മണ്ണിടിച്ചിൽ; അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനം
ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ ദേശീയ പാതയിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. തിരച്ചിൽ എന്ന് പുനരാരംഭിക്കാനാകും എന്ന് തീരുമാനിക്കാനായി ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
യോഗത്തിൽ ഇന്ത്യൻ നേവിയിലെ വിദഗ്ധരും പങ്കെടുക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നേരത്തെ നിർത്തിവച്ചിരുന്നു. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട്സ് ആയാൽ മാത്രമേ തിരച്ചിൽ സാധ്യമാവൂ. എന്നാൽ നിലവിൽ 5.4 നോട്ടാണ് അടിയൊഴുക്ക്. ഇതേ കാരണത്താലാണ് ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്താനാകാതെ മടങ്ങിയത്.
നദിയിലെ അടിയൊഴുക്ക് കുറഞ്ഞാൽ തിരച്ചിൽ സംബന്ധിച്ച തുടർനടപടികൾ തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. ജൂലൈ 16ന് രാവിലെ 8.15ഓടെയാണ് ദേശീയപാത 66ലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ 11 പേർ കാണാതായിരുന്നു. ഇതിൽ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ ഉൾപ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
TAGS: ARJUN | LANDSLIDE
SUMMARY: Decision today on restarting rescue Mission for arjun