വികസനം പരിണമിച്ച് വിലാപമാകരുത്
◾ ഷംസി
ബ്രിട്ടീഷുകാരെന്താ വയനാട് കണ്ടിട്ടില്ലായിരുന്നോ എന്നത് ഒരു സംശയമായിട്ട് ഉണ്ടായിരുന്നു. എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ അവർ വയനാടിനെ വലിയ തോതിൽ ശ്രദ്ധിച്ചില്ല. അതെന്തുകൊണ്ടായിരിക്കും? പ്രകൃതിയിലേക്കുള്ള കൈകടത്തൽ ബ്രിട്ടീഷുകാരെപ്പോലും അല്പം ചിന്തിപ്പിച്ചിരുന്നു എന്നു വേണം മനസിലാക്കാൻ! കോളനികൾ മുഴുവൻ സ്വന്തമാക്കിയിരുന്ന അവർ ഇതൊഴിവാക്കിയത് അതിന്റെ പേരിൽ വരുന്ന പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക നഷ്ടങ്ങളും മുൻപിൽ കണ്ട് കൊണ്ടായിരിക്കാം.
എത്തിയ ദേശത്തെ സംസ്ക്കാരങ്ങളും അവ സൂചിപ്പിക്കുന്ന വാക്കുകളും മാത്രമല്ല അവർ ഇംഗ്ലീഷ് ഭാഷയിൽ എഴുതി ചേർത്തത്. ‘Eco friendly' എന്ന വാക്കുകൂടിയാണ്. പരിസ്ഥിതി സംബന്ധിയായ പലതിനെയും പരിഗണിച്ചാണ് അവർ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബ്രിട്ടീഷുകാരുടെ പല കിരാത പ്രവർത്തികളെയും നമ്മൾ കുറ്റപ്പെടുത്തുമ്പോഴും ഈയൊരു മൂല്യത്തെ എടുത്തു പറയണം.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതെല്ലാം കാറ്റിൽ പറത്തി നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിന് പുറകിൽ എന്ത് ചേതോവികാരമാണ്?
വയനാടിന് വയനാടിൻ്റെ പ്രകൃതിഭംഗിയുണ്ട്. തണുപ്പുണ്ട് അതിന് പുറമെ നമ്മളിൽ അനുഭൂതി നിറയ്ക്കുന്ന മറ്റെന്തൊക്കെയോ ഉണ്ട്. സത്യത്തിൽ അത് മാത്രം ആസ്വദിച്ച് അവിടങ്ങളിലെ കെട്ടിടങ്ങളിൽ തൃപ്തിപ്പെട്ട് വരാനുള്ള മനസ്സൊന്നും ആർക്കും ഇല്ലാത്തതാവാം വയനാടിൻ്റെ ഭംഗിയിൽ മായം ചേർത്ത് തുടങ്ങിയത്.
സൗകര്യങ്ങൾ മനുഷ്യന് ആവശ്യം തന്നെ. ദേശങ്ങളിലേക്ക് എത്തിപ്പെടാനുള്ള റോഡും ആശുപത്രിയും, സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും എന്നിവയിലേക്ക് ഇൻ്റർനാഷണൽ ഹോട്ടലുകളുടെ ഫെസിലിറ്റീസ് ഉള്ള റിസോർട്ടുകളുടെ അതിപ്രസരം ചേർത്തു വെക്കുന്നതെന്തിന്. അധികമായാൽ പലതും ആപത്ത് തന്നെയാണ്.
വയനാടിൻ്റെ മുഖച്ഛായ മാറി തുടങ്ങി എന്നത് പരമ സത്യമാണ്. പ്രകൃതിയുടെ നിലനില്പിനെ പൊതിഞ്ഞ് വച്ച് കൊണ്ടുള്ള മാറ്റങ്ങളേ പാടുള്ളൂ എന്ന് പറയുമ്പോൾ എന്തിനാണ് മനുഷ്യരിൽ പലരും ചിരിക്കുന്നത്?
