് എതിർവശത്ത് നിൽക്കുന്ന വ്യക്തിയുടെ കരിയറിന്റെ വളർച്ചയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയും അവരുടെ ന്യായമായ പല ആവശ്യങ്ങൾക്കും തടസ്സം നിൽക്കുകയും ചെയ്തുകൊണ്ട് പ്രതികാരപൂർണ്ണമായ നടപടികളിലേക്ക് കടക്കുന്നവരുണ്ട്. ബലമായി ലൈംഗിക താൽപര്യങ്ങൾക്ക് നിർബന്ധിക്കുക, ഭീഷണികളിലൂടെയോ വൈകാരികമായ ഇടപെടലുകളിലൂടെയോ അത്തരം പ്രവർത്തികളിലേക്ക് അവരെ കൊണ്ടുപോവുക എന്നതൊക്കെ സിനിമാ മേഖല മാത്രം ഉത്തരം പറയേണ്ട വിഷയങ്ങളല്ല. കരിയറിന്റെയും പഠനത്തിന്റെയും ജോലിയുടെയോ മറ്റ് ആവശ്യങ്ങളുടെയോ ഒരു സുപ്രധാന ഘട്ടത്തിൽ തന്റെ അധികാരസ്ഥാനം ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റൊരു വ്യക്തിക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കുകയും പിന്നീട് ഒരു അവസരത്തിൽ നിന്റെ ആ നേട്ടങ്ങൾക്ക് കാരണം ഞാനാണ് എന്ന മാനസികമായ ബാധ്യതകൾ ചുമത്തിക്കൊണ്ട് മറുവശത്തു നിൽക്കുന്ന വ്യതിയെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഇങ്ങനെയുള്ള ആവശ്യങ്ങൾ മറ്റൊരാളോട് ഉന്നയിക്കാൻ ഒരു വ്യക്തിക്ക് ധൈര്യം കൊടുക്കുന്നത് പ്രധാനമായും അയാളുടെ അധികാര സ്ഥാനമോ സ്വാധീനമോ ഒക്കെയാവാം.

ഇത്തരം നടപടികളിൽ ഭയന്ന്, ഉന്നതർക്ക് മുമ്പിൽ കാഴ്ച വസ്തുക്കളായി നിന്നു കൊടുക്കേണ്ടി വരുന്നവരുണ്ട്. ചൂഷണങ്ങളിലും പ്രതികാരനടപടികളിലും മനം മടുത്ത് കരിയറും ജോലിയും പഠനവും റിസർച്ചുകളും ഒക്കെ അവസാനിപ്പിക്കുന്നവരുണ്ട്. അത്തരം കാര്യങ്ങൾ തുറന്നു പറയുന്ന സ്ത്രീയെ കുറ്റക്കാരിയാക്കുന്ന സമൂഹമാണ് നമ്മുടേത് എന്നുള്ള ഭയം പലപ്പോഴും അതേക്കുറിച്ചുള്ള തുറന്നു പറച്ചിലുകളിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കും.

