ആത്മീയതയുടെ മഴത്താളങ്ങൾ
വരികള്‍ ഇഴചേര്‍ക്കുമ്പോള്‍ ◾ ഇന്ദിരാബാലന്‍

സാധാരണ ജീവിതത്തിലെങ്ങിനെയായിരിക്കും ആത്മീയതയുടെ ജലസ്പര്‍ശങ്ങള്‍ എന്നതിന് ദൃഷ്ടാന്തമാണ് ഡോ. അഗസ്റ്റിന്‍ ജോസഫിന്റെ ‘കണ്ണാടിപ്പുഴ വില്‍പ്പനയ്ക്ക് ‘ എന്ന ദീര്‍ഘകാവ്യം. മഴത്താളത്തിലൊഴുകുന്ന ജലസ്പര്‍ശങ്ങളായി അത് ആത്മാവിലേക്ക് കിനിഞ്ഞിറങ്ങുന്നു.
യഥാര്‍ത്ഥമായ മഹാകാവ്യം ജീവിതം തന്നെയാണ്. ഇതിഹാസസമാനമാണത്. സാത്വികവും രാജസവും താമസവും കലര്‍ന്ന മനുഷ്യര്‍ വാഴുന്നയിടം. അവിടെ സ്‌നേഹവും പ്രണയവും കാമവും വാത്സല്യവും മോഹവും കരുതലും പരിഗണനയും യുദ്ധവും മല്‍സരവുമെല്ലാം ഉണ്ട്. ആത്യന്തികമായി വിഷാദത്തിന്റെ പീത നിറമാണതിന് . ഈ കാവ്യമുടനീളം പരോക്ഷമായി അതനുഭവിക്കുന്നുണ്ട്. (അനുബന്ധം)ഭാഗം നാലിലെ ‘വിഡ്ഢി സ്തുതികള്‍ ‘ എന്നതിലെ ചെറു കവിതകളില്‍ ജീവിതത്തിന്റെ വലിയ ദര്‍ശനങ്ങളാണ് ഇഴവിടര്‍ത്തുന്നത്. വലിയ ലോകത്തിന്റെ വാതില്‍ തുറക്കുന്നു. സംഘര്‍ഷഭരിതമായ ജീവിതത്തിന്റെ കണ്ണീരുപ്പിനെ ഭദ്രമായി ഒപ്പിയെടുത്ത വരികള്‍. നശ്വരമായ ജീവിതം ഒരു ഇന്ദ്രജാലമാകുന്നു കവിക്ക്. അതിനിടയില്‍ എന്നോ മൂളി ത്തീര്‍ത്തൊരു പാട്ടിന്റെ കീറലായാണ് കവി ജീവിതത്തിന്റെ ചാക്രികതയെ കാണുന്നത്.

സൃഷ്ടിസ്ഥിതിലയ താളത്തിലമര്‍ന്നതാണ് മനുഷ്യ ജീവിതം. അസ്വസ്ഥപൂര്‍ണ്ണമായ ജീവിത ബദ്ധപ്പാടുകളുടെ മൗനദുഃഖങ്ങള്‍ വായനക്കാരനില്‍ തിടം വെക്കുന്നു. ജീവിതമാകുന്ന അടുപ്പില്‍ കരിയും പുകയുമേറ്റ് കരിഞ്ഞുണങ്ങുന്ന എത്രയെത്ര മനുഷ്യര്‍ .