പല കാരണങ്ങളാൽ മരിച്ച് വീഴുന്നവരെ നോക്കി പതം പറയുമ്പോൾ ഇത്തരം സാധ്യതകൾ ചൂണ്ടിക്കാട്ടുമ്പോൾ ഉള്ളിലെ രാഷ്ട്രീയവും മതവും പുറത്തേക്ക് നീണ്ട് വരുന്നത് എന്ത് കൊണ്ടാണ്?
അപ്പൊ മനുഷ്യത്വം അവരിൽ വിദൂരത്ത് എവിടെയോ തന്നെയാണ് ഉള്ളത് എന്ന് പറയേണ്ടിവരുന്നു. ദുഃഖവും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളുമൊക്കെ രാഷ്ട്രീയവും, മതവും ആദർശവും മുൻനിർത്തിയിട്ട് തന്നെയാണ് നടക്കുന്നത്. പച്ചമനുഷ്യനായി കാര്യങ്ങളെ വിലയിരുത്താൻ അപൂർവ്വം പേരായി ചുരുങ്ങി വരുന്നു.
നൈമിഷികമായ ഒരു ദുഃഖാചരണം മാത്രം ! അല്ലാത്ത പക്ഷം ദുരന്തങ്ങളെ (ഏത് തരത്തിലുള്ളതും) എങ്ങനെ ചെറുക്കാം അവസാനിപ്പിക്കാം എന്നതിനെപ്പറ്റി ഒരു ചിന്തയെ ഓടിക്കാൻ പോലും മടിക്കുന്നതെന്തിന് എന്നത് വല്ലാതെ പ്രയാസപ്പെടുത്തുന്നു.
ഒരിക്കൽ വയനാട്ടിലെ കാട്ട് വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ആനയും പുലിയുമിറങ്ങുന്ന സ്ഥലത്ത് ഒരു കൊച്ചു പീടിക കണ്ടു. തേൻ മിഠായി, പുളി മിഠായി, കടല മിഠായിയൊക്കെ തൂക്കിയിട്ട് വില്ക്കാനായി ഇരിക്കുകയായിരുന്നു ആ ദമ്പതികൾ! ഞാൻ മിഠായി വായിലിടുന്ന നേരം അവരോട് ചോദിച്ചു നിങ്ങൾക്കിവിടെ ജീവിയ്ക്കാൻ പേടിയാകാറില്ലേ എന്ന്
“ഇല്ല ഞങ്ങളിവിടെ ജനിച്ച് വളർന്നവരല്ലേ, ഞങ്ങൾക്കീ പ്രകൃതിയെ അറിയാം മൃഗങ്ങളെ അറിയാം അവരിറങ്ങുന്ന സമയമറിയാം, പക്ഷേ അഞ്ച് വർഷം മുൻപ് ഞങ്ങളിലൊരാളെ ഉറങ്ങിക്കിടക്കുന്ന സമയത്ത് കടുവ കൊണ്ട് പോയിട്ടുണ്ട്. അവരുടെ ആവാസ വ്യവസ്ഥ തകരുമ്പോൾ നാട്ടിലേക്ക് ഇറങ്ങുന്നതായിരിക്കണം. മാത്രമല്ല ഞങ്ങളിനി എങ്ങോട്ട് പോകാനാണ് ഞങ്ങളെ നാട് ഇതല്ലേ “
അവർക്കവിടം പ്രിയപ്പെട്ടതായിരുന്നു. വിശ്വാസമായിരുന്നു. വയനാട്ടിലെ ചൂരൽമലയിൽ രണ്ടു ദിവസം മുൻപ് കിടന്നുറങ്ങാൻ പോയി മരിച്ച് മണ്ണിലടിയിലായിപ്പോയ മനുഷ്യർക്കും ഇതേ വിശ്വാസമായിരുന്നു. അവരുടെ നാടിനോട് അത്രകണ്ട് സ്നേഹമായിരുന്നു. പ്രകൃതി ഒരു മുന്നറിയിപ്പുമില്ലാതെ ചതിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണല്ലോ മനുഷ്യർ ജീവിയ്ക്കുന്നത്.