ഭരണകൂടവും ഓഫീസുകളും കോളേജുകളും സ്കൂളുകളുമൊക്കെ നിർദ്ദേശിക്കപ്പെട്ട സ്ഥാനങ്ങളിൽ വ്യക്തികളെ വിന്യസിച്ചു കൊണ്ട് പ്രത്യേക ചട്ടക്കൂടുകളിലാണ് പ്രവർത്തിക്കുന്നത് .
എന്നാൽ സിനിമയും രാഷ്ട്രീയവും പലപ്പോഴും കൃത്യമായ ഘടനാ സംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്നതല്ല. ജോലി സമ്പ്രദായങ്ങളിൽ പലവിധ ഹൈറാർക്കികൾ നിലനിൽക്കുന്ന ഇടങ്ങളാണ് ഇവ. ഓഫീസുകൾ പോലെ ചട്ട പ്രകാരം കൃത്യമായി നിർവചിക്കപ്പെട്ട സ്ഥാനങ്ങളും നിയമങ്ങളുമൊന്നും വലിയ രീതിയിൽ ഈ രണ്ടു മേഖലകളിൽ നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ സിനിമയിൽ ഇത്തരം ചൂഷണങ്ങൾ പ്രകടമായി കണ്ടേക്കാം. സിനിമ സ്വപ്നം കണ്ട് മുന്നോട്ടുവരുന്ന സാധാരണക്കാരിയായ ഒരു പെൺകുട്ടിയോട് ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ അറിയപ്പെടാത്ത ചില അണിയറ പ്രവർത്തകർ സിനിമയുടെ നിർമ്മാതാവിനെയും സംവിധായകനെയും ഒക്കെ സ്വാധീനിക്കാൻ കഴിവുള്ള മറ്റൊരു വ്യക്തിക്ക് വഴങ്ങി കൊടുത്താൽ മാത്രമേ ഈ സിനിമയുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് ആവശ്യപ്പെടുന്ന അവസരങ്ങൾ ഉണ്ടാകാം. യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു സ്ഥാനം ഈ സിനിമയിൽ തനിക്കുണ്ട് എന്ന ഒരു മിഥ്യാബോധം ആ പെൺകുട്ടിയിൽ ഉണ്ടാക്കിയെടുത്തു കൊണ്ട് ചൂഷണം ചെയ്യാനുള്ള സാധ്യതകൾ സിനിമയിൽ ഏറെയാണ്. ഇത്തരം സംഭവങ്ങൾ പലപ്പോഴും ആ സിനിമയുടെ സംവിധായകനോ മുഖ്യനിർമ്മാതാവോ പ്രധാനപ്പെട്ട നടീ നടന്മാരോ അറിയണമെന്നില്ല. സിനിമയിലും രാഷ്ട്രീയത്തിലും അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യക്തികൾ അറിയാതെ തന്നെ ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കാനുള്ള സാധ്യതകൾ ഏറെയാണ്.

സിനിമയിൽ ആദ്യത്തെ അവസരം ലഭിക്കുന്നതിന് മുതൽ അത് തുടരാൻ ലൈംഗികമായ നിബന്ധനകൾ വയ്ക്കുകയും തൊഴിലുമായി ബന്ധപ്പെട്ട യാത്രകളിലും താമസസ്ഥലങ്ങളിലും ചൂഷണങ്ങളും ലൈംഗിക അതിക്രമങ്ങളും സ്ത്രീകൾ നേരിട്ടിട്ടുണ്ട് എന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവാതെ വരുമ്പോൾ ഉള്ള പ്രശ്നങ്ങൾ വിവരിക്കുന്നുണ്ട്,വ്യക്തി താൽപര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ കരാറുകൾ ലംഘിക്കുന്ന അവസ്ഥകൾ ഉണ്ടാകുന്നുണ്ട്,പല രീതികളിലായി വഴങ്ങിയില്ലെങ്കിൽ ജോലി നിഷേധിക്കും എന്നുള്ള ഭീഷണികൾ ഉണ്ടാകുന്നുണ്ട്.ഇതൊക്കെ വിരൽ ചൂണ്ടേണ്ടത് സിനിമാമേഖലയോടൊപ്പം തന്നെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കൂടിയാണ്.