കാണുന്നതും കേള്‍ക്കുന്നതും തീവര്‍ണ്ണങ്ങളും തീ നാദങ്ങളും. ചുടലക്കാട്ടില്‍ ചടുലതാളത്തില്‍ കടുന്തുടിനാദത്തില്‍ ഉയരുന്ന ശിവ നടനമാണീ ജീവിതം. സകലതിനേയും ചുട്ടെരിക്കാനുള്ള കഴിവ് ആ ഫാലനേത്രങ്ങള്‍ക്കുണ്ടെന്ന സത്യത്തെ ക്ഷണിക ജീവിതത്തിനുടമയായ മനുഷ്യന്‍ മറക്കുന്നു. അധ്വാനഭരിതമായ യാത്ര കഴിഞ്ഞെത്തുമ്പോള്‍ ദൂരെ കഴുകാനിട്ട മുഷിഞ്ഞ തുണികളുടെ ഗന്ധത്തിലാണ് ശിവ സത്യങ്ങളുടെ സൗന്ദര്യം കവി കണ്ടെത്തുന്നത്. പുലിത്തോലണിഞ്ഞ് ഭസ്മാംഗരാഗനും ജടാധാരിയുമായി പ്രപഞ്ചതാളത്തിന്റെ ഡമരുകമുതിര്‍ക്കുന്ന ശിവന്‍ അനാര്‍ഭാടത്തിന്റേയും ശക്തമായ നിലപാടിന്റേയും പ്രതീകമാണ്. അശരണര്‍ക്ക് വേണ്ടി നിലകൊണ്ട് സമൂഹത്തില്‍ പരക്കുന്ന കാളകൂടത്തെ സ്വയം ഏറ്റെടുത്ത് നീലകണ്ഠനാവുന്നവന്‍. അത് കൊണ്ട് തന്നെ ആ സത്യം മറയില്ലാതെ തെളിയുന്നത് പാവപ്പെട്ടവരുടെ ജീവിതങ്ങളിലായിരിക്കും. കരടുകളില്ലാത്ത സത്യത്തിന്റെ ആത്മജ്ഞാനത്തിന്റെ തിളക്കമാണീ വരികള്‍ക്ക് . അവ കനലു പോലെ ചുട്ടു നീറുന്നതുമാണ്. ജീവിതത്തിന്റെ അജ്ഞാതമായ ഉറവിടങ്ങളിലേക്കാണ് കവിയുടെ അന്വേഷണം നീളുന്നത്. ശിവന്‍ കാല സങ്കല്‍പ്പം കൂടിയാകുന്നു.
സംസ്‌ക്കാരങ്ങള്‍ അടിമണ്ണിലേക്ക് പുതഞ്ഞു പോയിരിക്കുന്നു. അതിന്റെ മുകളില്‍ നിന്നാണ് ഇന്ന് വംശീയ ഗീതങ്ങളുടെ ആഘോഷം സമൂഹം നടത്തുന്നത്. തീക്ഷ്ണമായ സമരമുറകളെല്ലാം ഇന്ന് നിരര്‍ത്ഥകമായിരിക്കുന്നു. ജീവിത മൂല്യങ്ങളുടെ നീതിബോധങ്ങളുടെ പ്രതിഫലനങ്ങളുള്ള ആ പഴയ കണ്ണാടി പൊടി മണ്ണിന്റെ കൂമ്പാരത്തില്‍ നിന്നാണ് കണ്ടെടുക്കുന്നതെന്ന് വ്യഞ്ജിപ്പിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്ന മൂല്യബോധങ്ങളിലേക്കാണ് വരികള്‍ വിരല്‍ ചൂണ്ടുന്നത്. പ്രാചീനതയും പുതുമയും വിധിയുടെ അമ്‌ള രസങ്ങളുമെല്ലാം കൈകോര്‍ത്ത് കവിതയില്‍ നിരക്കുന്നു.