പ്രകൃതിയെ നിലനിർത്തുകയെന്നാൽ ജീവനെ നിലനിർത്തുക തന്നെയാണ്. അതുകൊണ്ട് തന്നെയാവാം പ്രകൃതി നമുക്ക് പല പ്രതിഭാസങ്ങളിലൂടെ മുന്നറിയിപ്പ് തന്നുക്കൊണ്ടിരിക്കുന്നത്.
വയനാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മേപ്പാടിയെന്നും, ഈയടുത്ത കാലയളവിൽ പരിസ്ഥിതി സൗഹാർദ്രപരമായ റിസോർട്ടുകൾ കൂടാതെ പാറ തുരന്നും മണ്ണ് മാന്തിയും നിരവധി റിസോർട്ടുകൾ അവിടെ പണിതിട്ടുണ്ട് എന്നും അവിടത്തെ ഒരു പ്രദേശവാസിതന്നെ സൂചിപ്പിച്ചിട്ടുണ്ട്. പലതും ഇന്ന് മണ്ണിനടിയിലായിരിക്കുകയാണ്. ഇവയുടെയൊക്കെ നിർമ്മാണത്തിൽ കർക്കശമായ മാനദണ്ഢങ്ങൾ അധികാരികൾ കല്പിച്ചിരുന്നുവെങ്കിൽ, അവ പാലിച്ചിരുന്നുവെങ്കിൽ ശക്തമായ മില്ലീമീറ്റർ മഴയെ മാത്രം കുറ്റം പറഞ്ഞിരിക്കാമായിരുന്നു.
ഉരുൾപൊട്ടലിന് കാരണങ്ങൾ പലതുമുണ്ടായിരിക്കേ വെറും മഴയെ കുറ്റം പറഞ്ഞിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.
ഭൂമിയിലെ മടക്കുകളിലും, ചുളിവുകളിലും രൂപവ്യത്യാസം വരുത്തി ക്വാറികൾ പണിയുമ്പോൾ ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ പതിവിന് വിപരീതമായി രൂപീകരിക്കപ്പെടുമ്പോൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിൻ്റെ അളവ് കൂടുകയാണോ, കുറയുകയാണോ ചെയ്യുന്നത്. ? ഇതൊക്കെ ചോദിക്കുന്നത് വയനാട്ടിലെ ശാസ്ത്രം പഠിക്കാത്ത സാധാരണ മനുഷ്യരാണ്. വെള്ളത്തിൻ്റെ ഒഴുക്കിന് വേണ്ടി പ്രകൃത്യാ നിർമ്മിക്കപ്പെട്ട ചാലുകളും, കീറുകളും ഗതിമാറ്റുകയോ അപനിർമ്മിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ഭൂമിയുടെ താളം തെറ്റുകയെന്ന് പണ്ടുള്ളവർ പറയുമായിരുന്നത്രേ. പ്രകൃതിനിരീക്ഷണം ജീവിതത്തിൻ്റെ ഭാഗമാക്കി അവർ ജീവിച്ചത് പ്രകൃതിയും മനുഷ്യനും ഇഴചേരുന്നിടത്താണ് ഭൂമിയുടെ നിലനില്പ് എന്ന തിരിച്ചറിവിലൂടെയായിരിക്കണം.
പ്രകൃതിയ്ക്ക് മനുഷ്യനേയും മനുഷ്യന് പ്രകൃതിയേയും വേണം.! രണ്ടും പരസ്പര പൂരകങ്ങളായാണ് ജീവിക്കേണ്ടത്. അതിൻ്റെ റിഥം തെറ്റിക്കാനായി ചിലർ കടന്ന് വരും പ്രകൃതിയും മനുഷ്യനും അരയാലിൻ്റെ വേര് പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കേണ്ടതാണെന്ന വസ്തുത തിരിച്ചറിയാതെ.
