‘എഡിജിപി അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളി’; കടുത്ത ആരോപണവുമായി പി.വി അന്‍വര്‍
മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേ ഗുരുതര ആരോപണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. അജിത്കുമാര്‍ പോലീസിലെ ഒരു വിഭാഗത്തെ ക്രമിനല്‍വത്കരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതില്‍ ആകര്‍ഷിക്കപ്പെട്ടവര്‍ക്കേ കഴിയൂ എന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സർക്കാരിനൊപ്പം നിന്ന് അദ്ദേഹം സർക്കാരിനെതിരേ പ്രവർത്തിക്കുന്നുവെന്നും പി.വി. അന്‍വര്‍ പറഞ്ഞു. തന്നെ വിശ്വസിപ്പിച്ച് കാര്യങ്ങള്‍ എല്‍പ്പിച്ച അതേ സര്‍ക്കാരിനെ തകര്‍ക്കാന്‍ എങ്ങിനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്നതില്‍ റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് വാങ്ങിയ വ്യക്തിയാണ് അദ്ദേഹം', പി.വി അൻവർ ആരോപിച്ചു..
2021-ല്‍ ക്യാമ്പ് ഓഫീസില്‍നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. നേരത്തേ ഇവിടെ എസ്.ഐ. ആയിരുന്നു ശ്രീജിത്ത്. ഈ മരംമുറിക്കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നാണ് എം.എല്‍.എ.യുടെ ആരോപണം.'വി ഷേപ്പില്‍ മരമായി വളര്‍ന്ന മഹാഗണി ക്യാമ്പ് ഹൗസിനുണ്ടെന്നാണ് പറയുന്നത്. തേക്ക് മുറിക്കുന്ന സമയം ഈ ശിഖരങ്ങളില്‍ ഒന്നു മുറിക്കുകയായിരുന്നു. എന്നിട്ട്, ആ മഹാഗണി മരം ഇവിടെനിന്നും സുജിത്ത് ഐ.പി.എസ് കടത്തിക്കൊണ്ടുപോയി തിരൂരിലെ മില്ലില്‍ കൊടുത്ത് ഈർച്ച നടത്തി ഫര്‍ണിച്ചറുണ്ടാക്കി നാട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം, ലഭിച്ച വിവരം ഈ പറയുന്ന തേക്ക് മരം അത് ഇവിടെ നിന്ന് പണി കഴിപ്പിച്ച് നല്ല ഡൈനിങ് ടേബിളാക്കി എ.ഡി.ജി.പി അജിത് കുമാര്‍ കൊണ്ടുപോയെന്നാണ് പറയുന്നത്. വലിയൊരു കളവ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തി', പി.വി അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട്ട് നടന്ന ചടങ്ങില്‍ ഒരു പ്രശ്‌നമുണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏതാനും യൂട്യൂബര്‍മാര്‍ക്ക് മാത്രമാണ് പ്രശ്‌നമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗമെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
എഡിജിപി അജിത് കുമാറിന് അസിസ്റ്റന്റായി ഒരു ഐപിഎസുകാരനെ നിയമിച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ സൈബര്‍ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും, എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയക്കാരുടേയും ഫോണ്‍കോളുകളും അവിടെ ചോര്‍ത്തുന്നുണ്ട്. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോള്‍ നാട്ടിലെ ക്രൈം അന്വേഷിക്കാനല്ല. എംആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതെല്ലാം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ്. