എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ; പി.പി. ദിവ്യയ്ക്കും ടി.വി. പ്രശാന്തനുമെതിരെ നവീന്‍റെ സഹോദരന്‍ പോലീസിൽ പരാതി നല്‍കി
കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ സ്വദേശമായ പത്തനംതിട്ടയില്‍ നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം പത്തനംതിട്ടയില്‍ എത്തിക്കും. ഇന്ന് മൃതദേഹം പത്തനംതിട്ടയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ പൊതുദര്‍ശനം. ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടത്തും.
സഹോദരന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ വ്യക്തിക്കും എതിരെ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ യാത്രയയപ്പ് വേളയിൽ പി.പി. ദിവ്യ യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ നൽകിയില്ലെന്നും പിന്നീട് അനുമതി നൽകിയതിൽ അവിഹിത സ്വാധീനമുണ്ടെന്ന് ബോധ്യമുണ്ടെന്നും പറഞ്ഞ് പരസ്യമായി അപമാനിച്ചു. പ്രവീണ്‍ ബാബു പറഞ്ഞു.
‘കുടുംബത്തിന് നീതി ലഭിക്കണം. ഇതുവരെയും സഹോദരനെതിരെ ഒരു ആരോപണവും വന്നിട്ടില്ല. രണ്ടുദിവസം മുമ്പ് സഹോദരന്‍ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷമായിരിക്കും സഹോദരന് മനോവിഷമം ഉണ്ടായത്', പ്രവീണ്‍ ബാബു പറഞ്ഞു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി വി പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകൾ. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്.
പത്തനംതിട്ട എഡിഎമ്മായി ചുമതലയേൽക്കാൻ തിങ്കാളാഴ്ച രാത്രി ഒമ്പത് മണിയുടെ ട്രെയിനിൽ നാട്ടിലേക്ക് പോകുമെന്ന് നവീൻ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കണ്ടില്ല. തുടർന്ന് കണ്ണൂരിലെ ഡ്രൈവറെയും കളക്ടറെയും വിവരമറിയിച്ചു. ഡ്രൈവറും ഗൺമാനും ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
TAGS :
SUMMARY :
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.