ചിങ്ങം സമത്വത്തിന്റെ ഭാവനയായിരുന്നു. ഇല്ലവും വല്ലവും നിറഞ്ഞു കിടന്ന കാലം. അതൊരു ഊട്ടോപ്പിയന്‍ ചിന്ത മാത്രമാകാം. കാരണം സമത്വം എന്നത് സാക്ഷാല്‍ക്കരിക്കാനാവാത്ത ഒരു സ്വപ്നം മാത്രമാണ്. എല്ലാവരും ഒരേ തലത്തില്‍ ഉള്ള ഒരു കാലം ഇവിടെയുണ്ടായിട്ടില്ല. ദാരിദ്ര്യത്തിന്റേയും വറുതിയുടേയും കനല്‍പ്പാതകളില്‍ നിന്നും കാണം വിറ്റും ഓണം ഉണ്ണണം എന്ന സങ്കല്‍പ്പത്തെ വിഭാവന ചെയ്ത് പ്രയോഗത്തില്‍ വരുത്തിയിരുന്ന കാലമാണ് ചിങ്ങം. ഓണ വെയിലും ഓണത്തുമ്പികളും ഓണപ്പൂക്കളും വിരിയുന്ന ഋതു വസന്തം. അത് വേദനക്കിടയിലും ആഹ്‌ളാദം കണ്ടെത്തുന്ന ഒരു സമയം മാത്രം. അതാണ് ചിങ്ങം എന്നതിന്റെ മൂര്‍ത്തമായ അര്‍ത്ഥം എന്ന് തോന്നുന്നു. ആ ചിങ്ങവും താണു എന്ന് കവി സൂചിപ്പിക്കുന്നതിലൂടെ ‘ അര്‍ത്ഥങ്ങള്‍ ‘ എന്ന കവിതയില്‍ ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങളുടെ ചിലമ്പൊച്ചകള്‍ കേള്‍ക്കാം. നിശ്ശബ്ദതയും ഒരു വസ്ത്രമാണെന്ന് പറയുമ്പോള്‍ മനുഷ്യന്റെ നഗ്‌നത മറയ്ക്കാനുപയോഗിക്കുന്ന വസ്ത്രം പോലെ അതും ചില ശബ്ദങ്ങളെ, ചോദ്യങ്ങളെ മറയ്ക്കാനുള്ള രൂപകമായി നിശ്ശബ്ദത മാറുന്നു. യുഗങ്ങളും മന്വന്തരങ്ങളും കടല്‍ കവര്‍ന്ന ദ്വാപരയുഗവുമെല്ലാം ഒരു തിരയ്ക്കു പിറകെ മറ്റൊരു തിരയായി ശക്തിയായി കവിതയില്‍ വാക്കുകള്‍ക്കതീതമായ അര്‍ത്ഥങ്ങളെ ചമയ്ക്കുന്നത് കാണാം.
ജലധാര പോലെ വിലപിക്കുന്ന ഹൃദയം പിടഞ്ഞു കൊണ്ടിരിക്കുന്നു. ആ വിലാപം സമൂഹത്തിന് വേണ്ടിയാണ്. കലഹങ്ങളും ചൂഷണങ്ങളും കാപട്യവും നിറയുന്ന സമൂഹത്തില്‍ പോരുകള്‍ക്കായുള്ള മുറവിളികള്‍ ഉയരുമ്പോള്‍ ഒരു കവിക്കെങ്ങിനെ വിലപിക്കാതിരിക്കാനാകും? വറച്ചട്ടിയിലെരിയുന്നതിന് തുല്യമായ ജീവിതം. ഇവിടെ വ്യക്തിപരമായ വിലാപമല്ല . ലോകത്തിന്റെ ദു:സ്ഥിതി ഓര്‍ത്താണ് ആ കണ്ണുകള്‍ ജലധാര പോലെ നനഞ്ഞു വേവുന്നത്. ഇവിടെയെല്ലാം ആത്മീയതയുടെ മഴത്താളങ്ങള്‍ മുറുകുന്നു. അത് ചാറ്റലായും ഇടവപ്പാതിയായും തുലാവര്‍ഷമായും കാവ്യനെഞ്ചില്‍ ബഹുസ്വരതയുടെ സങ്കീര്‍ത്തനങ്ങള്‍ക്ക് ശ്രുതിയിടുന്നു.
