47 പന്തിൽ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പൻ ജയം
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു.
A hundred off just 47 balls 💯
Sanju Samson becomes the first Indian batter to make back-to-back T20I tons 🌟#SAvIND 📝: https://t.co/jWrbpilVUL pic.twitter.com/PIXnG2brq8
— ICC (@ICC) November 8, 2024
സഞ്ജുവിന്‍റെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ആതിഥേയർ 17.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി; ഇന്ത്യക്ക് 61 റൺസ് ജയം. ഇക്കുറി സഞ്ജു സെഞ്ച്വറി തികച്ചത് 47 പന്തിൽ. ഏഴു ഫോറും പത്ത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന സൂപ്പർ ഇന്നിങ്സ്. 28 പന്തിൽ അർധ സെഞ്ചുറി തികച്ച മലയാളി താരത്തിന് അടുത്ത അമ്പത് പിന്നിടാൻ 19 പന്ത് മാത്രമാണ് വേണ്ടിവന്നത്. ആകെ 50 പന്തിൽ 107 റൺസെടുത്താണ് പുറത്തായത്.
കാണികളും കമന്‍റേറ്റർമാരും വരെ സിക്സർ എന്നുറപ്പിച്ച ഷോട്ടിൽ, ട്രിസ്റ്റൻ സ്റ്റബ്സ് എടുത്ത ഒരു അസാമാന്യ ക്യാച്ചാണ് സഞ്ജുവിന്‍റെ ഇന്നിങ്സിനു വിരാമമിട്ടത്. ഇന്ത്യയുടെ നാലാം വിക്കറ്റായി സഞ്ജു മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 175 റൺസ് എത്തിയിരുന്നു. എന്നാൽ, അതിനു ശേഷം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് വരെയാണ് എത്താനായത്.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. അഭിഷേക് യാദവിനെ (7) മൂന്നാം ഓവറിൽ നഷ്ടമായ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (17 പന്തിൽ 21) കൂട്ടുപിടിച്ച് ടീം സ്കോർ 90 വരെയെത്തിച്ചു സഞ്ജു. തുടർന്നെത്തിയ തിലക് വർമ തകർത്തടിച്ചെങ്കിലും 18 പന്തിൽ 33 റൺസെടുത്ത് പുറത്തായി.
സഞ്ജു മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യക്കും (2) റിങ്കു സിങ്ങിനും (11) അക്ഷർ പട്ടേലിനും (7) കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ, പ്രതീക്ഷിച്ചതിലും 20-25 റൺസ് പിന്നിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാകുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സി 37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കബയോംസി പീറ്റർ, പാട്രിക് ക്രുഗർ എന്നിവർക്ക് ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ക്യാപ്റ്റൻ മാർക്രമിന്‍റെ (8) ക്യാച്ച് സഞ്ജുവിന്‍റെ ഗ്ലൗസിൽ തന്നെയെത്തി. ഹെൻറിച്ച് ക്ലാസനും (25) ഡേവിഡ് മില്ലറും (18) പൊരുതാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.
ഇന്ത്യയുടെ ലെഗ് സ്പിൻ ആക്രമണത്തിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വരുൺ ചക്രവർത്തി 25 റൺസിനും രവി ബിഷ്ണോയ് 28 റൺസിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റ് കിട്ടി.
TAGS : SANJU SAMSON | CRICKET
SUMMARY : 47-ball smashing century: Sanju with a historic achievement, India win by 61 runs against South Africa
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.