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടെ മാമി എന്നു പറയുന്ന കച്ചവടക്കാരനെ ഒരു വര്‍ഷമായി കാണാതായിട്ട്. ഇയാളെ കൊണ്ടുപോയി കൊന്നതാണെന്നാണ് വിശ്വസിക്കുന്നത്. ഈ കേസ് എങ്ങുമെത്തിയിട്ടില്ല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വേറെ വിഷയമാണ്. ഇവരുടെ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട് പലരെയും പല സ്ഥലത്തും കുടുക്കിയിട്ടുണ്ട്. സുജിത് ദാസ് ഐപിഎസില്‍ വരുന്നതിന് മുമ്പ് കസ്റ്റംസിലായിരുന്നു. കസ്റ്റംസില്‍ സുജിത് ദാസ് നിലനിര്‍ത്തുന്ന ബന്ധങ്ങളാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്വര്‍ണം കടത്താന്‍ സഹായിക്കുന്നത്. തിരുവനന്തപുരത്തെ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കസ്റ്റംസിനെ വെട്ടിച്ചു വന്ന ഒരുപാട് കേസ് സുജിത് ദാസ് പിടിച്ചിട്ടുണ്ട്. നടുറോഡിലിട്ട് പൊലീസ് പിടിക്കുന്നത് നമുക്കെല്ലാം അത്ഭുതമായിട്ടുണ്ട്. എന്നാല്‍ ദുബായില്‍ നിന്നും കാരിയര്‍മാര്‍ വഴി സ്വര്‍ണവുമായി വരുമ്പോള്‍ തന്നെ അവിടുത്തെ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം ലഭിക്കും. കസ്റ്റംസിലെ ചിലര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കടത്ത് അറിയുന്നുണ്ട്. എന്നാല്‍ അവര്‍ കണ്ടാലും കടത്തിവിടും. തുടര്‍ന്ന് പോലീസിനെ വസ്ത്രത്തിന്റെ നിറം അടക്കം വിവരം നല്‍കും. പോലീസിന്റെ ഡാന്‍സാഫ് പക്കാ ക്രിമിനല്‍സാണ്. ജോലി എംഡിഎംഎ പിടിക്കലാണെങ്കിലും, നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്ത് നടത്തി പണമുണ്ടാക്കലാണ്. പി വി അന്‍വര്‍ ആരോപിച്ചു
സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടിയാല്‍, വിമാനത്താവളം മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലാണ്, ഒരു ബിസ്‌കറ്റ് പോലും മാറ്റാന്‍ കഴിയില്ല. അതേസമയം നടുറോഡിലിട്ട് പിടിച്ചാല്‍ ആരും ചോദിക്കാനില്ല. 25 ബിസ്‌കറ്റ് പിടിച്ചാല്‍ 10 ബിസ്‌കറ്റ് മാറ്റും. ബാക്കിയാണ് കസ്റ്റംസിന് കൈമാറുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇതിനായി സുജിത് ദാസിന്റെ പഴയ കസ്റ്റംസ് ബന്ധവുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പുണ്ട്. ഇതിലാണ് ഡാന്‍സാഫും, സുജിത് ദാസും ഇവരുടെ തലവനായ എംആര്‍ അജിത് കുമാറും. ഇതെല്ലാം അന്വേഷിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു. അജിത് കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസ് സെന്‍ട്രല്‍ ജയിലിലേക്കാണ് പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെയെല്ലാം പഴി മുഖ്യമന്ത്രിക്കാണ് കേള്‍ക്കേണ്ടി വരുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.
പോലീസിലും പവർ ലോബിയുണ്ട്. പോലീസിലെ ഈ ലോബിയെ തകർക്കേണ്ടതുണ്ട്. എട്ട് മാസമായി താൻ ഇക്കാര്യങ്ങൾ അന്വേഷിക്കയായിരുന്നു. ജീവൻ അപകടിത്തിലാകുമെന്ന ഭീഷണിയുണ്ടെങ്കിലും ഈ അന്വേഷണത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പറയുന്നതിനെല്ലാം തെളിവുണ്ടെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, തനിക്കെതിരായ പരാമർശത്തിൽ പി.വി അൻവർ എം.എൽ.എയ്ക്കും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ പരാതി ഉന്നയിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനെയും നേരിൽക്കണ്ടാണ് അജിത് കുമാർ പരാതി അറിയിച്ചത്. പിന്നാലെ ഡി.ജി.പിയുടെ നേതൃത്വത്തിൽ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു.
TAGS : PV ANVAR MLA | MR AJITH KUMAR
SUMMARY : ‘ADGP Ajitkumar Dawood Ibrahim's Model Criminal'. PV Anwar with severe allegations
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.