കുറച്ച് കാലം മുൻപ് വരെ വയനാട്ടിലോട്ട് സ്ഥലം വാങ്ങാനുള്ള ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം.
ഇന്ന് വയനാട്ടിൽ സ്ഥലം വാങ്ങുന്നവരുടെ തിക്കും തിരക്കും കൂടിയിട്ടുണ്ട്. തുച്ഛമായ വിലയിൽ ഭൂമി കിട്ടുന്നുവെന്നുള്ളതും പിന്നീട് ഇടിച്ച് നിരത്തി ഏത് വിധേനയും പരുവപ്പെടുത്താമെന്നുമുള്ള മോഹത്താലാണ് എല്ലാവരും വാങ്ങിക്കൂട്ടുന്നുണ്ടാവുക, മലഞ്ചെരുവുകളിൽ നാണ്യവിളകൾക്കായി പോലും പരിധിയിൽ കവിഞ്ഞ മരങ്ങൾ വെട്ടിനശിപ്പിക്കാൻ പാടില്ല എന്നിരിക്കെ മരങ്ങളിങ്ങനെ വെട്ടിനശിപ്പിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്.
വയനാട്ടിലൂടെ മൈസൂരുവിലേക്ക് പോകുമ്പോൾ കാണുന്ന പാതയാണ് ബന്ദിപൂർ റോഡ്. ഒരുപാട് കാലം പത്രങ്ങളിൽ നിറഞ്ഞു നിന്ന റോഡ്. ഇതിലൂടെ മൈസൂരുവിലേക്ക് രാത്രികാലത്തെ സഞ്ചാരത്തിന് വേണ്ടി കേരള സ്റ്റേറ്റ് ആര്‍.ടി.സി യും കര്‍ണാടക സർക്കാറും എത്രയോ കാലം നിയമ യുദ്ധം നടത്തിയിരുന്നു. അവസാനം പിൻവാങ്ങേണ്ടി വന്നു കേരളാ സർക്കാറിന്. കാരണം കര്‍ണാടക സർക്കാറിന്റെ വനഭൂമി സംരക്ഷണത്തിലുള്ള ശുഷ്ക്കാന്തി തന്നെ. മൈസൂരുവിലെ ചാമുണ്ടി ഹിൽസ് എത്രയോ കാലമായി അങ്ങനെ തന്നെയാണ്. ആയിരക്കണക്കിന് ആളുകൾ വരുന്ന പ്രദേശമായിട്ടും ഒരു നിർമ്മാണ പ്രവൃത്തിയും നടത്തിയിട്ടില്ല. ബെംഗളൂരുവിലെ നന്തി ഹിൽസും ഇതുപോലെ തന്നെയാണ് എന്നറിയുന്നു. കാലങ്ങളായി പിന്തുടർന്ന് വരുന്ന രീതി ആധുനിക സൗകര്യത്തിലേക്ക് മാറ്റാതിരിക്കാൻ അവരെ തടസ്സപ്പെടുത്തുന്ന കാര്യം എന്തായിരിക്കും ? പ്രകൃതി പ്രത്യാക്രമണം നടത്തും എന്ന ഉൾബോധം തന്നെ.
കര്‍ണാടകയിൽ മറ്റു പല സ്ഥലങ്ങളിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടാവാം അവയൊന്നും വിസ്മരിക്കുന്നില്ല, എന്നാലും മുകളിൽ പറഞ്ഞത് നമുക്ക് പാഠങ്ങൾ തന്നെയാണ്. മരങ്ങൾ വച്ചു പിടിപ്പിക്കാൻ ഇത്രത്തോളം ശ്രമിച്ചത് കൊണ്ടാണ് തിരക്കേറിയ നഗരമായിട്ടും ബെംഗളൂരുവില്‍ വായു മലിനീകരണം കുറയാൻ കാരണം എന്ന് എവിടെയോ വായിച്ചതോർക്കുന്നു. ചൂഷണം ചെയ്താലും ചൂഷകൻ എന്ന് വിളിക്കാത്ത ഒരേ ഒരു പ്രവൃത്തി പ്രകൃതി ചൂഷണമായിരിക്കും.