നാരായണീയത്തിലെ ‘അഗ്രേപശ്യാമി' യെ ഓര്‍മ്മിപ്പിക്കുന്ന വിധം ആ ശ്‌ളോകത്തിന്റെ ആദ്യ വരി ശീര്‍ഷകമാക്കിയ കവിതയിലൂടെ ദുരിതബോധങ്ങളിലൂടെ ഉഴറി വന്ന് ഉജ്ജ്വല പ്രഭയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ രേഖാച്ചിത്രം ഉണരുന്നു .പഴുത്തു കിടന്ന കാലത്തിന്റെ അടുപ്പുകല്ലിലൂടെ സഞ്ചരിച്ചു വന്നവരാണ് ലോകത്തില്‍ മാനവികതയുടെ വിത്തു വിതറിയവര്‍ . ഉലയിലൂതിയെടുത്ത പൊന്നുപോലെ അവര്‍ വേദനക്കനലില്‍ നിന്നും പൂര്‍വ്വാധികം കരുത്താര്‍ജ്ജിച്ച് ലോകത്തിന് മാതൃകകളാകുന്നു. ഏത് വേദനയിലും ഉള്ളില്‍ ചിറക് മടക്കി വെക്കുന്നവര്‍. എത്രയൊക്കെ അവഗണനക്ക് പാത്രമായാലും സ്വന്തം ഹൃദയത്തില്‍ ആത്മഹര്‍ഷത്തിന്റെ സമാധാനത്തിന്റെ പൂന്തോട്ടം വെച്ചുപിടിപ്പിക്കുന്നവരുണ്ട് ഈ ഭൂമിയില്‍ .അവരുടേതായ സമയങ്ങളില്‍ അവര്‍ ആ ചിറകുകള്‍ ഉയര്‍ത്തി പറക്കുന്നു. പറക്കാന്‍ നിസ്സഹായരേയും പ്രാപ്തരാക്കുന്നു. വേദനിച്ച് വേദനിച്ച് വേദന, അതല്ലാതാകുന്നതും ആത്മീയതയാണ്. ഈ ആത്മീയതയുടെ തുടിപ്പുകള്‍ അഗസ്റ്റിന്‍ ജോസഫിന്റെ കണ്ണാടിപ്പുഴയില്‍ നവഭാവുകത്വത്തിന്റെ ചിറക് വിടര്‍ത്തുന്നു. മായ്ച്ചുകളില്ലാത്ത കണ്ണാടി പോലെയും, നീന്തിക്കളിക്കുന്ന പരല്‍ മീനുകളേയും സ്ഫടിക സമാനമായ വെള്ളാരങ്കല്ലുകളേയും വഹിച്ചുകൊണ്ടൊഴുകുന്ന പുഴ പോലെയും അത് നിര്‍മ്മലമാണ്. അതെങ്ങിനെയാണ് ഇത്രയും നൈര്‍മ്മല്യമായതെന്നും അടുത്ത വരിയിലൂടെ ബോധ്യമാകും.
വറച്ചട്ടിയില്‍ നിന്നും എരിതീയിലേക്ക് വീഴുമ്പോള്‍ ബോധമനസ്സ് കൂടുതല്‍ ഉണരുകയാണെന്ന് പരോക്ഷമായി വായിച്ചെടുക്കാം. കടുത്ത ജീവിതാനുഭവങ്ങളിലൂടെ മനസ്സ് കൂടുതല്‍ കൂടുതല്‍ ശുദ്ധീകരിക്കപ്പെടുന്നു. എതിര്‍ വാഴ് വിന്റെ ക്രൂരമായ ദശാസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യന്‍ നന്മയുടെ തീരത്തേക്കടുക്കുന്നു . ആന്തരികമായ വിമലീകരണത്തിലൂടെ. ജീവിത ബോധത്തിന്റെ തിരിച്ചറിവിന്റെ വിടര്‍ച്ചിറകാണവിടെ പ്രത്യക്ഷമാകുന്നത്. രാവും പകലും ചേര്‍ന്ന ജീവിതമാകുന്ന ജപമാലയില്‍ ഉരുവിടുന്ന മന്ത്രാക്ഷരങ്ങളിലൂടെ ദു:ഖസാന്ദ്രതയെ അതിജീവിക്കുമ്പോള്‍ അറിവിന്റെ ചക്രവാളം വികസിയ്ക്കുന്നു. ജീവിതത്തിന്റെ മൗലികഭാവത്തേയും വികാസപരിണാമങ്ങളേയും ദാര്‍ശനിക പശ്ചാത്തലത്തില്‍ കവി അപഗ്രഥിക്കുകയാണ്. വികാരപരതയേക്കാള്‍ ചിന്താപരത കാവ്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ജീവിതത്തിന്റെ അഗാധതലങ്ങള്‍ സ്പര്‍ശിക്കുന്ന ഈ വരികള്‍ ഏറെ ചിന്തിപ്പിക്കാനുതകുന്നു .