ഒരു ആൺകുട്ടി സിനിമ മോഹവുമായി നടക്കുമ്പോൾ ചുറ്റുമുള്ളവർക്ക് അത് അംഗീകരിക്കാൻ വലിയ തടസ്സങ്ങൾ ഉണ്ടാവില്ല.പക്ഷെ സിനിമ മോഹങ്ങളുമായി നടക്കുന്ന ഒരു പെൺകുട്ടിക്ക് സമൂഹത്തിന്റെ പിറുപിറുക്കലുകളും അധിക്ഷേപങ്ങളും അടക്കം വലിയ വെല്ലുവിളികളാണ് മുന്നിലുണ്ടാവുക. അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്ന് മാത്രമല്ല സാമൂഹിക മാറ്റങ്ങളിലൂടെ എങ്ങനെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താം എന്നുള്ള കൃത്യമായ അവബോധം ജനങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്.എല്ലാ വ്യക്തികൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ചൂഷണങ്ങൾക്ക് വിധേയരാകാതെ കൃത്യമായി, ഉൽപാദനക്ഷമതയോടെ തന്റെ കരിയറിൽ മികച്ച വളർച്ച ഉണ്ടാക്കിക്കൊണ്ട് ജോലി ചെയ്യാനുള്ള സാധ്യതകൾ സിനിമ ഉൾപ്പെടെ എല്ലാ മേഖലകളിലും ഉറപ്പുവരുത്തുക എന്നത് ഭരണകൂടത്തിന്റെ മാത്രമല്ല സമൂഹത്തിന്റെയും ബാധ്യതയാണ്. ഇതിൽനിന്നൊക്കെ ഒഴിഞ്ഞുമാറിക്കൊണ്ട് സിനിമ മേഖലയെ അടച്ചാക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത പുരോഗമന സമൂഹത്തിന് ചേർന്നതല്ല. സിനിമയിലെ സ്ത്രീകൾ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നില്ല, അതുകൊണ്ടാണ് അവർക്ക് ഒരു പുരുഷ അഭിനേതാവിന് സാധിക്കുന്ന രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ വരുന്നത് എന്ന വിമർശനങ്ങൾ ഉണ്ടാകാറുണ്ട്.ഒരു പുരുഷനെക്കാൾ നിരവധി പ്രതിസന്ധികൾ ഒരു സ്ത്രീ സിനിമാ മേഖലയിലും മറ്റു പല മേഖലകളിലും അനുഭവിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടല്ലാതെയുള്ള അത്തരം വിമർശനങ്ങൾക്ക് യാതൊരു മൂല്യവും ഇല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം സിനിമാജീവിതത്തിൽ ഉയർച്ച സംഭവിച്ച എല്ലാ നടികളും പല വിട്ടു വീഴ്ചകൾ ചെയ്തവർ ആയിരിക്കും എന്ന അനുമാനങ്ങളിലേക്ക് എത്തുമ്പോൾ അതേ മേഖലയിൽ തിളങ്ങി നിൽക്കുന്ന ആൺ താരങ്ങൾക്ക് അത്തരം അധിക്ഷേപം കേൾക്കേണ്ടി വരുന്നില്ല എന്നത് സൂചിപ്പിക്കുന്നത് ഈ വിഷയത്തെ സിനിമയിൽ മാത്രം ഒതുക്കാതെയുള്ള അവബോധ നിർമാണം ആവശ്യമാണ്‌ എന്ന യഥാർഥ്യത്തിലേക്കാണ്. ഒരു വ്യക്തിയുടെ കരിയറിന്റെയോ ജോലിയുടെയോ ജീവിത സാഹചര്യങ്ങളുടെയോ ഉന്നമനം അയാളുടെ കഴിവും ആ കഴിവ് മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കാനുള്ള സാമർത്ഥ്യവും അടങ്ങുന്ന സർഗ്ഗപരവും സൃഷ്ടിപരവുമായ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തി കൊണ്ടാവണം. അതല്ലാതെയുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നതും ചൂഷണങ്ങൾക്ക് വിധേയരാകേണ്ടിവരുന്നതും ചൂഷണം ചെയ്യപ്പെടുന്ന വ്യക്തിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെകിലും ഇല്ലെങ്കിലും അനുവദനീയമാകരുത്. അതിനു വേണ്ടത് പലപ്പോഴും നിയമങ്ങളെക്കാൾ സാമൂഹിക അവബോധമാണ്.