മണ്ണൊലിപ്പ് സംഭവിക്കുന്ന കാരണങ്ങളിൽ ഒരു കാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതുകാരണമാണ് പ്രകൃതി ചൂഷകർ എന്നും രക്ഷപ്പെടുന്നത്. എത്ര ചൂഷണം ചെയ്താലും ആകാശത്തിലെ വ്യതിയാനങ്ങളെ കുറ്റം പറയാലോ.
ചൂഷണം ചെയ്തത് വിളിച്ചറിയിക്കാനെങ്കിലും ആകാശത്ത് നിന്ന് വ്യതിയാനം വന്നില്ലെങ്കിൽ തിരിച്ചറിയുന്നവർ പോലും ഇതൊന്നും തിരിച്ചറിയാത്ത സ്ഥിതിയായിരിക്കും ഉണ്ടാവുക ,തെറ്റ് ബോധ്യപ്പെടുന്നിടത്ത് നിന്ന് മനുഷ്യന് തിരിച്ചറിവുണ്ടാവണം, മനുഷ്യൻ ചിന്തിച്ച് തുടങ്ങണം! പ്രകൃതിയുമായി ബന്ധപ്പെട്ട് സുഗതകുമാരി ടീച്ചറുടെ പല കവിതകളും കുറച്ച് കാലത്തേക്കെങ്കിലും ചർച്ചയാവാറുണ്ടായിരുന്നു. അത്തരം എഴുത്തുകാരും ഇപ്പോൾ കുറഞ്ഞിരിക്കുന്നു.
ദുരന്തങ്ങളെ മുൻകൂട്ടി കണ്ട് കൊണ്ട് ചിലർ പറയുന്ന കാര്യങ്ങളെ അവഗണിക്കുന്നതോടൊപ്പം പരിഹസിക്കുന്ന ഒരു ജനതയെ നമ്മുടെ ഇടയിൽ കാണുന്നുണ്ട്. ആധുനിക ലോകത്തിൽ വളർന്ന് വരുന്ന ടെക്നോളജിയുടെ കൂടെ ജീവിയ്ക്കാൻ താല്പര്യമില്ലാത്ത നരച്ച മനുഷ്യർ എന്ന കാറ്റഗറിയിലേക്ക് ഇത്തരം മനുഷ്യരെ മാറ്റിവയ്ക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത് പ്രകൃതിയെ സംരക്ഷിക്കണം എന്ന് പറയുന്ന മനുഷ്യരെ ഗുഹാവാസികളായി ചിത്രീകരിക്കുന്നു.
ചുറ്റുപാടുകൾ ആധുനികവത്ക്കരിക്കപ്പെടുമ്പോൾ സമാന്തരമായി എല്ലാ പ്രദേശങ്ങളും ആധുനികവത്ക്കരിക്കപ്പെടണം എന്നത് ഒരു പ്രായോഗികതയാണ്. ഇത്തരം ആധുനികവത്ക്കരണം നടത്തുമ്പോൾ ഒരു കരുതൽ ആവശ്യപ്പെടുക മാത്രമാണ് ഈ ‘നരച്ച മനുഷ്യർ' ചെയ്യുന്നത്!
കൃത്രിമത്വത്തിനും ,പ്രദേശത്തിന് അനുകൂലമാകാത്ത നാഗരികതയ്ക്കും പകരം പ്രകൃതിയോടുള്ള അടുപ്പത്തിന് ഊന്നൽ നൽകി കൊണ്ടായിരിക്കണം വികസനം.