ദു:ഖത്തില്‍ നിന്നുള്ള മോചനത്തിനായി വേദാന്ത തത്വങ്ങളെ തന്റേതായ ആലയില്‍ വെച്ച് ഉരുക്കിയെടുക്കുന്നുണ്ട്. ശോകാകുലമായ മനസ്സില്‍ തിങ്ങി നില്‍ക്കുന്ന വികാരങ്ങള്‍ ബഹിര്‍ഗമിച്ചു കഴിഞ്ഞാല്‍ കവി മനസ്സിലും ആസ്വാദക മനസ്സിലും ഊറിത്തെളിയുന്ന സ്വസ്ഥത ആത്മീയഭാവം നിറഞ്ഞതാണ്. വികാരപരമായ കവിഹൃദയവുമായി അനുവാചകര്‍ തന്മയീഭവിക്കുന്ന അവസ്ഥയില്‍ ആന്തരികമായ വിശ്രാന്തി യനുഭവപ്പെടുന്നെങ്കില്‍ അത് തന്നെയാണ് കവിതയിലെ ആത്മീയത. ബൈബിളില്‍ നിന്നും സ്വീകൃതമായ ബിംബകല്‍പ്പനകള്‍ ജീവിത ദര്‍ശനവുമായി ഇഴചേര്‍ത്തപ്പോള്‍ ഈ കാവ്യത്തിന്റെ ആത്മീയതലത്തിന് മറ്റൊരു മാനം കൂടി കൈവരുന്നു.
ഏഴ് തലമുറകളുടെ കഥ പറയുന്ന ഈ കാവ്യം കേരളീയ ജീവിതത്തിന്റെ സംസ്‌കാര ചരിത്രത്തിന്റെ രേഖയാണെന്ന് പല മാധ്യമങ്ങളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇത് കേവലതയിലെ അക്ഷരവിന്യാസങ്ങളല്ല ബൌദ്ധിക ചിന്തയില്‍ നിന്നും ഉരുവം കൊണ്ട കവിതകളാണ്. അതു കൊണ്ടുതന്നെയാവാം ഈ കാവ്യത്തെ ഉത്തരാധുനിക മഹാകാവ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസത്തിലെ കഥാപാത്രങ്ങളെപ്പോലെ നിരവധി ചിന്തകളും വിഷയങ്ങളും കഥാപാത്രങ്ങളും കൊണ്ട് ഈ കൃതി മൗലികമാര്‍ന്നിരിക്കുന്നു. ശുഷ്‌ക്ക ബോധത്തെ മാറ്റിമറിച്ച് ചിന്തയുടെ താഴിട്ടുപൂട്ടിയ വാതിലുകളേയും ഈ കവിതാ വായന തുറപ്പിക്കുന്നു.
ഇത്തരം കവിതകള്‍ സാമാന്യ വായനക്കാരുടെ ചിന്താശക്തിക്കും ആസ്വാദനത്തിനും അതീതമായി നിലകൊള്ളുന്നവയാണ്. ജീവിതത്തിന്റെ ഉപരിപ്‌ളവതയിലല്ല ജീവിതാദര്‍ശങ്ങളുടെ ഉള്ളറയിലേക്കാണ് ഈ കാവ്യം വെളിച്ചം വീശുന്നത്. സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യാവസ്ഥയോട് സംവദിച്ച് ഭിന്നതലവര്‍ത്തിയായ മനുഷ്യമനസ്സിന്റെ സൂക്ഷ്മ ഭാവങ്ങളിലേക്ക് അത് കടന്നു ചെല്ലുന്നു. ‘ പീഡനങ്ങളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നവര്‍ ഔന്നത്യത്തിലെത്തുന്നു' അതാണ് ജീവിതം എന്ന സന്ദേശം ഈ രചന നല്‍കുന്നുണ്ട്. വീണും മുറിഞ്ഞും കരഞ്ഞും നേരിട്ടും എഴുന്നേറ്റ് തുടരുന്ന ജീവിതം – അത് തന്നെയല്ലെ യഥാര്‍ത്ഥ ആത്മീയത.
◾
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.