പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായ വി.പി. മുഹമ്മദലി എന്ന ആലുങ്ങൽ മുഹമ്മദലിയെ കോതകുറിശ്ശിയിൽനിന്നാണ് കണ്ടെത്തിയത്.
ഇവിടെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടി സമീപത്തെ പള്ളിയിൽ കയറുകയായിരുന്നു. ഈ സമയം പള്ളിയിലുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതന്നാണ് വിവരം. ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കോട്ടിരി പാലത്തിന് സമീപമായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി. ഇദ്ദേഹത്തിന്റെ വാഹനം പിന്തുടർന്ന് ഇന്നോവ കാറിൽ എത്തിയ സംഘം കാർ തടഞ്ഞുനിർത്തി. തുടർന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറിൽനിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ സി. സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.
SUMMARY: Abducted expatriate businessman found