സൗകര്യങ്ങളെ എന്നും ആഗ്രഹിക്കുന്നവർ തന്നെയാണ് മനുഷ്യർ, സൗകര്യങ്ങൾ വച്ചു നീട്ടുമ്പോൾ ആരും അത് തിരസ്ക്കരിക്കാറുമില്ല. പക്ഷേ അത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ നിലനില്പിന് ഭീഷണിയുണ്ടാവരുത്. ഒരു നാടിന്റെ സന്തുലനം പരിഗണിച്ചു കൊണ്ടായിരിക്കണം എല്ലാ നിർമ്മാണ പ്രക്രിയകൾ നടക്കേണ്ടത്.
അപരിഷ്കൃതമായ ഒരു പ്രദേശത്തെ പരിഷ്കൃതവത്ക്കരിക്കുമ്പോൾ ഒരോ പ്രദേശത്തിനും അതിൻ്റേതായ ഒരു ഘടനയുണ്ടെന്നത് മറന്ന് പോകരുതെന്ന് സാരം.
കാലങ്ങളായി വയനാട്ടിൽ താമസിച്ചു വരുന്ന മനുഷ്യരെ കേട്ടപ്പോൾ ഇത്രയും വലിയൊരു ദുരന്തം അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല എന്നു മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ.
പ്രകൃതിയുടെ താണ്ഢവമായി, കനത്ത മഴയുടെ കാരണമായി നമ്മൾ ഈ ദുരന്തങ്ങളെ ചേർത്ത് വയ്ക്കുമ്പോൾ പ്രകൃതിയുടെ ഇത്തരം മാറ്റത്തിൻ്റെ കാരണത്തെപ്പറ്റിയും ഒരു ആലോചന നല്ലതാണ്. തണുപ്പിന് തണുപ്പും ചൂടിന് ചൂടും കിട്ടുന്ന നാടായത് കൊണ്ടാണ് നമ്മുടെ നാട് ദൈവത്തിൻ്റെ സ്വന്തം നാടായത്. അതിശക്തമായും, ചാറ്റൽമഴയായും മൺസൂൺ അതിൻ്റെ കാലാവധി പൂർത്തിയാക്കും.
“കർക്കിടകം കഴിഞ്ഞിട്ട് പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാം ” എന്ന് പറഞ്ഞ് വീട് പണി തീർത്ത് വച്ച വയനാട്ടിലെ ഒരു കുടുംബം ഇന്നില്ല. നമ്മൾ ഇങ്ങനെ മഴയെ കരുതിയിരുന്നവരാണ്. കർക്കിടകത്തിൽ തോരാത്ത മഴയായിരിക്കുമെന്നും, തുലാത്തിൽ ഇടിയോട് കൂടിയ മഴയാണെന്നും കുംഭത്തിൽ ചുട്ടുപൊള്ളുന്ന ചൂടാണെന്നും നമുക്ക് പറഞ്ഞ് തന്നത് പ്രകൃതി തന്നെയാണ് . അതിന് താളം തെറ്റിയെങ്കിൽ അതെന്ത് കൊണ്ടായിരിക്കുമെന്നത് ‘വെറും മനുഷ്യനാ ‘ യി മാത്രം ചിന്തിച്ചാൽ കിട്ടുന്ന ഉത്തരമായിരിക്കും.
മഴക്കെടുതികൾ മനുഷ്യന് മറക്കാൻ പറ്റാത്ത വേദന സമ്മാനിക്കാറില്ല . വയനാട്ടിലെ മേപ്പാടിയെന്ന സുന്ദരമായ ഗ്രാമത്തിൽ അവശേഷിച്ചവർ ഇതെല്ലാം എങ്ങനെ മറക്കും!
◾ ഷംസി
പയ്യോളിയിൽ ജനനം. മുഴുവൻ പേര് ഷംസീറ. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ്. പ്രവാസ ലോകത്ത് പത്ത് വർഷത്തിലധികം വിവിധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു.
TAGS : ARTICLE | SHAMSHI | WAYANAD LANDSLIDE
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.