ഹേമ കമ്മിറ്റി എന്നത് ഒരു അന്വേഷണ കമ്മീഷൻ അല്ല എന്നും അതൊരു പഠന കമ്മറ്റിയാണ് എന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കാനുള്ള ഒരു കമ്മിറ്റിയാണ്,അതല്ലാതെ സിനിമാ മേഖലയിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിച്ചു കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുന്ന ഒരു കമ്മീഷൻ അല്ല. പഠന കമ്മറ്റി ആയതുകൊണ്ട് മാത്രമാണ് ഇത്രയധികം ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾ നിസ്സങ്കോചം അവതരിപ്പിച്ചത്. അതൊരു അന്വേഷണ കമ്മീഷൻ ആയിരുന്നെങ്കിൽ ഇത്രയധികം പേർ മൊഴി നൽകാൻ തയ്യാറാകുമായിരുന്നില്ല. ഒരു ജുഡീഷ്യൽ കമ്മീഷനിലെ മൊഴികൾക്ക് ലഭിക്കുന്ന നിയമ സംരക്ഷണം ഇത്തരം ഒരു കമ്മറ്റിയിലെ മൊഴികൾക്ക് ഉണ്ടാവുകയുമില്ല.നിയമങ്ങൾ എഴുതി വച്ചിരിക്കുന്നത് നമുക്ക് ജീവിക്കാനുള്ള ഒരു ചട്ടക്കൂട് നൽകാനാണ്. എഴുതിവെക്കപ്പെട്ട സകല നിയമങ്ങളും നൂറ് ശതമാനം പ്രാവർത്തികമാക്കാൻ ഒരു സമൂഹത്തിൽ സാധിക്കുകയുമില്ല. ചിലപ്പോൾ ഒരു കൂട്ടം മനുഷ്യർക്ക് നിയമത്തിനപ്പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്യാനും സാധിക്കും.

ഇന്ത്യയിൽ ആദ്യമാണ് ഒരു സർക്കാർ സിനിമാരംഗത്തുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്.സർക്കാരിന് സ്ത്രീകളോടുള്ള കൃത്യമായ നിലപാടും സമൂഹത്തോടുള്ള പ്രതിബദ്ധതയും അത് സൂചിപ്പിക്കുന്നു. കൃത്യമായി പേരുകൾ സൂചിപ്പിക്കുന്നില്ല എങ്കിലും നാളുകളായി നിലനിന്നുകൊണ്ടിരുന്ന പലവിധ അഭ്യൂഹങ്ങളുടെ ശാസ്ത്രീയമായതും തെളിവുകളോട് കൂടിയതുമായ സാധൂകരണമാണ് ഈ റിപ്പോർട്ട്. അതിൽ ലൈംഗികമായ അതിക്രമങ്ങൾ മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്.സ്ത്രീകൾ അനുഭവിക്കുന്ന എല്ലാത്തരം പ്രശ്നങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ ട്രോളുകളിലേക്കും ഇക്കിളി കഥകളിലേക്കും അതിക്രമ വർണ്ണനകളിലേക്കും അധിക്ഷേപങ്ങളിലേക്കുമായി ചുരുക്കാതെ പക്വമാവേണ്ടതുണ്ട്. റിപ്പോർട്ട് പൂഴ്ത്തി വെക്കുകയായിരുന്നു എന്ന് പരാതി പറയുന്നവരുണ്ട്. പ്രശ്നപരിഹാരത്തിനുള്ള കാര്യക്ഷമമായ ചർച്ചകളിലേക്ക് കടക്കാതെ എന്തിലും ഏതിലും മസാലകൾ മാത്രം അന്വേഷിക്കുന്ന അപക്വമായ ഒരു സമൂഹത്തിന്റെ മുന്നിലേക്ക് ഇത്രയധികം സെൻസിറ്റീവ് ആയ ഒരു റിപ്പോർട്ട് തുറന്നു വയ്ക്കേണ്ട ആവശ്യകതയെ കുറിച്ചും ആശങ്കയുണ്ട്.

TAGS : |

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!