തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയ സിനിമയാണ് ‘പലസ്തീൻ 36’.
ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരായ പലസ്തീൻ പ്രക്ഷോഭത്തെ ചിത്രീകരിക്കുന്ന ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരായ പലസ്തീൻ കലാപം ആരംഭിച്ച വർഷത്തിന്റെ സൂചകമായാണ് ചിത്രത്തിന് ഈ പേര് നൽകിയിരിക്കുന്നത്. 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമായ ഈ സിനിമയിൽ, ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘർഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് പ്രധാന പ്രമേയം.
ആഗോള തലത്തിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത നിരവധി ചിത്രങ്ങൾ ഇത്തവണ ചലച്ചിത്ര മേളയിലെത്തുന്നുണ്ട്. ഡിസംബര്‍ 12 മുതൽ 19 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്.
SUMMARY: 30th IFFK: Opening film ‘Palestine 36’














